രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തിവച്ചതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കള്ളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമാണത്രേ നടപടി.അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ട് എടിഎമ്മുകളിൽ നിന്ന് 2000 രൂപ നോട്ട് ലഭിക്കുന്നില്ല എന്ന ചോദ്യവും ഉയർന്നിരുന്നു. ഇതിന് പിന്നാലെ നൽകിയ അപേക്ഷയിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായുളള റിസർവ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വർഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ മറുപടിയിൽ പറയുന്നത്.

2000 രൂപ നോട്ടിന്റെ പൂഴ്ത്തിവയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിർത്തുന്നതിലേക്ക് റിസർവ് ബാങ്ക് എത്തിച്ചേർന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതിൽ കുറവ് വരുത്തി. തുടർന്ന് നോട്ട് അച്ചടിച്ച് ഇറക്കുന്നത് പൂർണമായി നിർത്തുകയായിരുന്നു. ഇതിലൂടെ നോട്ടിന്റെ പൂഴ്ത്തിവെയ്പ് തടയാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.യൂറോപ്യൻ രാഷ്ട്രങ്ങളിലെല്ലാം പതിവായി സ്വീകരിച്ചുവരുന്ന മാർഗമാണിതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ നിതിൻ ദേശായി പറയുന്നു.

നോട്ടുനിരോധനത്തിന് പിന്നാലെയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 2016 17 സാമ്പത്തിക വർഷം 3,54 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. 2017 18 സാമ്പത്തിക വർഷം ഇത് 11 കോടി നോട്ടുകളായി അച്ചടി ചുരുക്കി. കഴിഞ്ഞ സാമ്പത്തികവർഷം ഇത് 4.6 കോടി രൂപയായതായും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി പാക്കിസ്ഥാനിലെ ചില പ്രസ്സുകൾ ഇന്ത്യയുടെ 2000 നോട്ടുകൾ പ്രിന്റ് ചെയ്യുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്‌.