ഷിബു മാത്യു

അന്യനാട്ടില്‍ കിടക്കുമ്പോള്‍ പിറന്ന നാടിനെയും സ്വന്തം വീടിനെയും പ്രായമായ മാതാപിതാക്കളെയും കൂടപ്പിറപ്പുകളെയുമൊക്കെക്കുറിച്ചു ചിന്തിച്ചു വ്യാകുലപ്പെടുന്ന പ്രവാസിയുടെ മനസ്സ് പതിയെപ്പതിയെ തങ്ങളുടെ മക്കളെക്കുറിച്ചും വളര്‍ന്നു വരുന്നതനുസരിച്ചു അവരുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചുമൊക്കെ അസ്വസ്ഥരാകുന്നുണ്ട് മിക്കപ്പോഴും. മലയാളത്തനിമ മറന്നു പതിനെട്ടു വയസ്സിന്റെ യൂറോപ്പ്യന്‍ സ്വാതന്ത്ര്യം ആഘോഷമാക്കുന്ന കൗമാരവും യൗവനവും ലക്ഷ്മണ രേഖകള്‍ മറികടക്കുന്നത് കണ്ടുള്ളുലഞ്ഞ മാതാപിതാക്കള്‍ പതിനെട്ടടവും പയറ്റിയിട്ടും പരാജിതരാകുന്ന കാഴ്ചയുടെ ആവര്‍ത്തനങ്ങള്‍ യുകെ മലയാളിയുടെ നിസ്സഹായതയുടെ ചില നേര്‍ചിത്രങ്ങളാകുന്നു.

പരീക്ഷകളില്‍ മാര്‍ക്ക് വാങ്ങാന്‍ മിടുക്കരെങ്കിലും പ്രായോഗിക ജീവിതത്തിന്റെ പരീക്ഷണങ്ങളില്‍ വഞ്ചിക്കപ്പെടാതെയും നിസ്സഹായരാക്കപ്പെടാതെയും സ്മാര്‍ട്ട് ആയി ജീവിക്കാന്‍ തക്ക വിധം മക്കളെ എങ്ങിനെ കാര്യപ്രാപ്തിയുള്ളവരാക്കും എന്ന ചിന്ത മനസിലൂടെ കടന്നു പോകാത്ത ഒരു യുകെ മലയാളി കുടുംബവും ഉണ്ടാവില്ലായിരിക്കാം. തങ്ങള്‍ക്കു ദൈവം ദാനമായി തന്ന മക്കളെ കുടുംബത്തിനും നാടിനും അഭിമാനമുണര്‍ത്തുന്ന മുത്തുകളായി വളര്‍ത്തിയെടുക്കാന്‍ ആത്മീയവും മനഃശാസ്ത്രപരവുമായ സമീപനം അത്യന്താപേഷിതാണ്. അതിനു സഹായകമായ മനഃശാസ്ത്രപരമായ ഒരു പുതിയ പംക്തി ‘യുകെ മൈന്‍ഡ് ‘ മലയാളം യുകെ ഞങ്ങളുടെ പ്രിയങ്കരരായ വായനക്കാര്‍ക്കായി സന്തോഷപൂര്‍വം ആരംഭിക്കുന്നു.

രാജ്യാന്തര പ്രശസ്തനായ മനഃശാസ്ത്രജ്ഞനും ഫാമിലി തെറാപ്പിസ്റ്റും കൗമാര യുവജന പരിശീലകനും അന്താരാഷ്ട്ര വേദികളിലെ പ്രചോദനാത്മ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വിപിന്‍ റോള്‍ഡന്റ് വാലുമ്മേല്‍ ആണ് ഈ പംക്തി കൈകാര്യം ചെയ്യുന്നത്. കൊച്ചിയിലെ പ്രമുഖമായ സണ്‍റൈസ് ഹോസ്പിറ്റലിലെ മനഃശാസ്ത്ര വിഭാഗം മേധാവിയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സൈക്കോളജിസ്റ്റും സ്റ്റുഡന്റ്‌സ് കൗണ്‍സിലറുമായ ഇദ്ദേഹം ‘റോള്‍ഡന്റ് റെജുവിനേഷന്‍’ എന്ന ലോകത്തിലെ തന്നെ ആദ്യത്തെ മൈന്‍ഡ് ബിഹേവിയര്‍ സ്റ്റുഡിയോയുടെ സ്ഥാപകനും ചെയര്‍മാനുമാണ്.

സിനിമ കായിക മേഖലകളിലെ ലോകം ആരാധിക്കുന്ന പല പ്രശസ്തരായ സെലിബ്രിറ്റികളുടെയും വ്യവസായ പ്രമുഖരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേഴ്‌സണല്‍ കോച്ചും, അറിയപ്പെടുന്ന ചാനലുകളുടെ പല റിയാലിറ്റി ഷോകളിലും വിധികര്‍ത്താവ് എന്ന നിലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനും ബഹുമുഖ പ്രതിഭയുമായ ഡോ. വിപിന്‍ റോള്‍ഡന്റ് വാലുമ്മേല്‍ ഇനി മുതല്‍ മലയാളം യുകെയില്‍.

സത്യങ്ങള്‍ വളച്ചൊടിക്കാതെ !