യുക്മയെ കൂടുതൽ ജനകീയമാക്കുന്ന കർമ്മപരിപാടികളുമായി സഹകരിക്കുവാനും , വെട്ടിനിരത്തലുകളെ പൂർണ്ണമായും തള്ളിക്കളയുവാനും തീരുമാനിച്ച് യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രഥമ റീജിയണൽ കമ്മിറ്റി

യുക്മയെ കൂടുതൽ ജനകീയമാക്കുന്ന കർമ്മപരിപാടികളുമായി സഹകരിക്കുവാനും , വെട്ടിനിരത്തലുകളെ പൂർണ്ണമായും തള്ളിക്കളയുവാനും തീരുമാനിച്ച് യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രഥമ റീജിയണൽ കമ്മിറ്റി
May 03 12:23 2019 Print This Article

റെജി നന്തികാട്ട് ( പി. ആർ. ഒ , യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ )

ബാസിൽഡൺ :  2019 ഏപ്രിൽ 20 ശനിയാഴ്ച ബാസിൽഡണിലെ ദി ജെയിംസ് ഹോൺസ്‌ബി സ്കൂളിൽ വച്ച് നടന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പുതിയ കമ്മറ്റിയുടെ ആദ്യ യോഗത്തിൽ റീജിയണൽ പ്രസിഡണ്ട് ബാബു മങ്കുഴി അദ്ധ്യക്ഷത വഹിച്ചു . റീജിയണൽ സെക്രട്ടറി സിബി ജോസഫ് യോഗത്തിൽ എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു . തന്റെ ആശംസ പ്രസംഗത്തിൽ കഴിഞ്ഞ 10 വർഷമായി പിന്തുടരുന്ന ഐക്യവും ഒത്തൊരുമയുമാണ് ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കെട്ടുറപ്പിന് കാരണമെന്നും , ആ ഐക്യവും ഒത്തൊരുമയും ശക്തമാക്കാൻ ഈ കമ്മറ്റിയും ശ്രമിക്കുമെന്നും , മുൻ സെക്രട്ടറിയും നിലവിലെ നാഷണൽ എക്സിക്യൂട്ടിവ് അംഗവുമായ ജോജോ തെരുവന്റെ ഏകോപന ശൈലി പിന്തുടരാനാണ് താനും ആഗ്രഹിക്കുന്നതെന്നും പുതിയ സെക്രട്ടറി ശ്രീ : സിബി ജോസഫ് അറിയിച്ചു . റീജിയന്റെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് സ്വാർത്ഥ ലാഭേച്ഛ ഇല്ലാതെ , കക്ഷി – രാഷ്ട്രീയ പ്രേരിതമല്ലാതെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത എല്ലാവരെയും അഭിനന്ദിച്ചുകൊണ്ട് ബാബു മങ്കുഴി റീജിയന്റെ പുതിയ പ്രവർത്തന വർഷത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു .

ഒറ്റക്കെട്ടായുള്ള റീജിയന്റെ പ്രവർത്തനങ്ങൾ ജനോപകാരപ്രദമായ രീതിയിൽ മുമ്പോട്ട് കൊണ്ടുപോകണമെന്നും , യുക്മ നാഷണൽ കമ്മിയുടെ പ്രഖ്യാപിത പരിപാടികൾ യഥാക്രമം റീജിയണൽ തലത്തിലും നടപ്പിൽ വരുത്തണമെന്നും കമ്മിറ്റിയിൽ തീരുമാനമായി . യുക്മ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ , എല്ലാവരെയും ഉൾക്കൊള്ളുക എന്ന യുക്മയുടെ പ്രഖ്യാപിത ലക്ഷ്യം മുൻ നിർത്തി , ഈസ്റ്റ് ആംഗ്ലിയ റീജിയനെ കർമ്മപഥത്തിലേക്ക് ഉയർത്തിക്കൊണ്ടുവന്ന പരിചയസമ്പന്നരെയും, അഭ്യുദയകാംക്ഷികളെയും ചേർത്തുകൊണ്ട് വേണം ഈസ്റ്റ് ആംഗ്ലിയ റീജിയൻ മുമ്പോട്ട് പോകേണ്ടത് എന്ന ആശയം യോഗത്തിൽ    അംഗീകരിക്കപ്പെട്ടു. റീജിയണൽ സ്പോർട്ട്സ് മീറ്റ് , റീജിയണൽ കലാമേള എന്നിവ ഭംഗിയായി നടത്തുവാനും , റീജിയനോട് സഹകരിക്കാൻ താല്പര്യപ്പെടുന്ന ഇതര അസോസിയേഷനുകളെ റീജിയന്റെ ഭാഗമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാനും കമ്മിറ്റി ചർച്ച ചെയ്തു.

റീജിയന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും , വിപുലപ്പെടുത്തുന്നതിനും പരിചയ സമ്പന്നരായ മുൻ യുക്മ ഭാരവാഹികളെ ഉത്തരവാദിത്തങ്ങൾ നൽകി കമ്മിറ്റിയോട് ചേർക്കാൻ യോഗത്തിൽ തീരുമാനമായി . ഇപ്രകാരം മുൻ നാഷണൽ പ്രസിഡണ്ട് അഡ്വ : ഫ്രാൻസീസ് മാത്യു കവളക്കാട്ടിൽ , മുൻ നാഷണൽ സെക്രട്ടറി ബാലസജീവ് കുമാർ , മുൻ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ , മുൻ നാഷണൽ കമ്മിറ്റി അംഗം കുഞ്ഞുമോൻ ജോബ് , മുൻ റീജിയണൽ ട്രെഷറർ ഷാജി വർഗ്ഗീസ് എന്നിവരെ റീജിയന്റെ ഉപദേശക സമിതി അംഗങ്ങളായി  യോഗം തിരഞ്ഞെടുത്തു .

യുക്മ എന്ന ലാഭേച്ഛ ഇല്ലാതെ , ജാതി – മത – രാഷ്ട്രീയ താല്പര്യങ്ങൾക്കതീതമായി , യുകെ മലയാളികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ട സംഘടനയുടെ ദേശീയ ഇലക്ഷനുമായി ബന്ധപ്പെട്ടും , അതിനു ശേഷം നാഷണൽ കമ്മിറ്റി എടുത്ത നിലപാടുകളും സംഘടനക്ക് പൊതുസമൂഹത്തിൽ സ്വീകാര്യത കുറയുവാൻ കാരണമായെന്ന് ഈസ്റ് ആംഗ്ലിയ റീജിയണൽ കമ്മിറ്റി നിരീക്ഷിച്ചു.

സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അംഗത്തിന്റെ പദവിയെ അസാധുവാക്കികൊണ്ട് , തോറ്റ സ്ഥാനാർത്ഥിയെ റീജിയണൽ പ്രസിഡണ്ടായി നിയോഗിക്കാനുള്ള നാഷണൽ ഭാരവാഹികളുടെ തീരുമാനം റീജിയനുകളുടെ പരമാധികാരത്തിൽ ഉള്ള കടന്നുകയറ്റമാണെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.

സമാന സാഹചര്യത്തിൽ തർക്കം നിലനിൽക്കുന്ന സൗത്ത് വെസ്റ്റ് റീജിയണിലെ നാഷണൽ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ നടപടിയെടുക്കാത്തത് തുല്യനീതി നടപ്പിൽ വരുത്തുന്നതിനുള്ള വീഴ്ചയാണെന്നും യോഗം വിലയിരുത്തി. യുക്മയെ കൂടുതൽ ജനകീയമാക്കുന്നതിന് പകരം പൊതുസമൂഹത്തിൽ നിന്ന് അകറ്റുന്ന ഇതുപോലെയുള്ള വെട്ടിനിരത്തൽ നടപടികളെ പൂർണ്ണമായും തള്ളിക്കളയുവാനും ഈസ്റ്റ് ആംഗ്ലിയ പ്രഥമ റീജിയണൽ കമ്മിറ്റി തീരുമാനമെടുത്തു .

യുക്മയുടെ പ്രവർത്തനപരിപാടികളിലും , ചാരിറ്റി പ്രവർത്തനങ്ങളിലും അഭിനന്ദനാർഹമായ പ്രവർത്തനം തുടരുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ  യുക്മ എന്ന ജനകീയ കൂട്ടായ്മക്ക് വേണ്ടി നിലകൊള്ളുമെന്നും , എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ട്രഷറർ അജു ജേക്കബ് പ്രസ്താവിച്ചു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles