ഞാന്‍ നിന്നെ വിവാഹം കഴിക്കുക മാത്രമല്ല, നിനക്ക് നീതി നേടിത്തരുകയും ചെയ്യും; ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്

ഞാന്‍ നിന്നെ വിവാഹം കഴിക്കുക മാത്രമല്ല, നിനക്ക് നീതി നേടിത്തരുകയും ചെയ്യും;  ഭാര്യയെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്
January 15 10:07 2019 Print This Article

ഹരിയാനയിലെ ജിന്ധ് ജില്ലയിലെ ഒരു സാധാരണ കര്‍ഷകനാണ് ജിതേന്ദര്‍ ഛട്ടാര്‍. ഈ യുവാവ് ഇന്ന് മാധ്യമങ്ങളുടെ തലക്കെട്ടില്‍ ഇടംപിടിക്കാന്‍ ഒരു കാരണമുണ്ട്. ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് കൂട്ടബലാത്സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിയെയാണ്. തന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് നിയമ പോരാട്ടം നടത്തുന്ന ജിതേന്ദറിന്റെ വാക്കുകള്‍ ഇങ്ങനെ:

”കുറച്ച് വര്‍ഷം മുമ്പാണ് എന്റെ ഭാര്യയെ എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ആ കാപാലികര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അവളെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തുകയായിരുന്നു ആ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ ഉദ്ദേശ്യം. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അവളെ അവര്‍ മാസങ്ങളോളം ഭീഷണിപ്പെടുത്തിയിരുന്നു. ഈ സമയം ഞങ്ങള്‍ വിവാഹിതരായിരുന്നില്ല. പിന്നീടാണ് ഞാന്‍ അവളെ കുറിച്ചും അവള്‍ നേരിട്ട ക്രൂരതയെ കുറിച്ചും അറിയുന്നത്. അതിന് ശേഷം ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു. പിന്നെയും നാലു മാസം കഴിഞ്ഞിട്ടായിരുന്നു വിവാഹം.

‘ഞാന്‍ ശപഥം ചെയ്തു, അവരെ ശിക്ഷിക്കും’; ‘ഭാര്യ’യെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്
വിവാഹത്തിന് മുമ്പ് ഒരിക്കല്‍ പോലും അവളെ കാണാനുള്ള അവസരമില്ലായിരുന്നു. ഹരിയാനയിലെ ഗ്രാമീണമേഖലയിലെ സമ്പ്രദായം അങ്ങനെയായിരുന്നു. പഴയ ഒരു ഫോണിലൂടെ വല്ലപ്പോഴുമുണ്ടായിരുന്ന കോളുകളായിരുന്നു ആകെയുള്ള ബന്ധം. എന്റെ വീട്ടില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായിരുന്നു അവളുടെ വീട്. ഒരു ദിവസം അവള്‍ എന്നോട് പറഞ്ഞു, എനിക്കൊരു പ്രധാന കാര്യം സംസാരിക്കാനുണ്ടെന്ന്. ഒരു പ്രാവശ്യം കൂടി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് വരാമോയെന്ന് അവള്‍ ചോദിച്ചു. ഒരാഴ്ചക്ക് ശേഷം ഞങ്ങള്‍ എല്ലാവരും കൂടി അവളുടെ വീട്ടിലെത്തി. അവള്‍ ഞങ്ങളോട് പറഞ്ഞു, അവള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന്. ഇത് മറച്ചുവെച്ച് ഒരു ബന്ധത്തിന് അവള്‍ക്ക് താല്‍പര്യമില്ലെന്ന്. നിറഞ്ഞ കണ്ണുകളോടെ വിതുമ്പി കൊണ്ടാണ് അവള്‍ ഞങ്ങളോട് ഈ കാര്യം പറഞ്ഞത്. ഈ ബന്ധത്തിനുള്ള അര്‍ഹത അവള്‍ക്കില്ലെന്നും എന്നോട് പറഞ്ഞു.

അവളുടെ വാക്കുകള്‍ എന്നെ വേട്ടയാടാന്‍ തുടങ്ങി. അവളെ വിവാഹം ചെയ്തില്ലെങ്കില്‍ ദൈവം എന്നോട് പൊറുക്കില്ലെന്ന് എനിക്ക് തോന്നി. ഞാന്‍ അവളോട് പറഞ്ഞു, ഞാന്‍ നിന്നെ വിവാഹം കഴിക്കുക മാത്രമല്ല, നിനക്ക് നീതി നേടിത്തരുകയും ചെയ്യും. അവള്‍ക്ക് നീതി നേടിക്കൊടുക്കാനുള്ള ഉദ്യമം ഞാന്‍ വിവാഹത്തിന് മുമ്പ് തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. ഞങ്ങളുടെ സമൂഹം എപ്പോഴും കുറ്റപ്പെടുത്തുക സ്ത്രീകളെയാണ്. എന്റെ ഗ്രാമത്തിലെ ഒരു സ്കൂളില്‍ പതിവായി പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ വിലസിയിരുന്നു. എന്നാല്‍ ഒരൊറ്റ പെണ്‍കുട്ടി പോലും അതേക്കുറിച്ച് മാതാപിതാക്കളോട് സംസാരിക്കാന്‍ തയാറാകില്ല. കാരണം വേറൊന്നുമല്ല, പരാതി പറഞ്ഞാല്‍ പിന്നെ അവരെ സ്കൂളില്‍ പറഞ്ഞയക്കില്ല. പഠനം അതോടെ അവസാനിക്കും.

‘ഞാന്‍ ശപഥം ചെയ്തു, അവരെ ശിക്ഷിക്കും’; ‘ഭാര്യ’യെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്
രണ്ടാഴ്ചക്ക് ശേഷം ഞാന്‍ അവളുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ അവളെ ബലാത്സംഗം ചെയ്തവരെ ശിക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. അവളെ ബലാത്സംഗം ചെയ്ത ആ എട്ടു പേര്‍ക്കെതിരെയും പൊലീസില്‍ പരാതി നല്‍കി. നിയമ പോരാട്ടത്തിനായി അഭിഭാഷകനെ ഏര്‍പ്പാടാക്കി. 2015 ഡിസംബറില്‍ ഞങ്ങള്‍ വിവാഹിതരായി. വിവാഹത്തിന് മുമ്പ് തന്നെ എനിക്കും എന്റെ കുടുംബത്തിനും ഒട്ടേറെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ളവരും സമ്പന്നരും ആയിരുന്നു കേസിലെ പ്രതികള്‍. ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനുമായി ഗുണ്ടകളെ പലവട്ടം വീട്ടിലേക്ക് അയച്ചു. തെളിവുകള്‍ എല്ലാം പൊലീസിന് സമര്‍പ്പിച്ചിരുന്നു. പക്ഷേ അതൊന്നും കോടതിയില്‍ എത്തിയില്ല. പകരം എനിക്കെതിരെ മൂന്നു കള്ളക്കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ അവയെല്ലാം കെട്ടിച്ചമച്ചതാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. എന്റെ മാതാപിതാക്കള്‍ എനിക്കും എന്റെ ഭാര്യക്കും കരുത്തായി എപ്പോഴുമുണ്ടായിരുന്നു. പക്ഷേ നിയമ പോരാട്ടമായിരുന്നു വലിയ ബുദ്ധിമുട്ട്. ഭീഷണി ഫലിക്കാതെ വന്നപ്പോള്‍ പണം നല്‍കി കേസ് ഒഴിവാക്കാനും ശ്രമം നടന്നു. പക്ഷേ ഞാന്‍ വഴങ്ങിയില്ല.

‘ഞാന്‍ ശപഥം ചെയ്തു, അവരെ ശിക്ഷിക്കും’; ‘ഭാര്യ’യെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്
ജില്ലാ കോടതി പ്രതികളെ കുറ്റമുക്തരാക്കി ആദ്യം തിരിച്ചടി നല്‍കി. പക്ഷേ തോല്‍ക്കാന്‍ മനസില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. കേസ് നടത്തിപ്പിന് വേണ്ടി ഭൂമി വിറ്റു. അഭിഭാഷകര്‍ക്ക് നല്‍കാനും കേസ് നടത്തിപ്പിനും 14 ലക്ഷം രൂപ വേണ്ടിയിരുന്നു. ഞങ്ങളുടെ മനസമാധാനം നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഓരോ രാത്രികളിലും ദുസ്വപ്നങ്ങള്‍ കണ്ട് എന്റെ ഭാര്യയുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. കേസ് നടത്തിപ്പ് ചെലവേറിയ കാര്യമായതിനാല്‍ ഞാനും നിയമം പഠിച്ചു തുടങ്ങി. നിയമ ബിരുദം സ്വന്തമാക്കി കഴിഞ്ഞ് ഭാര്യയുടെ കേസ് സ്വന്തമായി നടത്താനാണ് ലക്ഷ്യം. ഇനിയും അഭിഭാഷകര്‍ക്ക് നല്‍കാനുള്ള പണമോ വില്‍ക്കാന്‍ ഭൂമിയോ എനിക്കില്ല. എന്റെ ഭാര്യയും ഇപ്പോള്‍ നിയമം പഠിക്കുന്നുണ്ട്. എന്റെ മാതാപിതാക്കളുടെ ഉറച്ച പിന്തുണയും കുടുംബത്തിന്റെ താങ്ങുമാണ് കരുത്ത് പകരുന്നത്. നീതിക്കായുള്ള പോരാട്ടം തുടരും.” – ജിതേന്ദര്‍ പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles