Rupee against Dollar
മുംബൈ: രൂപയുടെ മൂല്യതകര്‍ച്ച തുടരുന്നു. സര്‍വ്വകാല തകര്‍ച്ചയായി ഡോളറിന് 72 രൂപയും പിന്നിട്ടു. വ്യാപാര വേളയില്‍ ഒരു ഘട്ടത്തില്‍ 72.80 എന്ന നില വരെ എത്തിയിരുന്നു. തകര്‍ച്ചയ്ക്ക് പ്രധാന കാരണമായി വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കുന്നത് അസംസ്‌കൃത എണ്ണവില വര്‍ധനവാണ്. ജനുവരി മുതലുള്ള കണക്കുകള്‍ പ്രകാരം 10 ശതമാനത്തിലധികം മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. പ്രവാസി മലയാളികള്‍ക്ക് മൂല്യതകര്‍ച്ച ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം വിഷയത്തില്‍ റിസര്‍വ്വ് ബാങ്ക് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അന്തരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവ് പ്രധാനമായും ബാധിച്ചിരിക്കുന്ന ഇന്ത്യ, ഇന്തോനേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളെയാണ്. രൂപയോടപ്പം, ലീറ, റുപ്പ എന്നിവയുടെ മൂല്യവും കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ തുടര്‍ച്ചയായി മൂല്യതകര്‍ച്ചയാണ് ഇന്ത്യന്‍ കറന്‍സി നേരിടുന്നത്. സര്‍ക്കാര്‍ തലത്തില്‍ തകര്‍ച്ച നേരിടാന്‍ സാമ്പത്തിക നീക്കങ്ങളൊന്നും നടത്തുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. യു.എസ്, ചൈന വ്യാപാര യുദ്ധം ഉയര്‍ത്തുന്ന ആശങ്കകളും തുര്‍ക്കി, അര്‍ജന്റീന എന്നീ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയും അസംസ്‌കൃത എണ്ണയുടെ വില വര്‍ധനവിന് കാരണമായിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില 78 ഡോളര്‍ കടന്നതും ഓഹരി വിപണിയിലെ വിദേശ നിക്ഷേപകര്‍ പിന്‍മാറുന്നതും വിനിമയ നിരക്ക് ഇടിയാന്‍ കാരണമാകുന്നു. അമേരിക്കയുടെ സാമ്പത്തിക നീക്കങ്ങള്‍ ആഗോള നിക്ഷേപകരെ സ്വാധീനിക്കുന്നതായും ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
RECENT POSTS
Copyright © . All rights reserved