student
ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ വിദ്യാര്‍ത്ഥികളുടെ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള തെരേസ മേയുടെ നീക്കം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിക്കില്ലെന്ന് ഗയ് വെര്‍ഹോഫ്സ്റ്റാറ്റ്. യൂറോപ്യന്‍ പാര്‍ലമെന്റിലെ ബ്രെക്‌സിറ്റ് തലവനാണ് അദ്ദേഹം. നിലവില്‍ യുകെ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന അതേ നിരക്കിലാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും യുകെ യൂണിവേഴ്‌സിറ്റികളില്‍ ഫീസ് നല്‍കുന്നത്. ബ്രെക്‌സിറ്റിനു ശേഷം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ഫീസ് ഇവരില്‍ നിന്ന് ഈടാക്കാനാണ് തെരേസ മേയ് പദ്ധതിയിടുന്നത്. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ കത്തെഴുതുമെന്നും വെര്‍ഹോഫ്സ്റ്റാറ്റ് പറഞ്ഞു. ഈ നീക്കം അംഗീകരിക്കില്ല, വിദ്യാര്‍ത്ഥികള്‍ ഒരു കാരണവശാലും ബ്രെക്‌സിറ്റിന്റെ ഇരകളാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലും നിലവിലുള്ള സൗകര്യങ്ങള്‍ ബ്രെക്‌സിറ്റിനു ശേഷവും തുടരണം. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ യൂണിയനും മറ്റു രാജ്യങ്ങളുമായി ഉണ്ടാകാവുന്ന വ്യാപാരക്കരാറുകളില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ വീറ്റോ ലഭിച്ചിട്ടുണ്ട്. അതായത് ഭാവി ചര്‍ച്ചകളില്‍ ട്യൂഷന്‍ ഫീസ് ഒരു വിലപേശല്‍ മാര്‍ഗ്ഗമായി തുടരും. ഇംഗ്ലീഷ് യൂണിവേഴ്‌സിറ്റികളിലെ ഡൊമസ്റ്റിക് ട്യൂഷന്‍ ഫീസ് നിലവില്‍ 9250 പൗണ്ടാണ്. യൂറോപ്യന്‍ വിദ്യാര്‍ത്ഥികളും ഇതേ നിരക്കാണ് നല്‍കുന്നത്. എന്നാല്‍ ഇന്റര്‍നാഷണല്‍ ട്യൂഷന്‍ ഫീസ് ഇതുവരെ ഏകീകരിച്ചിട്ടില്ല. 10,000 പൗണ്ട് മുതല്‍ 38,000 പൗണ്ട് വരെയാണ് കോഴ്‌സുകള്‍ക്ക് അനുസരിച്ച് പ്രതിവര്‍ഷം കോഴ്‌സുകളുടെ സ്വഭാവമനുസരിച്ച് നല്‍കേണ്ടി വരുന്നത്. സ്‌കോട്ടിഷ് യൂണിവേഴ്‌സിറ്റികളില്‍ സ്‌കോട്ടിഷ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസമാണ് നല്‍കുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ പഠിക്കുന്ന യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫീസ് സൗജന്യം ലഭിക്കുന്നുണ്ട്. എന്നാല്‍ ഇവിടെ പഠിക്കുന്ന ഇംഗ്ലീഷ് വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കേണ്ടി വരുന്നുണ്ടെന്നതാണ് വിചിത്രം.
യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ സ്ലീപ്പിംഗ് പോഡില്‍ അല്‍പ സമയം മയങ്ങുകയായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് ഉണര്‍ന്നപ്പോള്‍ ലഭിച്ചത് വിദ്വേഷം നിറഞ്ഞ കുറിപ്പ്. വിദേശിയാണെന്ന് തെറ്റിദ്ധരിച്ച് ആരോ സ്ലീപ്പിംഗ് പോഡില്‍ കുറിപ്പ് നിക്ഷേപിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ സ്വദേശിനിയായ ഷാര്‍ലറ്റ് ബ്രിയന്‍ എന്ന 21കാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്ക് ഈ കുറിപ്പു കണ്ടപ്പോള്‍ ആദ്യമുണ്ടായത് ആശ്ചര്യമായിരുന്നു. 'ആദ്യം നിങ്ങള്‍ ഞങ്ങളുടെ ജോലികള്‍ തട്ടിയെടുത്തു. ഇപ്പോള്‍ ഞങ്ങളുടെ പോഡുകള്‍ പോലും തട്ടിയെടുക്കുകയാണ്. ബ്രെക്‌സിറ്റെന്നാല്‍ ബ്രെക്‌സിറ്റ് എന്നുതന്നെയാണ് അര്‍ത്ഥമെന്നും നിങ്ങള്‍ വീട്ടില്‍പ്പോയി കിടന്നുറങ്ങൂ എന്നുമാണ് പേപ്പര്‍ തുണ്ടില്‍ എഴുതിയ കുറിപ്പിലുണ്ടായിരുന്നത്. യൂണിവേഴ്‌സിറ്റിയില്‍ തനിക്കൊപ്പം ഒട്ടേറെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് പഠിക്കുന്നുണ്ടെന്നും അവര്‍ക്ക് ഈ കുറിപ്പ് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഷാര്‍ലറ്റ് പറഞ്ഞു. ഇത് കണ്ടപ്പോള്‍ തനിക്ക് വലിയ ദേഷ്യമാണ് തോന്നിയത്. അത് മറ്റുള്ളവര്‍ കണ്ടാലും ഇതേ വികാരമായിരിക്കും തോന്നുകയെന്നും ഷാര്‍ലറ്റ് വ്യക്തമാക്കി. ഒരു മന്‍കൂണിയനായ തനിക്കു വേണ്ടിയാണ് ഈ കുറിപ്പ് തയ്യാറാക്കിയതെന്ന് തനിക്ക് തോന്നുന്നില്ല. എന്നാല്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ താന്‍ യൂണിഫോമിലായിരുന്നു. കുറിപ്പില്‍ തൊഴിലുകള്‍ മോഷ്ടിക്കുന്നതായാണ് പറഞ്ഞിരിക്കുന്നതും. ഇത്തരം കുറിപ്പുകള്‍ എഴുതുന്നവര്‍ മാസം 80 പൗണ്ട് ശമ്പളത്തില്‍ ജോലി ചെയ്യാന്‍ തയ്യാറാണെങ്കില്‍ ധൈര്യമായി ചെയ്‌തോളൂ എന്നും ഷാര്‍ലറ്റ് പറയുന്നു. ഒട്ടേറെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റിയിലുണ്ട്. ഈ കുറിപ്പ് മറ്റാര്‍ക്കും ലഭിക്കാതെ എനിക്കു മാത്രമാണ് ലഭിച്ചതെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും ഷാര്‍ലറ്റ് വ്യക്തമാക്കി. ലൈബ്രറി ഉപയോഗിക്കുന്നതിനിടെ ക്ഷീണം തീര്‍ക്കുന്നതിനായി 20 മിനിറ്റ് സമയം വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കുന്നതിനായാണ് സ്ലീപ്പിംഗ് പോഡ് സ്ഥാപിച്ചിരിക്കുന്നത്.
ഷോട്ട് ഗണ്ണും 200 തിരകളുമായി സ്‌കൂളിലെത്തിയ 15കാരന്റെ മനസുമാറിയതോടെ ഒഴിവായത് വന്‍ ദുരന്തം. 12-ബോര്‍ ഷോട്ട്ഗണ്ണുമായി നനീറ്റണിലെ ഹയം ലെയിന്‍ സ്‌കൂളിലെത്തിയ ശേഷം 999ല്‍ വിളിച്ച് അറിയിച്ച വിദ്യാര്‍ത്ഥിക്ക് സെപ്റ്റംബറില്‍ വാര്‍വിക്ക് ക്രൗണ്‍ കോര്‍ട്ട് ആറ് വര്‍ഷത്തെ തടവ് വിധിച്ചെങ്കിലും കുട്ടിയെ വെറുതെ വിടാന്‍ ലേഡി ജസ്റ്റിസ് ഹാലെറ്റ് ഇപ്പോള്‍ വിധിച്ചിരിക്കുകയാണ്. കുട്ടിക്ക് ശിക്ഷയേക്കാള്‍ പരിചരണവും ശ്രദ്ധയുമാണ് വേണ്ടതെന്ന് ജഡ്ജ് പറഞ്ഞു. മാതൃകാ പുത്രന്‍ എന്നാണ് ലണ്ടനിലെ അപ്പീല്‍ കോര്‍ട്ട് ജഡ്ജിയായ ഇവര്‍ പേര് വെളിപ്പെടുത്താത്ത പതിനഞ്ചുകാരനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ജൂണിലായിരുന്നു സംഭവമുണ്ടായത്. വസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ ഷോട്ട്ഗണ്‍ സ്‌കൂളില്‍ എത്തിച്ചത്. സ്‌കൂള്‍ കെട്ടിടത്തില്‍ ആരുമില്ലാത്ത സ്ഥലം കണ്ടെത്തി തോക്ക് ലോഡ് ചെയ്യാന്‍ കുട്ടി ശ്രമിച്ചു. പെട്ടെന്ന് തന്നെ താന്‍ ചെയ്യാനുദ്ദേശിച്ച കാര്യത്തെക്കുറിച്ച് ബോധവാനായ കുട്ടി തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 999ലേക്ക് വിളിക്കുകയും സ്‌കൂളിലെത്തിയ തന്റെ കയ്യില്‍ ഷോട്ട്ഗണ്ണും തിരകളുമുണ്ടെന്ന് വെളിപ്പെടുത്തുകയുമായിരുന്നു. എന്തിനാണ് ഇപ്രകാരം ചെയ്തതെന്ന് തനിക്ക് അറിയില്ലെന്നും രാവിലെ അകാരണമായി ദേഷ്യം തോന്നിയതിനാല്‍ ആര്‍ക്കെങ്കിലും നേരെ ഉപയോഗിക്കാനാണ് തോക്കെടുത്തതെന്നുമാണ് 999 ഓപ്പറേറ്ററോട് ഇയാള്‍ പറഞ്ഞത്. കൊല ചെയ്യാനുള്ള ഉദ്ദേശ്യത്തോടെയാണ് തോക്ക് കൊണ്ടുവന്നതെന്നും തിരകളും ഒരു കത്തിയും തന്റെ കയ്യില്‍ ഉണ്ടെന്നും അവന്‍ വെളിപ്പെടുത്തി. ഒരു നിമിഷത്തേക്ക് ചിന്തിച്ചിരുന്നില്ലെങ്കില്‍ ഹീനമായ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കാമായിരുന്ന സംഭവം ഉണ്ടാകുമായിരുന്നു എന്നാണ് കഴിഞ്ഞ വര്‍ഷം തടവുശിക്ഷ വിധിച്ചുകൊണ്ട് ജ്ഡജ് ആന്‍ഡ്രൂ ലോക്ക്ഹാര്‍ട്ട് ക്യുസി പറഞ്ഞത്. എന്നാല്‍ തോക്ക് ഉപയോഗിക്കാന്‍ വളരെ ചുരുങ്ങിയ നേരത്തേക്കുള്ള ചിന്ത മാത്രമേ ഇയാള്‍ക്കുണ്ടായിരുന്നുള്ളുവെന്ന് ജഡ്ജ് ഹാലെറ്റ് കണ്ടെത്തി. പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് തിരിച്ചു വന്നുവെന്നും അവര്‍ പറഞ്ഞു. കുട്ടി കടുത്ത വിഷാദരോഗത്തിനും സോഷ്യല്‍ ആന്‍ക്‌സൈറ്റിക്കും അടിമയായിരുന്നുവെന്നും ജഡ്ജ് ഹാലെറ്റ് പറഞ്ഞു. പ്രത്യേകതരം ഓട്ടിസം കുട്ടിക്കുണ്ടായിരുന്നുവെന്നും മുമ്പ് പലവിധത്തിലുള്ള ഭീഷണിപ്പെടുത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയനായിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കുട്ടിയെ ജയിലില്‍ നിന്ന് മോചിതനാക്കിയതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അവന്റെ മേലുണ്ടായിരുന്ന കുറ്റവാളി എന്ന മേല്‍വിലാസം മാറിയതില്‍ സന്തോഷമുണ്ട്. ഇനി അവന് ആവശ്യമായ പരിചരണം നല്‍കാന്‍ സാധിക്കുമെന്ന് മാതാപിതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വകാര്യ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ലൈംഗികാരോപണവുമായി കുട്ടിയുടെ മാതാപിതാക്കള്‍. ദേവാന്‍ഷ് കക്രോറ എന്ന ഒന്നാം ക്ലാസുകാരന്‍ മരിച്ച സംഭവത്തിലാണ് ആരോപണം. ദേവാന്‍ഷ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതായി ദേവാന്‍ഷിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. കുട്ടിയുടെ രഹസ്യഭാഗത്ത് മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ലൈംഗികാരോപണം ഉന്നയിച്ചത്. വാട്ടര്‍ ടാങ്കില്‍ നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് രാംഹീത് മീണ പറഞ്ഞു. വസ്ത്രങ്ങള്‍ കണ്ടെടുക്കാനും സാധിച്ചിട്ടില്ല. ഇത് മരണത്തിന് പിന്നിലെ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മീണ പറഞ്ഞു. കുടുതല്‍ നിയമനടപടികളിലേക്ക് പോകരുതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും മീണ ആവശ്യപ്പെട്ടു. ജനുവരി 30ന് ആണ് ഡല്‍ഹിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ദേവാന്‍ഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സോണാല്‍ സ്വരൂപ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സ്‌കൂള്‍ അധികൃതരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.
RECENT POSTS
Copyright © . All rights reserved