വുഹാനിലെ ഹോസ്പിറ്റല്‍ ഡയറക്ടര്‍ കൊറോണ മൂലം മരിച്ചു; ചൈനയില്‍ മരണം 1800 കടന്നു

വുഹാനിലെ ഹോസ്പിറ്റല്‍ ഡയറക്ടര്‍ കൊറോണ മൂലം മരിച്ചു; ചൈനയില്‍ മരണം 1800 കടന്നു
February 18 09:22 2020 Print This Article

നൊവേല്‍ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിലെ ഹോസ്പിറ്റല്‍ ഡയറക്ടര്‍ കൊറോണ മൂലം മരിച്ചു. ചൈനയില്‍ ഇതുവരെ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ ബാധിച്ച് മരിച്ചു. വുഹാനിലെ വുച്ചാങ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ആയ ലിയു സിമിങ് ആണ് മരിച്ചത്. ലിയുവിന്റെ മരണം സംബന്ധിച്ച വാര്‍ത്ത ചൈനീസ് മാധ്യമങ്ങളും ബ്ലോഗുകളും പുറത്തുവിട്ടിരുന്നെങ്കിലും പിന്നീട് ഇത് ഡിലീറ്റ് ചെയ്ത്, ലിയുവിനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് 19 എന്നറിയപ്പെടുന്ന കൊറോണ വൈറസ്  മരണം ചൈനയില്‍ 1868 ആയി. 98 പേര്‍ കൂടി മരിച്ചതോടെയാണിത് എന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. രാജ്യത്താകെ 72500നടുത്ത് പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ഇന്നലെ 1886 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഇന്നലെയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂടുതല്‍ മരണങ്ങളും വൈറസിന്റെ പ്രഭവമേഖലയായ ഹുബെയ് പ്രവിശ്യയില്‍ തന്നെ. മരണനിരക്ക് കുറയുന്നതായി നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അവകാശപ്പെട്ടു. 12,000ത്തിലധികം പേരെ ഡിസ്ചാർജ്ജ് ചെയ്തിട്ടുണ്ട്. അതേസമയം സ്ഥിതിഗതികള്‍ അതീവഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയീസസ് ആവശ്യപ്പെട്ടു. ഈ ട്രെൻഡ് എങ്ങനെ വേണമെങ്കിലും മാറാമെന്നും ഡബ്ല്യഎച്ച്ഒ തലവൻ മുന്നറിയിപ്പ് നൽകി.

വുഹാനിലെ ഒഫ്താല്‍മോളജിസ്റ്റ് ലി വെന്‍ലിയാങ് ആണ് ആദ്യം കൊറോണ വൈറസ് സംബന്ധിച്ച് അറിയിച്ചത്. എന്നാല്‍ ഡിസംബറില്‍ ഈ വിവരം ലി വെന്‍ലിയാങ് പുറത്തുവിട്ടപ്പോള്‍ അദ്ദേഹത്തിനെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കുകയാണ് അധികൃതര്‍ ചെയ്തത്. ഡോക്ടറുടെ മരണം ചൈനയില്‍ വലിയ തോതില്‍ രോഷമുയര്‍ത്തിയിരുന്നു. വുഹാനിലെ ഡോക്ടര്‍മാര്‍ക്ക് മാസ്‌കുകളുടേയും പ്രൊട്ടക്ടീവ് ബോഡി സ്യൂട്ടുകളുടേയും കുറവുണ്ടായിരുന്നു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles