ബോറിസ് ജോണ്‍സനെ ആശുപത്രിയിലേക്ക് മാറ്റി; യുകെയിൽ 5000 കടന്ന മരണസംഖ്യ, ഇറ്റലിക്കും യുകെയ്ക്കും പിന്നാലെ ഫ്രാൻസും…………..

ബോറിസ് ജോണ്‍സനെ ആശുപത്രിയിലേക്ക് മാറ്റി; യുകെയിൽ 5000 കടന്ന മരണസംഖ്യ, ഇറ്റലിക്കും യുകെയ്ക്കും പിന്നാലെ ഫ്രാൻസും…………..
April 06 04:12 2020 Print This Article

കോവിഡ് 19 സ്ഥിരീകരിച്ച് 10 ദിവസം കഴിഞ്ഞിട്ടും നിരന്തരമായി രോഗ ലക്ഷണങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയെ ടെസ്റ്റുകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് ഡൌണിങ് സ്ട്രീറ്റ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സണ് കോവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കോവിഡ് വലിയ തോതില്‍ മരണം വിതയ്ക്കുന്ന യൂറോപ്പിലെ മറ്റൊരു രാജ്യമായി യു കെ മാറുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 621 പേരാണ് രാജ്യത്ത് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ യു കെയിലെ ആകെ മരണ സംഖ്യ 5000 കടന്നു.

അതേ സമയം കോവിഡ് പ്രതിരോധ നടപടികള്‍ ഡൊണാള്‍ഡ് ട്രംപ് ശക്തിപ്പെടുത്തി. മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ 29 മില്ല്യണ്‍ ഡോസ് യു എസ് ഗവണ്‍മെന്‍റ് ഓര്‍ഡര്‍ നല്കി ക്കഴിഞ്ഞു. കോവിഡ് ചികിത്സയ്ക്കായി ഈ മരുന്ന് നിഷ്കര്‍ഷിക്കുന്നില്ലെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികളോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും നല്‍കാന്‍ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനകം മൂന്നര ലക്ഷം പേരാണ് അമേരിക്കയില്‍ കോവിഡ് ബാധിതരായിട്ടുള്ളത്. മരണ സംഖ്യ 10,000ത്തിനോട് അടുക്കുന്നതായാണ് ഏറ്റവു പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയെ വേവലാതിപ്പെടുത്തുന്ന ഏറ്റവും പ്രധാന രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിലുള്ള കുറവാണ്. ഇതുവരെ 18,000ഓളം ആളുകള്‍ മാത്രമാണു രാജ്യത്തു രോഗം ഭേദമായത്.

മാള്‍ട്ടയിലെ ഒരു കുടിയേറ്റ ക്യാമ്പില്‍ കോവിഡ് പടര്‍ന്ന് പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ആയിരത്തോളം ആളുകളാണ് ദക്ഷിണ മാള്‍ട്ടയിലെ ഹല്‍ ഫാര്‍ ക്യാമ്പില്‍ ക്വാരന്‍റൈനില്‍ കഴിയുന്നത്. പോലീസും സൈന്യവും ക്യാമ്പിനെ വളഞ്ഞിരിക്കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പടര്‍ച്ച കുറയുന്നതിന്റെ സൂചനകള്‍ പുറത്തുവരുന്നത് ആശ്വാസം പകരുന്ന വാര്‍ത്തയാണ്.

ഇറ്റലിയില്‍ മാര്‍ച്ച് 19നു ശേഷമുള്ള ഏറ്റവും കുറവ് മരണം ഇന്നലെ രേഖപ്പെടുത്തി. 525 പേരാണ് രാജ്യത്തു ഇന്നലെ മരണപ്പെട്ടത്. ഇതോടെ രാജ്യത്തു രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 15,000 കടന്നു.

കഴിഞ്ഞ 24 മണിക്കൂറില്‍ സ്പെയിനില്‍ 674 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് മാര്‍ച്ച് 24നു ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതി ദിന മരണ സംഖ്യയാണ്. രാജ്യത്തു ഇപ്പോള്‍ 12,641 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു കഴിഞ്ഞു.

യൂറോപ്പില്‍ ഏറ്റവും മാരകമായി രോഗം ബാധിച്ച ഫ്രാന്‍സില്‍ ഇന്നലെ 357 പേരാണ് മരണപ്പെട്ടത്. ഇവിടെ ഇതുവരെ 8078 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ലോകത്താകെ 12, 73,499 പേര്‍ കോവിഡ് ബാധിച്ചതായാണ് കണക്ക്. ഇതുവരെ 69,451 പേര്‍ മരിച്ചു കഴിഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles