സ്വന്തം ലേഖകന്‍
ലണ്ടന്‍ : ബ്രിട്ടണില്‍ നാലിടത്ത്‌ ആക്രമണം നടത്താനുള്ള ഐ.എസിന്റെ പദ്ധതി സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്‌. ഐ.എസ്‌ അനുഭാവികളായ രണ്ട്‌ വിദേശ പൈലറ്റുമാര്‍ നടത്തിയ സംഭാഷണത്തില്‍നിന്നാണ്‌ ഏജന്‍സികള്‍ക്ക്‌ നിര്‍ണായക വിവരം ലഭിച്ചത്‌.  പാരീസ്‌ ആക്രമണത്തിന്‌ ഒരാഴ്‌ചയ്‌ക്ക് ശേഷമാണ്‌ സംഭവം.

കഴിഞ്ഞ നവംബറിലാണ്‌ വ്യത്യസ്‌ത വിമാനങ്ങളിലെ കോക്‌പിറ്റിലിരിക്കെ പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ ആശയ വിനിമയം രഹസ്യാന്വേഷണ വിഭാഗം ചോര്‍ത്തിയത്‌.  കോഡ്‌ ഭാഷ ഉപയോഗിച്ച്‌ നടത്തിയ സംഭാഷണത്തില്‍ ലണ്ടന്‍ , ബാത്ത്‌, ബ്രൈറ്റണ്‍ , ഇപ്‌സ്വിച്ച്‌ എന്നിവിടങ്ങളില്‍ ആക്രമണം നടത്തുന്നതിനെ കുറിച്ചാണ്‌ ഇരുവരും പരാമര്‍ശിച്ചതെന്ന്‌ സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തി . സുരക്ഷാ മുന്നറിയിപ്പ്‌ കൈമാറിയതോടെ ആക്രമണ സാധ്യതയുള്ള നാല്‌ നഗരങ്ങളിലെയും സുരക്ഷ വര്‍ധിപ്പിച്ചു . ഓപ്പറേഷന്‍ ടെംപ്ലര്‍ എന്ന്‌ പേരിട്ട സൈനിക നീക്കത്തില്‍ 10,000 സൈനികരും ആയിരക്കണക്കിന്‌ പോലീസുകാരും പങ്കാളികളായി.

കോക്‌പിറ്റിലെ സംവിധാനംവഴിയുള്ള സംഭാഷണം മറ്റ്‌ ഉപകരണങ്ങളേക്കാള്‍ സുരക്ഷിതമായതിനാലാണ്‌ പൈലറ്റുമാര്‍ ഈ വഴി തെരഞ്ഞെടുത്തതെന്ന്‌ രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാണിക്കുന്നു . അപകടമുണ്ടാകുമ്പോള്‍ ഉപയോഗിക്കുന്ന ‘മെയ്‌ഡെ’ എന്ന കോഡ്‌ വിമാനങ്ങള്‍ക്ക്‌ ഏത്‌ മേഖലയിലും പ്രവേശിക്കാനുള്ള അവസരം ലഭ്യമാക്കുമെന്നത്‌ ഉപയോഗപ്പെടുത്താനാണ്‌ പൈലറ്റുമാര്‍ പദ്ധതിയിട്ടിരുന്നത്‌ .  കെമിക്കല്‍ ആയുധങ്ങളോ മറ്റ്‌ സ്‌ഫോടക വസ്‌തുക്കളോ ഇവര്‍ ഒപ്പം കൂട്ടാനും തയ്യാറെടുത്തിരുന്നു .  സംഭാഷണത്തില്‍നിന്നും ഏതോ യൂറോപ്യന്‍ വിമാനത്താവളത്തില്‍നിന്നാണ്‌ വിമാനങ്ങള്‍ പറന്നുയര്‍ന്നതെന്നും കണ്ടെത്തിയിട്ടുണ്ട്‌ .

എന്നാല്‍ പൈലറ്റുമാരുടെ വിശദ വിവരങ്ങളോ, അവര്‍ ഇപ്പോള്‍ എവിടെയാണെന്നോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇരുവരും പിടിയിലായതായാണ്‌ സൂചന.