ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്വകാര്യ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ലൈംഗികാരോപണവുമായി കുട്ടിയുടെ മാതാപിതാക്കള്‍. ദേവാന്‍ഷ് കക്രോറ എന്ന ഒന്നാം ക്ലാസുകാരന്‍ മരിച്ച സംഭവത്തിലാണ് ആരോപണം. ദേവാന്‍ഷ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതായി ദേവാന്‍ഷിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. കുട്ടിയുടെ രഹസ്യഭാഗത്ത് മുറിവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ലൈംഗികാരോപണം ഉന്നയിച്ചത്.
വാട്ടര്‍ ടാങ്കില്‍ നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കുമ്പോള്‍ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പിതാവ് രാംഹീത് മീണ പറഞ്ഞു. വസ്ത്രങ്ങള്‍ കണ്ടെടുക്കാനും സാധിച്ചിട്ടില്ല. ഇത് മരണത്തിന് പിന്നിലെ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മീണ പറഞ്ഞു. കുടുതല്‍ നിയമനടപടികളിലേക്ക് പോകരുതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും മീണ ആവശ്യപ്പെട്ടു.

ജനുവരി 30ന് ആണ് ഡല്‍ഹിയിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ദേവാന്‍ഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വസന്ത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സോണാല്‍ സ്വരൂപ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സ്‌കൂള്‍ അധികൃതരുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്നുണ്ട്.