ഹരിഗോവിന്ദ് താമരശ്ശേരി

ലണ്ടൻ മാരത്തോണിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ ഇവന്റ് കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ഇവന്റായി നടത്തുവാൻ തീരുമാനിച്ച സാഹചര്യത്തിൽ, ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹോസ്പിറ്റലിന്റെ ചുറ്റും സ്വന്തമായി തിരഞ്ഞെടുത്ത റൂട്ടിലൂടെ 10 കിലോമീറ്റർ പ്രതികൂല കാലവസ്ഥയെ മറികടന്നു വിജയകരമായി ഓടി അതിലൂടെ സമാഹരിച്ച £2065 പൗണ്ട് ആശുപത്രി അധികൃതർക്ക് കൈമാറി യുകെ മലയാളികൾക്ക് ഒരിക്കൽ കൂടി മാതൃക ആയിരിക്കുകയാണ് ശ്രീ അശോക് കുമാർ.

നവംബർ ഒന്നിന് രാവിലെ 11 മണിക്ക് വുഡ്ക്രോഫ്റ്റ് റോഡിലുള്ള ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തിൽ നിന്നും ആരംഭിച്ചു മെടോവ്യൂ, കിംഗ്സ്വുഡ്‌ അവന്യു, ലണ്ടൻ റോഡ്, മെയ്ഡേ റോഡ് വഴി ഹോസ്പിറ്റലിനു ചുറ്റും 10 കിലോമീറ്റർ ദൂരം 1 മണിക്കൂർ 6 മിനിട്ടുകൊണ്ടാണ് ശ്രീ അശോക് കുമാർ ഓടി പൂർത്തിയാക്കിയത്. വൈറ്റാലിറ്റി 10 കിലോമീറ്റർ വെർച്വൽ റണ്ണിലൂടെ സമാഹരിച്ച £2065 പൗണ്ട് ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നിർവഹിക്കുന്ന നിസ്തുലമായ പ്രവർത്തനങ്ങൾ മുൻനിർത്തി ഹോസ്പിറ്റലിലെ മുഴുവൻ ജീവനക്കാരോടുമുള്ള ആദരസൂചകമായി ചീഫ് എക്സിക്യൂട്ടീവ് മാത്യു കെർഷോവിനു കൈമാറി.

2014-ലെ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച ശ്രീ അശോക് കുമാർ ആറ് വർഷം കൊണ്ട് ഒൻപത് മേജർ മാരത്തോൺ പൂർത്തിയാക്കുകയും, ഏഴുതവണ വിവിധ ലോകപ്രശസ്ത ഹാഫ്-മാരത്തോണുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 6 മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ഏക മലയാളി എന്ന ബഹുമതിക്ക് അർഹനായ ശ്രീ അശോക് കുമാർ, യുകെയിലെ വിവിധ ചാരിറ്റി സംഘടനകളിൽ ഭാരവാഹിത്വം വഹിക്കുന്ന വ്യക്തി എന്ന നിലയിലും സുപരിചിതനാണ്.

വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ റണ്ണിങ് ഇവന്റിൽ പങ്കെടുത്ത എല്ലാവരോടും, സംഭാവന നൽകിയ എല്ലാ സഹൃദയരോടുമുള്ള നന്ദി ശ്രീ അശോക് കുമാർ അറിയിച്ചു.