Road
ബ്രിട്ടനില്‍ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച രാത്രി താപനില ഈ വിന്ററിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തുമെന്നാണ് മുന്നറിയിപ്പ് പറയുന്നത്. വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നു. മഞ്ഞു നിറഞ്ഞ മോട്ടോര്‍വേകളില്‍ നൂറുകണക്കിന് കാറുകള്‍ യാത്രക്കാര്‍ ഉപേക്ഷിച്ചു. വിമാനത്താവളങ്ങളും അടച്ചിട്ടു. സ്‌കോട്ടിഷ് ഹൈലാന്‍ഡിലെ ബ്രെയ്മറില്‍ മൈനസ് 15 ഡിഗ്രിയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. അതേസമയം, ശനിയാഴ്ച രാത്രി സ്‌കോട്ട്‌ലന്‍ഡിലെ താപനില മൈനസ് 16 ഡിഗ്രി വരെ താഴ്‌ന്നേക്കാമെന്നാണ് നിഗമനം. ഇംഗ്ലണ്ടിന്റെ പല പ്രദേശങ്ങളിലും മൈനസ് താപനില രണ്ടക്കം കടക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധന്‍ അലക്‌സ് ബേര്‍ക്കില്‍ പറഞ്ഞു. നോര്‍ത്തിലും വെസ്റ്റിലും ഈസ്റ്റിലും മഞ്ഞുമഴയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ശനിയാഴ്ച തണുപ്പേറിയ ദിവസമായിരിക്കും. സൗത്തില്‍ തണുത്ത കാറ്റിന് സാധ്യതയുണ്ട്. എങ്കിലും മിക്കയിടങ്ങളിലും വരണ്ടതും തെളിഞ്ഞതുമായ കാലാവസ്ഥയായിരിക്കും. വ്യാഴാഴ്ചയ്ക്ക് സമാനമായിരിക്കും ശനിയാഴ്ച രാത്രിയെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. എന്നാല്‍ താപനില കൂടുതല്‍ താഴുകയും ചെയ്യും. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ച മുതല്‍ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ മിക്ക പ്രദേശങ്ങളും, ഇംഗ്ലണ്ടിന്റെ കിഴക്കന്‍ തീരം, തെക്കന്‍ പ്രദേശങ്ങള്‍, വെയില്‍സിന്റെ പടിഞ്ഞാറന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ വാണിംഗ് ബാധകമാകും. വെള്ളിയാഴ്ച 14 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയാണ് സൗത്ത് വെസ്റ്റില്‍ രേഖപ്പെടുത്തിയത്. മഞ്ഞുവീണ റോഡുകളില്‍ ഗതാഗതം നിലച്ചതോടെ കാറുകള്‍ ഉപേക്ഷിച്ച് യാത്രക്കാര്‍ മറ്റിടങ്ങളില്‍ അഭയം തേടി. ഏഴു വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഫെബ്രുവരി താപനിലയായിരുന്നു കഴിഞ്ഞ ദിവസത്തേത്. സ്‌കൂളുകള്‍ പലതും ഇതേത്തുടര്‍ന്ന് അടച്ചിട്ടു. ബ്രിസ്റ്റോളിലെ പകുതിയോളം സ്‌കൂളുകളും ബക്കിംഗ്ഹാംഷയറില്‍ 300 ഓളം സ്‌കൂളുകളും കോണ്‍വാളില്‍ 150ലേറെ സ്‌കൂളുകളും അടച്ചിട്ടുവെന്നാണ് വിവരം.
ഡെയ്ഡ്രീ ചുഴലിക്കാറ്റ് യുകെയില്‍ മൈനസ് താപനില കൊണ്ടു വരുന്നു. താപനില പൂജ്യത്തിനു താഴേക്ക് നീങ്ങുകയും കനത്ത മഴയും ഇതിന്റെ ഭാഗമായി ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. വിന്റര്‍ അതിന്റെ രൗദ്രഭാവത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ഈയവസരങ്ങളിലാണ് റോഡ് സുരക്ഷയെക്കുറിച്ച് നാം കൂടുതല്‍ ചിന്തിക്കേണ്ടത്. അപകടങ്ങളും ബ്രേക്ക്ഡൗണുകളും ഒഴിവാക്കാനും വാഹനങ്ങളുടെ പരിപാലനത്തില്‍ ചില മുന്നറിയിപ്പുകള്‍ എടുക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. റേഡിയേറ്ററുകള്‍ ഫ്രീസാകാനും ബ്ലാക്ക് ഐസ് മൂലം വാഹനങ്ങള്‍ സ്‌കിഡ് ചെയ്യാനും സൂര്യപ്രകാശം ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ട്. വിന്ററില്‍ ഡ്രൈവര്‍മാര്‍ക്ക് പിന്തുടരാന്‍ ഇതാ ചില ടിപ്പുകള്‍. മഞ്ഞില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉണങ്ങിയതും യോജിക്കുന്നതുമായ ഷൂസ് ധരിക്കുക. നനഞ്ഞതും കാലിനിണങ്ങാത്തതുമായ ഷൂസ് പെഡലുകളില്‍ തെന്നാന്‍ സാധ്യതയുണ്ട്. സെക്കന്‍ഡ് ഗിയറില്‍ വാഹനം ഓടിക്കുക. വീല്‍ സ്പിന്‍ ഒഴിവാക്കാന്‍ ക്ലച്ച് സാവധാനം റിലീസ് ചെയ്യുക. കയറ്റം കയറുമ്പോള്‍ ഇടക്കു നിര്‍ത്തരുത്. തൊട്ടു മുന്നിലുള്ള കാറില്‍ നിന്ന് ആവശ്യമായ അകലം പാലിക്കുക. ഒരേ സ്പീഡില്‍ വാഹനമോടിക്കുക. അതിനായി ഒരു ഗിയറില്‍ മാത്രം ഓടിക്കുക. കയറ്റത്തില്‍ ഗിയര്‍ മാറാനുള്ള സാഹചര്യം ഒഴിവാക്കുക. ഇറക്കമിറങ്ങുമ്പോള്‍ വേഗത കുറയ്ക്കുക. ലോ ഗിയറില്‍ ബ്രേക്ക് ഉപയോഗിക്കാതെ വേണം ഡ്രൈവ് ചെയ്യാന്‍. മുന്നിലുള്ള വാഹനത്തില്‍ നിന്ന് അകലം പാലിക്കുകയും വേണം. ബ്രേക്ക് ചെയ്യേണ്ടി വരികയാണെങ്കില്‍ സാവധാനം മാത്രം ഉപയോഗിക്കുക. മഞ്ഞില്‍ കുടുങ്ങിയാല്‍ സ്റ്റിയറിംഗ് നേരെയാക്കി വീലില്‍ മഞ്ഞുകുടുങ്ങാതെ നോക്കുക. ഡ്രൈവിംഗ് വീലില്‍ ഗ്രിപ്പ് കൂടുതല്‍ കിട്ടുന്നതിന് ഒരു ചാക്കോ പഴയ തുണിയോ ചുറ്റുക. നീങ്ങിത്തുടങ്ങിയാല്‍ ഉറപ്പുള്ള റോഡ് കിട്ടുന്നതുവരെ നിര്‍ത്തരുത്. വാഹനം സ്പീഡി കുറച്ചു മാത്രം ഓടിക്കുക. ബ്ലാക്ക് ഐസ് വളരെ അപകടകാരിയാണ്. അതിനാല്‍ മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം. 4 ഡിഗ്രിയില്‍ പോലും റോഡില്‍ ഐസ് രൂപംകൊള്ളാം. അതുകൊണ്ടുതന്നെ മഞ്ഞോ മഴയോ ഇല്ലെങ്കില്‍ പോലും ബ്ലാക്ക് ഐസ് ഉണ്ടായേക്കാം. ബ്ലാക്ക് ഐസില്‍ സ്‌കിഡ് ആയാല്‍ തെന്നിയ അതേ ദിശയിലേക്ക് തന്നെ പോകുക. ബ്രേക്ക് ചെയ്യാനോ ആക്‌സിലറേറ്റ് ചെയ്യാനോ ശ്രമിക്കരുത്. ബ്രേക്ക് ചെയ്യുന്നതിനു പകരം ഗിയര്‍ മാറ്റിയാല്‍ മതിയാകും. കാര്‍ തയ്യാറാക്കിയെടുക്കാന്‍ ഒരു 10 മിനിറ്റ് മുമ്പ് ഇറങ്ങുക. വിന്‍ഡ്‌സ്‌ക്രീന്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയിരിക്കണം. വിന്‍ഡോകളും ഡീഐസറോ സ്‌ക്രാപ്പറോ ഉപയോഗിച്ച് വൃത്തിയാക്കണം. ലോക്ക് ഫ്രീസായാല്‍ ഒരു സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് താക്കോല്‍ ചൂടാക്കി ഉപയോഗിക്കാം. മഞ്ഞ് മാറ്റി ഗതാഗതയോഗ്യമായ റോഡുകള്‍ മാത്രം തെരഞ്ഞെടുക്കുക. സുരക്ഷയ്ക്ക് മുന്‍ഗണന കൊടുക്കുക. യാത്രകള്‍ക്ക് കൂടുതല്‍ സമയം നല്‍കുക. നിങ്ങളുടെ വാഹനമോ മറ്റു വാഹനങ്ങളോ അപകടത്തില്‍ പെട്ടാല്‍ റോഡില്‍ മണിക്കൂറുകളോളം പെട്ടുപോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ടോര്‍ച്ച്, സ്‌നോ ഷവല്‍, ഗ്ലൗസുകള്‍, തണുപ്പില്‍ നിന്ന് രക്ഷിക്കുന്ന വസ്ത്രങ്ങള്‍, വെള്ളം, സ്‌നാക്‌സ്, ടോര്‍ച്ചിനും മൊബൈലിനും എക്‌സ്ട്രാ ബാറ്ററി തുടങ്ങിയവ കാറില്‍ കരുതുന്നതും നല്ലതാണ്. കുറഞ്ഞത് മൂന്ന് മില്ലീമീറ്റര്‍ ട്രെഡ് എങ്കിലും ടയറുകള്‍ക്ക് അത്യാവശ്യമാണ്. കൂടുതല്‍ ഗ്രിപ്പിനായി എയര്‍ പ്രഷര്‍ കുറയ്ക്കരുത്. ഇത് വാഹനത്തിന്റെ സ്റ്റെബിലിറ്റി കുറയ്ക്കും. വിന്ററിന് യോജിച്ച ടയറുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
ഡ്രൈവിംഗിനിടയില്‍ ഡ്രൈവര്‍മാര്‍ നിയമലംഘനങ്ങള്‍ നടത്തുന്നത് പിടികൂടാന്‍ പോലീസ് പ്രത്യേക ക്യാമറ ഉപയോഗിക്കുന്നു. അതിശക്തമായ ഈ ക്യാമറ ഉപയോഗിച്ച് ഒരു മൈല്‍ ദൂരെ നിന്നു തന്നെ കാറിനുള്ളില്‍ ഉള്ളവരുടെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കും. ലോംഗ് റേഞ്ചര്‍ എന്നാണ് ക്യാമറയുടെ വിളിപ്പേര്. ഓപ്പറേഷന്‍ ഇന്‍ഡെംനിസ് എന്ന പൈലറ്റ് പ്രോജക്ട് അവതരിപ്പിക്കുന്നതിനോടനുബന്ധിച്ച് ഈ ക്യാമറ പ്രദര്‍ശിപ്പിച്ചു. ഗ്ലോസ്റ്റര്‍ പോലീസ് ഇപ്പോള്‍ ഈ ക്യാമറ ഉപയോഗിച്ചു വരുന്നുണ്ട്. അമിത വേഗത, ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായാണ് പ്രധാനമായും ഉപയോഗിക്കുന്നത്. അമിതവേഗത പിടികൂടാന്‍ സ്പീഡ് ഗണ്ണുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ ക്യാമറ കാറിനുള്ളില്‍ ഉള്ളവരുടെ വ്യക്തമായ വീഡിയോ ഫുട്ടേജുകളും നിശ്ചല ചിത്രങ്ങളും നല്‍കുന്നു എന്നതാണ് പ്രധാന പ്രത്യേകത. സാധാരണ ക്യാമറകള്‍ നല്‍കുന്നതിനേക്കാള്‍ വ്യക്തമായ ചിത്രങ്ങള്‍ ഇരട്ടി ദൂരത്തു നിന്ന് എടുക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ഗ്ലോസ്റ്റര്‍ഷയര്‍ പോലീസ് ആന്‍ഡ് ക്രൈം കമ്മീഷണര്‍ മാര്‍ട്ടിന്‍ സേള്‍ പറഞ്ഞു. ഗ്ലോസ്റ്റര്‍ഷയറിനെയും വില്‍റ്റ്ഷയറിനെയും ബന്ധിപ്പിക്കുന്ന എ417, എ419 പാതകളിലും എം4, എം5 പാതകളിലും നിരീക്ഷണത്തിനാണ് പദ്ധതി. പീക്ക് ടൈമില്‍ 35,000 വാഹനങ്ങള്‍ കടന്നു പോകുന്ന ഈ പ്രദേശം ഒരു അപകട മേഖലയായി മാറിയിരിക്കുകയാണ്. ലോംഗ് റേഞ്ചര്‍ ക്യാമറയും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നീഷന്‍ (ANPR) സംവിധാനവും ഉപയോഗിച്ച് വാഹനങ്ങള്‍ ഈ പ്രദേശത്ത് നിരീക്ഷിക്കാനാണ് ഉദ്ദേശ്യം. അപകടങ്ങള്‍ ഒഴിവാക്കാനും സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ചും ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ പദ്ധതിയെന്നും അധികൃതര്‍ വിശദീകരിക്കുന്നു. ചില ഡ്രൈവര്‍മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി വിട്ടയക്കും. എന്നാല്‍ നിയമലംഘനം നടത്തിയ ഡ്രൈവര്‍മാരെ പ്രോസിക്യൂട്ട് ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗ്രാനീസ് പമ്പ് എന്ന പേരില്‍ അറിയപ്പെടുന്ന എ417ലെ ലേ ബൈയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചത്. പരീക്ഷണം വിജയകരമായാല്‍ രാജ്യത്തെ മറ്റു റോഡുകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് നീക്കം.
ലണ്ടന്‍: ബ്രിട്ടനില്‍ കടുത്ത എംഒടി നിയമങ്ങള്‍ പ്രാബല്യത്തിലേക്ക്. നിലവിലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തന്നെ വാഹനം ടെസ്റ്റിന് വിധേയമാക്കണമെന്നാണ് പുതുക്കിയ നിയമം അനുശാസിക്കുന്നത്. ടെസ്റ്റില്‍ പരാജയപ്പെട്ടതിനു ശേഷം വാഹനം റോഡിലിറക്കിയാല്‍ ഡ്രൈവര്‍മാര്‍ കനത്ത തുക പിഴയായി നല്‍കേണ്ടി വരും. ലൈസന്‍സില്‍ പോയിന്റുകള്‍ വരിക, ഡ്രൈവിംഗില്‍ നിന്ന് വിലക്കപ്പെടുക തുടങ്ങിയ പ്രശ്‌നങ്ങളെയും നേരിടേണ്ടി വരും. ഡേഞ്ചറസ്, മേജര്‍, മൈനര്‍ എന്നിങ്ങനെ മൂന്ന് തട്ടുകളായി വാഹനങ്ങളെ പുതിയ എംഒടി ടെസ്റ്റ് തരംതിരിക്കുന്നു. അയോഗ്യത കല്‍പ്പിക്കപ്പെടുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു നാഷണല്‍ ഡേറ്റാബേസില്‍ ഉള്‍പ്പെടുത്തുമെന്നതിനാല്‍ പിടിക്കപ്പെടാനും എളുപ്പമാണ്. മെയ് 20 മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തിലാകും. ഡീസല്‍ വാഹനങ്ങളായിരിക്കും ഈ ടെസ്റ്റിന് ഏറ്റവും കൂടുതല്‍ ഇരകളാക്കപ്പെടുക. കടുത്ത എമിഷന്‍ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നതിനാല്‍ പഴയ ഡീസല്‍ വാഹനങ്ങളില്‍ പലതും ഇനി റോഡ് കാണില്ല. പുതിയ തകരാര്‍ നിര്‍ണ്ണയത്തില്‍ പരിശോധകര്‍ക്ക് ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആര്‍എസി വക്താവ് സൈമണ്‍ വില്യംസ് പറഞ്ഞു. വിവിധ ഗരാഷുകള്‍ പല തരത്തിലായിരിക്കും ഇവയെ മനസിലാക്കുക. അതുകൊണ്ടുതന്നെ ടെസ്റ്റില്‍ പല സ്റ്റാന്‍ഡാര്‍ഡുകള്‍ ഉണ്ടായേക്കും. ഡേഞ്ചറസ്, മേജര്‍ തകരാറുകള്‍ ഉടമകള്‍ക്കും ആശയക്കുഴപ്പമുണ്ടാക്കും. നിലവിലുള്ള പരിശോധനാ രീതിയനുസരിച്ച് എംഒടി നിലവാരം പുലര്‍ത്താത്ത വാഹനങ്ങള്‍ കൃത്യമായി റിപ്പയര്‍ ചെയ്ത് റോഡില്‍ ഇറക്കാവുന്നതാണ്. പുതുക്കിയ നിയമമനുസരിച്ച് ഡേഞ്ചറസ് അല്ലെങ്കില്‍ മേജര്‍ തകരാറുകള്‍ കണ്ടെത്തിയ ഒരു വാഹനം സ്വാഭാവികമായും അയോഗ്യമാക്കപ്പെടും. ഡീസല്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ കടുത്ത നിയമങ്ങളാണ് നിലവില്‍ വരുന്നത്. എക്‌സ്‌ഹോസ്റ്റില്‍ നിന്ന് കൂടുതല്‍ പുക വരുന്നത് പോലും ഇവയുടെ അയോഗ്യതക്ക് മതിയായ കാരണമാണ്. 2016ല്‍ 204 മില്യന്‍ വാഹനങ്ങള്‍ക്ക് ആദ്യ ടെസ്റ്റ് നടത്തിയിട്ടുണ്ട്. 54.85 പൗണ്ടായിരുന്നു ഇതിന് ഉടമകള്‍ക്ക് ചെലവായത്. 85 ശതമാനം വാഹനങ്ങള്‍ ഈ ടെസ്റ്റില്‍ വിജയിച്ചു. 3,60,000 വാഹനങ്ങള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടിട്ടുണ്ട്. ലൈറ്റുകള്‍, ടയറുകള്‍, ബ്രേക്കുകള്‍ എന്നിവയുടെ തകരാറുകള്‍ ടെസ്റ്റില്‍ പരാജയപ്പെടാനുള്ള പ്രധാന കാരണങ്ങളാണ്. പുതിയ ചട്ടങ്ങളില്‍ റിവേഴ്‌സ് ലൈറ്റ്, ഫ്രണ്ട് ഫോഗ് ലൈറ്റ്, ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2009 സെപ്റ്റംബറിനു ശേഷം ഘടിപ്പിച്ച റിവേഴ്‌സ് ലൈറ്റ്, 2018 മാര്‍ച്ചില്‍ ഘടിപ്പിച്ച ഡേ ടൈം റണ്ണിംഗ് ലൈറ്റ്, ഇതേ കാലത്ത് തന്നെ ഘടിപ്പിച്ച ഫോഗ് ലൈറ്റ് മുതലായവ ടെസ്റ്റിന്റെ പരിധിയില്‍ വരും.
RECENT POSTS
Copyright © . All rights reserved