ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച രാജ്യങ്ങളെല്ലാം വീടിനു വെളിയില്‍ ഇറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയതാണ്.എന്നാല്‍ പലരും അവരുടേതായ കാരണങ്ങള്‍ കൊണ്ട് പലപ്പോഴും മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങുന്നു.

ഇത് അപകടകരമായ പ്രവണതയാണ്. ഉക്രെയിനിലെ ഒരു ”നോവ പോഷ്റ്റ” പോസ്റ്റോഫീസിലെത്തിയ യുവതിയും ഇക്കാര്യത്തില്‍ വിഭിന്നയായിരുന്നില്ല.തനിക്ക് വന്ന ഒരു പാര്‍സല്‍ ഏറ്റുവാങ്ങുവാനായിരുന്നു യുവതി പോസ്റ്റ് ഓഫീസില്‍ എത്തിയത്. എന്നാല്‍ അവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല.

ഇത് രാജ്യത്തിന്റെ ക്വാറന്റൈന്‍ നിയമത്തിന് എതിരാണ്.ഇത് ചൂണ്ടിക്കാണിച്ച ജീവനക്കാരിലൊരാള്‍ യുവതിയോട് മാസ്‌ക് ധരിക്കുവാന്‍ ആവശ്യപ്പെടുകയായിരുന്നു.ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി, കൗണ്ടറിന് മുന്നില്‍ വച്ചുതന്നെ സ്വന്തം അടിവസ്ത്രം ഊരിയെടുത്ത് മാസ്‌കാക്കി മുഖത്ത് ധരിക്കുകയായിരുന്നു.

ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോസ്റ്റ് ഓഫീസില്‍ വച്ചിരിക്കുന്ന സിസി ക്യാമറകളില്‍ പതിയുകയും ചെയ്തു. അവസാനം പാര്‍സല്‍ യുവതിക്ക് നല്‍കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.രാജ്യത്താകമാനം 2300 ശാഖകളുള്ള നോവാ പോഷ്റ്റ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഏത് ശാഖയിലാണ് ഇത് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

തങ്ങളുടെ ജീവനക്കാര്‍ യുവതിക്ക് മാസ്‌ക് നല്‍കിയെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു എന്ന് പറഞ്ഞ കമ്പനി അധികൃതര്‍ പക്ഷെ അവരുടെ ഈ പ്രവര്‍ത്തിയെ അപലപിക്കുകയോ പൊലീസില്‍ പരാതി നല്‍കുകയോ ചെയ്യുന്നില്ലെന്നും വ്യക്തമാക്കി. എന്തായാലും ഈ കലാപരിപാടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.