ശ്രീദേവിക്ക്‌ യുക്മയുടെ പ്രണാമം ……….. പത്താമത് യുക്മ ദേശീയ കലാമേള “ശ്രീദേവി നഗറി”ൽ

October 15 02:50 2019 Print This Article

സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

സുഭദ്രമായ അഭിനയ തികവിന്റെ മരിക്കാത്ത ഓർമ്മയായി, ഒരു നൊമ്പരക്കാറ്റായി ഇന്ത്യൻ സിനിമയുടെ അഭിനയ ചക്രവർത്തിനി ശ്രീദേവി സ്മൃതികളിലേക്ക് മറഞ്ഞിട്ട് ഒരു വർഷം കഴിയുന്നു. മണ്മറഞ്ഞു എന്ന് മനസ്സ് ഇപ്പോഴും സമ്മതിച്ചുതരാൻ മടിച്ചുനിൽക്കുന്ന അഭിനയ പ്രതിഭയുടെ ദീപ്ത സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് 2019 യുക്മ ദേശീയ കലാമേള നഗറിന് “ശ്രീദേവി നഗർ” എന്ന് യുക്മ ദേശീയ കമ്മറ്റി നാമകരണം ചെയ്യുകയാണ്.

മുൻ വർഷങ്ങളിലേത്പോലെതന്നെ യു കെ മലയാളി പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന നാമനിർദ്ദേശങ്ങളിൽനിന്നും കലാമേള നഗറിന് പേര് തെരഞ്ഞെടുക്കുന്ന രീതിയാണ് ഇത്തവണയും യുക്മ ദേശീയ കമ്മറ്റി സ്വീകരിച്ചത്. നിരവധി ആളുകൾ ഈവർഷം നഗർ നാമകരണ മത്സരത്തിൽ പങ്കെടുത്തു. ആകെ ആറ് പേരുകൾ നിർദ്ദേശിക്കപ്പെട്ടു. അതിൽ ശ്രീദേവിയുടെ പേര് തന്നെ ഇരുപതോളം ആളുകളാണ് നിർദ്ദേശിച്ചത് എന്നതുതന്നെ ആ അതുല്യ പ്രതിഭക്ക് തുല്യംവക്കാൻ മറ്റൊരാൾ ഇല്ല എന്ന ദുഃഖസത്യം നമ്മെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു.

ശ്രീദേവിയുടെ പേര് നാമനിർദ്ദേശം ചെയ്തവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് ജോമി തറവട്ടത്തിൽ ആണ്. ലണ്ടനിലെ നോർത്ത് മിഡിൽസക്സ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലിചെയ്യുന്ന ജോമി, എഡ്‌മണ്ടൻ മലയാളി അസോസിയേഷൻ അംഗമാണ്. യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി സെലിന സജീവിനെ തെരഞ്ഞെടുത്തയച്ച എഡ്‌മണ്ടൻ മലയാളി അസോസിയേഷന് ഇരട്ടിമധുരമാകുന്നു ജോമിക്ക് ലഭിച്ച ഈ അംഗീകാരം. ദേശീയ കലാമേള വേദിയിൽ വച്ച് വിജയിയെ ആദരിക്കുന്നതാണ്.

മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ മണ്മറഞ്ഞ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടേയും പ്രതിഭകളുടെയും നാമങ്ങളിലാണ് കഴിഞ്ഞ വർഷങ്ങളിലെ യുക്മ കലാമേള നഗറുകൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ഓരോ നാമകരണങ്ങളും. അഭിനയ തികവിന്റെ പര്യായമായിരുന്നു പദ്മശ്രീ തിലകനും, സംഗീത കുലപതികളായ സ്വാതി തിരുന്നാളും ദക്ഷിണാമൂർത്തി സ്വാമികളും എം എസ് വിശ്വനാഥനും, ജ്ഞാനപീഠ അവാർഡ് ജേതാവ് മഹാകവി ഒ എൻ വി കുറുപ്പും, മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടൻ കലാഭവൻ മണിയും, വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറും എല്ലാം അത്തരത്തിൽ ആദരിക്കപ്പെട്ടവരായിരുന്നു.

യു കെ യുടെ ‘വ്യവസായ നഗരം’ എന്നറിയപ്പെടുന്ന മാഞ്ചസ്റ്ററിലാണ് പത്താമത് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. നവംബർ രണ്ട് ശനിയാഴ്ച പാർസ് വുഡ് ഹയർ സെക്കണ്ടറി സ്കൂളിലെ “ശ്രീദേവി നഗറി”ൽ നടക്കുന്ന ദേശീയ മേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ദേശീയ കലാമേള ജനറൽ കൺവീനർ സാജൻ സത്യൻ എന്നിവർ അറിയിച്ചു. യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് 2019 ദേശീയ കലാമേള സംഘടിപ്പിക്കപ്പെടുന്നത്.

കലാമേള നഗറിന്റെ വിലാസം:-

Parrs Wood High School,
Wilmslow Road, Manchester,
M20 5PG.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles