ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ :കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ കൂടുന്നു എന്ന് ചാരിറ്റി എൻഎസ്പിസിസിയുടെ വെളിപ്പെടുത്തൽ. 2018 – 19 വർഷത്തിൽ 4500ൽ അധികം കുട്ടികളാണ് ചൈൽഡ്‌ലൈനിലേക്ക് വിളിച്ചത്. കഴിഞ്ഞ വർഷങ്ങളേക്കാൾ 16%ത്തിന്റെ വർധനവ്. ഇത് ആശങ്ക ഉളവാകുന്ന ഒന്നാണെന്നു അവർ പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ ചെറുക്കാൻ അധ്യാപകർക്ക് മികച്ച പരിശീലനം ആവശ്യമാണെന്നും ചാരിറ്റി പറഞ്ഞു. ഓൺലൈൻ ഗെയിമുകളും സമൂഹമാധ്യമങ്ങളും വഴിയാണ് അത്തരക്കാർ കുട്ടികളെ കണ്ടെത്തുന്നത്.

ചൈൽഡ്‌ലൈന്റെ തലവൻ ഷോൺ ഫ്രിയൽ പറഞ്ഞു ; “ലൈംഗിക അതിക്രമങ്ങളിലെ വർദ്ധനവ് വളരെ പ്രധാന്യം അർഹിക്കുന്നു. ഒരു കുട്ടി, താൻ ചൂഷണത്തിന് ഇരയാകുവാണെന്നത് മനസ്സിലാക്കുന്നതും അത് വെളിപ്പെടുത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.” അധ്യാപകർക്ക് മികച്ച രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസ പരിശീലനം ആവശ്യമാണെന്നും എൻ‌എസ്‌പി‌സി‌സി അഭിപ്രായപ്പെട്ടു.

2020ൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ നിർബന്ധിത ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന ആശയത്തെ ഫ്രിയേൽ സ്വാഗതം ചെയ്തു. അടുത്ത വർഷം സെപ്റ്റംബർ മുതൽ പ്രായത്തിന് അനുയോജ്യമായ രീതിയിൽ ആരോഗ്യകരമായ ബന്ധങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. തന്റെ പന്ത്രണ്ടാം വയസ്സിൽ ഓൺലൈൻ ചാറ്റിങ് വഴി ഒരു പുരുഷൻ തന്നെ ചൂഷണം ചെയ്തു എന്ന് 22 കാരിയായ ലൂസി വെളിപ്പെടുത്തി. മാറുന്ന സാങ്കേതികവിദ്യയ്ക്ക് അനുസൃതമായി സ്കൂളുകൾ മാറേണ്ടതുണ്ടെന്ന് അവൾ സ്കൈ ന്യൂസിനോട് പറഞ്ഞു. 19 വയസ്സിൽ താഴെ ഉള്ളവർക്കായി കഴിഞ്ഞ വർഷം 250, 281 കൗൺസിലിംഗ് ക്ലാസുകൾ നടത്തുകയുണ്ടായി. 1986 മുതൽ ചൈൽഡ്‌ലൈൻ പ്രവർത്തിച്ചു വരുന്നു. മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ പങ്കുവെക്കാൻ ധാരാളം കുട്ടികൾ ചൈൽഡ്‌ലൈനിലേക്ക് വിളിക്കുന്നുണ്ട്.