ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് ശതമാനത്തില്‍

ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് ശതമാനത്തില്‍
February 27 06:01 2018 Print This Article

ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് ശതമാനത്തില്‍. 2017ന്റെ അവസാന മൂന്ന് മാസങ്ങളില്‍ ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കിന്റെ വേഗത ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാമ്പത്തിക വര്‍ഷത്തിലെ നാലമത്തെ കോര്‍ട്ടറില്‍ വളര്‍ച്ചാ നിരക്ക് 0.4 ശതമാനമായിരുന്നെങ്കില്‍ അതിനു മുന്‍പത്തെ നിരക്ക് 0.5ശതമാനയിരുന്നവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ കണക്കുകൂട്ടിയതിലും കുറവാണ് യുകെയില്‍ നടക്കുന്ന ഉത്പാദനം. ഉപഭോക്താക്കള്‍ വിപണിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്നതില്‍ വിമുഖത കാണിക്കുന്നതായും കണക്കുകള്‍ പറയുന്നു. ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റവും പൗണ്ടിന്റെ മൂല്ല്യ തകര്‍ച്ചയുമാണ് ഉപഭോക്താക്കളുടെ പിന്‍മാറ്റത്തിന് കാരണം. 2017ലെ സാമ്പത്തിക വളര്‍ച്ചാക്രമം താഴോട്ട് പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. വളര്‍ച്ചാ ശതമാനം 1.8 ശതമാനത്തില്‍ നിന്നും 0.1 ശതമാനം കുറഞ്ഞ് 1.7ശതമാനത്തിലെത്തി നില്‍ക്കുകയാണ്. ഇത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് വളര്‍ച്ചാ ശതമാനമാണ്.

ഖനന മേഖലയിലും ഊര്‍ജ മേഖലയിലും സേവന രംഗത്തും മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും പ്രസ്തുത മേഖലകളിലുള്ള വളര്‍ച്ചാ നിരക്ക് ചെറിയ രൂപത്തില്‍ താഴോട്ട് പോയതായും ഒഎന്‍എസിലെ സ്ഥിതിവിവരശാസ്ത്ര വിദഗ്ദ്ധന്‍ ഡാരന്‍ മോര്‍ഗന്‍ അഭിപ്രായപ്പെട്ടു. സേവന മേഖല 2017ന്റെ അവസാനം വരെ വളര്‍ച്ചാ നിരക്കില്‍ വര്‍ദ്ധനവുണ്ടാക്കി എന്നാല്‍ ഉപഭോക്താക്കളെ ആശ്രയിച്ചു കഴിയുന്ന വ്യവസായിക മേഖല കുറഞ്ഞ വളര്‍ച്ചാ നിരക്കിലേക്ക് കൂപ്പുകുത്തി. വിലക്കയറ്റം ഗാര്‍ഹിക ബജറ്റുകളെ സാരമായി ബാധിച്ചെന്നും അദ്ദേഹം പറയുന്നു. ലോകത്തിലെ മറ്റു സാമ്പത്തിക ശക്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടന്റെ വളര്‍ച്ചാ നിരക്ക് താഴോട്ടാണെന്ന് മനസ്സിലാക്കാം. ജര്‍മ്മന്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 2017ല്‍ 2.2 ശതമാനം ഉയര്‍ച്ച നേടിയപ്പോള്‍ ഫ്രഞ്ച് ജിഡിപി 1.9 വളര്‍ച്ച കൈവരിച്ചു. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കും ഇക്കാലയളവില്‍ 2.3 ശതമാനം വര്‍ദ്ധിച്ചതായി കണക്കുകള്‍ പറയുന്നു.

ഉപഭോക്താക്കളുടെ വിപണിയിലെ സാമ്പത്തിക ക്രയവിക്രയങ്ങളെ ആശ്രയിച്ചാണ് യുകെയുടെ സാമ്പത്തിക അടിത്തറ നിലനില്‍ക്കുന്നത്. ഇതില്‍ വലിയ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴാണ് വളര്‍ച്ചാ നിരക്കില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ സമീപകാലത്തായി വിപണിയില്‍ പണം ചെലവഴിക്കുന്നതില്‍ ഉപഭോക്താക്കള്‍ കാര്യമായി വിമുഖത പ്രകടിപ്പിക്കുന്നതായി കണക്കുകള്‍ പറയുന്നു. ഗാര്‍ഹിക ഉപയോഗങ്ങള്‍ക്കായി പണം ചെലവഴിക്കുന്നത് 0.3 ശതമാനം മാത്രമാണ് 2017ന്റെ അവസാന മാസങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് 1.8ശതമാനമാണ് വളര്‍ച്ചാ നിരക്ക് എന്നു കാണാന്‍ കഴിയും ഇത് 2012 മുതല്‍ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. സ്ഥാപനങ്ങളും പണം ചെലവാക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. ബിസിനസ് നിക്ഷേപങ്ങളെയും ഇത് ബാധിക്കുന്നതായി കണക്കുകള്‍ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles