ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വെയിൽസ്‌ : ടാറ്റാ സ്റ്റീലിൽ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടാൻ സാധ്യത. മലയാളികൾ ഉൾപ്പെടയുള്ള ഇന്ത്യക്കാരുടെ ജോലി നഷ്ടമാകുമെന്നും ആശങ്ക. പുനഃക്രമീകരണത്തിന്റെ ഭാഗമായി യുകെയിലെ പല ഭാഗങ്ങളായി പ്രവർത്തിക്കുന്ന കമ്പനികളുടെ തൊഴിൽ വെട്ടിക്കുറയ്ക്കുകയാണെന്ന് ടാറ്റാ സ്റ്റീൽ അറിയിച്ചു. മാനേജ്മെന്റ്, ഓഫീസ് അധിഷ്ഠിത തൊഴിലുകളും നഷ്ടമാകും. ടാറ്റാ സ്റ്റീലിന്റെ യൂറോപ്പ് സിഇഒ ഹെൻറിക് ആദം പറഞ്ഞു, “നമുക്ക് ചുറ്റുമുള്ള ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു, അതനുസരിച്ച് ഞങ്ങളും പൊരുത്തപ്പെടണം.” നെതർലാൻഡിൽ കുറഞ്ഞത് 1600 ജോലി ഇല്ലാതെയാകും. ഒപ്പം വടക്കൻ വെയിൽസിൽ 1000 ജോലിയും ഇല്ലാതാകുമെന്ന് സാമ്പത്തിക മന്ത്രി കെൻ സ്കേറ്റ്സ് അറിയിച്ചു. പൂർണ്ണമായ കണക്കുകൾ 2020 ഫെബ്രുവരിയിൽ മാത്രമേ അറിയാൻ കഴിയൂ എന്നും സ്കേറ്റ്സ് പറഞ്ഞു. ടാറ്റാ സ്റ്റീൽ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇത് ആശങ്കാജനകമായ സമയമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

ടാറ്റാ സ്റ്റീലിന്റെ ഈയൊരു പ്രഖ്യാപനത്തിനെതിരെ കമ്മ്യൂണിറ്റി യൂണിയൻ ജനറൽ സെക്രട്ടറി റോയ് റിഖുസ് മുന്നോട്ട് വന്നു. ക്രൂരമായ രീതിയിലാണ് കമ്പനി ഇത് കൈകാര്യം ചെയ്തതെന്ന് റോയ് കുറ്റപ്പെടുത്തി. ടാറ്റയുടെ നിർദേശങ്ങൾക്ക് വിശ്വാസ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. പോർട്ട് ടാൽബോട്ടിൽ 4,000 തൊഴിലാളികളുണ്ട്. ഏതൊക്കെ ഇടങ്ങളിലെ ജീവനക്കാരുടെ ജോലി നഷ്ടമാകുമെന്ന് കമ്പനി ഇനിയും വ്യക്തമാക്കിയിട്ടില്ല.

യൂറോപ്യൻ ബിസിനസിൽ ഉടനീളം 3,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചു. പോർട്ട് ടാൽബോട്ട് ടാറ്റാ സ്റ്റീൽ തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് വളരെയധികം ദുഃഖകരമാകുമെന്ന് സൗത്ത് വെയിൽസ് വെസ്റ്റിലെ കൺസർവേറ്റീവ് അസംബ്ലി മെമ്പർ സുസി ഡേവിസ് പറഞ്ഞു. ഇന്ത്യയുടെ ഉടമസ്ഥതയിൽ ഉള്ള ടാറ്റയിൽ ലോകമെമ്പാടുമായി 20000ത്തോളം ആളുകൾ ജോലി ചെയ്യുന്നു. കമ്പനികൾ തമ്മിലുള്ള മത്സരവും തൊഴിലവസരങ്ങൾ വെട്ടികുറയ്ക്കുന്നതിന് പ്രധാന കാരണമായി മാറി.