അഹമദാബാദ്: മദ്യം നിരോധിച്ച ഗുജറാത്തില്‍ മദ്യലോറി മറിഞ്ഞാലെങ്ങനെയുണ്ടാകും. ഗുജറാത്തിലെ ധനേരയിലുള്ളവര്‍ക്ക് അതൊരു ദിമായിരുന്നു. നിറയെ മദ്യവുമായി വന്ന മിനിലോറി അപകടത്തില്‍പെട്ടത് നാട്ടുകാര്‍ക്ക് ഉത്സവമാക്കി. ഞൊടിയിടയില്‍ കിട്ടിയ കുപ്പികളെല്ലാം ചാക്കിലാക്കി നാട്ടുകാര്‍ സ്ഥലം വിട്ടു. പൊലീസെത്തിയപ്പോള്‍ തലകീഴായി കിടക്കുന്ന ലോറി മാത്രം ബാക്കി.
ധനേരയിലെ സമര്‍വാഡയിലായിരുന്നു സംഭവം. മദ്യലോറി മറിഞ്ഞ വിരവം കാട്ടുതീപോലെ നാട്ടില്‍ പരന്നു. ഒടിക്കൂടിയവര്‍ രണ്ട് കൈകളിലും കൊള്ളാവുന്നതും അതിലപ്പുറവും കൈക്കലാക്കി. ചിലര്‍ ചാക്കുകളില്‍ മദ്യവും ബിയര്‍ കാനുകളും ശേഖരിച്ച് സ്ഥലംവിട്ടു. ചിലര്‍ മദ്യക്കുപ്പികളടങ്ങിയ ചാക്കുകള്‍ അപ്പാടെ വീട്ടിലേക്ക് കടത്തി.

guj2

അപകട വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ കാണാനായത് കുറച്ച് പൊട്ടിയ കുപ്പികളും തലകീഴായ് മറിഞ്ഞുകിടക്കുന്ന ലോറിയും മാത്രം. ലോറിയുടെ ഡ്രൈവറും തടിതപ്പിയിരുന്നു. നാട്ടുകാര്‍ മദ്യക്കുപ്പികള്‍ കടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മദ്യ വില്‍പനയും ഉപഭോഗവും കര്‍ശനമായി നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്. അതുകൊണ്ടുതന്നെ വ്യാജ ചാരായ വാറ്റും മദ്യക്കടത്തും പതിവാണ്.