ആളെ സ്റ്റോപ്പിൽ ഇറക്കിയ ശേഷം മുന്നോട്ടെടുത്ത ബസിൽ നിന്നും വീണ ബസിന്റെ ഉടമ അതേ ബസ് തന്നെ ശരീരത്തിലൂടെ കയറി മരിച്ചു. തൃശ്ശൂർ ഗുരുവായൂർ റൂട്ടിൽ ഓടുന്ന വെണ്ണിലാവ് ബസിന്റെ ഉടമ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രജീഷാണ് (40(ഉണ്ണി)) മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 5.30-ന് തൃശൂർ പുറ്റേക്കരയിലായിരുന്നു അപകടം. ബസിൽ നിന്ന് വീണ രജീഷിന്റെ അരയ്ക്കു താഴേക്കൂടി ബസ് കയറിയിറങ്ങുകയായിരുന്നു. പരിക്ക്ഗുരുതരമായതിനാൽ ഉടൻ തന്നെ സമീപത്തെ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുന്നിലുണ്ടായിരുന്ന ബസിനെ മറികടക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെയാണ് വീണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വാതിൽ അടയാതെ മുന്നിലുള്ള ബസിന്റെ പിന്നിൽ ഇടിച്ചുവെന്നും സമീപത്തുനിന്ന രജീഷ് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

രാഘവനും രാധയുമാണ് മാതാപിതാക്കൾ. ഭാര്യ: നയന. മക്കൾ: ദീപക്, ദേവിക. സംസ്‌കാരം പോസ്റ്റുമോർട്ടത്തിനുശേഷം ചൊവ്വാഴ്ച.