കണ്ണീർ ഉണങ്ങാത്ത നാട് ? പ്രകൃതിയുടെ സംഹാരതാണ്ഡവം കണ്മുൻപിൽ; ഉരുൾപൊട്ടൽ, ഇടുക്കിയിലും മലപ്പുറത്തും ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു….

കണ്ണീർ ഉണങ്ങാത്ത നാട് ? പ്രകൃതിയുടെ  സംഹാരതാണ്ഡവം കണ്മുൻപിൽ; ഉരുൾപൊട്ടൽ, ഇടുക്കിയിലും മലപ്പുറത്തും ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു….
August 09 08:29 2018 Print This Article

സംസ്ഥാനത്ത് വ്യാപകമായി ദുരന്തം വിതച്ച് പേമാരിയും ഉരുള്‍പൊട്ടലും. മഴക്കെടുതികളില്‍ ഇന്നുമാത്രം 17 പേര്‍ മരിച്ചു. ഇതില്‍ 10 മരണവും ഇടുക്കി ജില്ലയിലാണ്. അടിമാലിയില്‍ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം അഞ്ച് പേരാണ് മരിച്ചത്. ഇടുക്കി കീരിത്തോട്ടിലും കൊരങ്ങാട്ടിയിലുമായി നാലുപേരും കമ്പിളികണ്ടത്ത് ഒരു വീട്ടമ്മയും മരിച്ചു.

മലപ്പുറം ചെട്ടിയംപറമ്പിലും ഉരുള്‍പൊട്ടലില്‍ ഒരുകുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഒരാളെ കാണാതായി. മലപ്പുറത്ത് അഞ്ചിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. വയനാട് വൈത്തിരിയില്‍ ഉരുള്‍പൊട്ടി വീട്ടമ്മ മരിച്ചു. വയനാട് മക്കിമലയില്‍ ഉരുള്‍പൊട്ടി രണ്ടുപേരെ കാണാതായി.

അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ അടക്കം അഞ്ചുപേര്‍ മരിച്ചത്. ഹസന്‍കുട്ടി പരുക്കുകളോടെ രക്ഷപെട്ടു. പെരിയാര്‍വാലി കീരിത്തോടുണ്ടായ ഉരുള്‍പൊട്ടലില്‍ കുട്ടക്കുന്നില്‍ ആഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. കൊരങ്ങാട്ടി കോളനിയിലെ ദമ്പതികളായ മോഹനനും ശോഭനയും മരിച്ചവരില്‍ ഉള്‍പെടുന്നു. മലപ്പുറത്ത് ചെട്ടിയംപറമ്പ് പറമ്പാടന്‍ സുബ്രഹ്മണ്യന്‍, അമ്മ കുഞ്ഞി, സുബ്രഹ്മണ്യന്‍റെ ഭാര്യ ഗീത, മക്കളായ നവനീത്, നിവേദ്, ബന്ധു മിഥുന്‍ എന്നിവരാണ് മരിച്ചത്. വയനാട് വൈത്തിരിയില്‍ അയ്യപ്പന്‍കുന്ന് ജോര്‍ജിന്റെ ഭാര്യ ലില്ലിക്കുട്ടിയാണ് മരിച്ചത്.

കോഴിക്കോട് മൂന്നിടത്ത് ഉരുള്‍പൊട്ടലുണ്ടായി. താമരശേരിയില്‍ ഒരാളെ കാണാതായി. പാലക്കാട്, വയനാട്,ഇടുക്കി,മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉരുള്‍പൊട്ടല്‍ വ്യാപകമായി ദുരന്തം വിതച്ചത്. കൊച്ചി–ധനുഷ്കോടി ദേശീയപാതയിലും വയനാട് ചുരത്തിലും ഗതാഗതം തടസപ്പെട്ടു.

സംസ്ഥാനത്ത് അസാധാരണസാഹചര്യമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റ സേവനം തേടി. ദേശീയദുരന്തനിവാരണസേന ഉടന്‍ കോഴിക്കോട്ടെത്തും. റവന്യുമന്ത്രി ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പിന്റെ അടിയന്തരയോഗം വിളിച്ചു. എല്ലാ റവന്യു ഓഫിസുകളിലും ജീവനക്കാരോട് ഉടനെത്താന്‍ നിര്‍ദേശം നല്‍കി.

ഇടുക്കി ജില്ലയിൽ ഹൈറേഞ്ചിലാണൂ കുടുതൽ നാശനഷ്ടങ്ങൾ. കൊച്ചി –ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്നു അടിമാലി മേഖല പൂർണമായും ഒറ്റപ്പെട്ടു. മൂന്നാറിൽ നാലു ദിവസമായി കനത്ത മഴ തുടരുന്നു. ഇന്നു രാവിലെ വരെയുള്ള കണക്കു പ്രകാരം മൂന്നാറിൽ 34.60 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ഓഗസ്റ്റ് മാസത്തിൽ ഇത്രമാത്രം കനത്ത മഴ രേഖപ്പെടുത്തിയതായി രേഖകളിൽ ഇല്ല. മുതിരപ്പുഴയാർ നിറഞ്ഞു കവിഞ്ഞു.

മൂന്നാർ ഹെഡ് വർക്ക്സ് ഡാമിന്റെ രണ്ടു ഷട്ടറുകൾ ഉയർത്തി. പഴയ മൂന്നാർ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. മൂന്നാർ – മാങ്കുളം റൂട്ടിൽ ലക്ഷ്മി പ്രദേശത്ത് 12 സ്ഥലത്ത് മണ്ണിടിച്ചിൽ. പോതമേട് ഭാഗത്ത് നാലിടത്തു മണ്ണിടിച്ചിലുണ്ടായി. അടിമാലി കെഎസ്ഇബി സബ് സ്റ്റേഷനിൽ വെള്ളം കയറി, വൈദ്യുതി ബന്ധം താറുമാറായി. കൊന്നത്തടി, മാങ്കുളം മേഖലയും ഒറ്റപ്പെട്ടു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles