കൊച്ചി: കാവ്യ മാധവന്‍ സിനിമാ രംഗത്തേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. എന്നാല്‍ നടിയായി അല്ല ഇക്കുറി ഗായികയായിട്ടാണ് കാവ്യയുടെ തിരിച്ചുവരവ്. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹാദിയ എന്ന ചിത്രത്തിലാകും കാവ്യ മാധവന്‍ ഗായിക എന്ന നിലയില്‍ തിരിച്ചുവരിക. അഭിനയത്തിനൊപ്പം സംഗീതത്തെയും ആലാപനത്തെയും ഇഷ്ടപ്പെടുന്ന കാവ്യ മുന്‍പും സിനിമകളിലും ആല്‍ബങ്ങളിലുമായി പാടിയിട്ടുണ്ട്. മാറ്റിനി എന്ന ചിത്രത്തിലെ മൗനം മനസില്‍ എന്ന ഗാനവും 2012ല്‍ കാവ്യദളങ്ങള്‍ എന്ന പേരില്‍ സ്വയം രചിച്ച് ആലപിച്ച ആല്‍ബവും ഏറെ സ്വീകാര്യത കൈവരിച്ചിരുന്നു.

ആകാശവാണി എന്ന ചിത്രത്തിലെ കാലം നീയങ്ങു പോയോ, വണ്‍വേ ടിക്കറ്റിലെ എന്‍ ഖല്‍ബിലൊരു എന്ന തുടങ്ങുന്ന ഗാനങ്ങളുടെ രചനയും കാവ്യയുടേതായാണ്.പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാവ്യ മാധവന്‍, 1999ല്‍ ചന്ദ്രനുദിക്കുന്നദിക്കില്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി. 2010ല്‍ നിഷാല്‍ ചന്ദ്ര എന്ന പ്രവാസിയുമായി വിവാഹിതയായ കാവ്യ പിന്നീട് വിവാഹ ബന്ധം ഉപേക്ഷിച്ച് പാപ്പി അപ്പച്ചാ എന്ന സിനിമയിലൂടെ ദിലീപിന്റെ നായികയായി വീണ്ടുമൊരു തിരിച്ചുവരവ് നടത്തിയിരുന്നു. പിന്നീട് ഗദ്ദാമ, ചൈനാ ടൗണ്‍, വെള്ളരി പ്രാവിന്റെ ചങ്ങാതി, അഞ്ചു സുന്ദരികള്‍ എന്നിങ്ങനെ അനേകം ചിത്രങ്ങളില്‍ അഭിനയം തുടര്‍ന്നെങ്കിലും ദിലീപുമായുള്ള കല്യാണശേഷം ഇനി സിനിമയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. 2017ല്‍ പുറത്താനിരിക്കുന്ന ജിത്തു ജോസഫ് ചിത്രത്തിലൂടെ കാവ്യ അഭിനയത്തിലും തിരിച്ചുവരവ് നടത്തുമെന്നാണ് സിനിമ ലോകത്ത് നിന്നുമുള്ള വാര്‍ത്തകള്‍.