ദുബായ് പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ കാണാതായെന്നു പരാതി. തട്ടിക്കൊണ്ടുപോയത് സ്വർണക്കള്ളക്കടത്ത് സംഘമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിനു സൂചന. രണ്ടാഴ്ച മുൻപ് വിദേശത്തു നിന്നെത്തിയ അരക്കിണർ പതിയേരിക്കണ്ടി പറമ്പിൽ മുസഫർ അഹമ്മദിനെയാണ് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയത്.

ദുബായ് പൊലീസിൽ താൽക്കാലിക ഉദ്യോഗസ്ഥനായിരുന്നു മുസഫർ അഹമ്മദെന്ന് മാറാട് പൊലീസ് പറഞ്ഞു. മുസഫറിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിൽ സ്വർണക്കള്ളക്കടത്ത് സംഘത്തിനു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത്. ഡിസംബർ രണ്ടാം വാരം നാട്ടിലെത്തി തിരികെ പോയതാണ് മുസഫർ അഹമ്മദ്. വീണ്ടും ഏപ്രിൽ 22ന് നാട്ടിലെത്തി. 24ന് കരിപ്പൂരിൽ എത്തിയെന്നും വീട്ടിലേക്കു വരികയാണെന്നും മുസഫർ ബന്ധുക്കളെ വിളിച്ചു പറഞ്ഞു. തുടർന്ന് ഫോൺ സ്വിച്ചോഫ് ആയി. ഡിസംബറിൽ നാട്ടിലെത്തിയ മുസഫറിന്റെ കൈവശം കള്ളക്കടത്തു സംഘം സ്വർണം കൊടുത്തുവിട്ടതായാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം

എന്നാൽ, നാട്ടിലെത്തിയ മുസഫർ സ്വർണം കൈമാറിയില്ല. വിദേശത്തേക്കു തിരികെപ്പോയ മുസഫർ നാട്ടിലെത്തുന്നതു സംഘം കാത്തിരിക്കുകയായിരുന്നു. ഈ സംഘമാണ് മുസഫറിനെ തട്ടിക്കൊണ്ടുപോയത് എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച സൂചനകൾ.