സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. സംസ്ഥാനത്തൊട്ടാകെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നദികളിൽ അപകടകരമാംവിധത്തിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രളയസാധ്യതാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പലയിടത്തും മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു. അടുത്ത മൂന്ന് ദിവസം കേരളത്തിൽ അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളാ തീരത്ത് കാലവർഷക്കാറ്റ് ശക്തമാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

കണ്ണൂരിൽ വീടിന് മുകളിൽ മരണം വീണ് ഗൃഹനാഥൻ മരിച്ചു. താമരശ്ശേരിയിൽ മലവെള്ളപ്പാച്ചിൽ. ആലപ്പുഴയിൽ റെയിൽവേ ട്രാക്കിൽ മരം വീണു. കനത്ത മഴയിൽ നെന്മാറയിലും തൃശ്ശൂരിലും വീടുകൾ തകർന്നു. കാസർകോട് കൊന്നക്കാട് ഓടിക്കൊണ്ടിരുന്ന ബസിന് മുകളിൽ മരം വീണു. ഇടുക്കിയിൽ മലയോരപാതയിൽ മണ്ണിടിഞ്ഞു.

കൊല്ലം ശാസ്താംകോട്ടയിൽ കട ഇടിഞ്ഞ് ഭൂമിയിലേക്ക് താണുപോയി. പള്ളിക്കശ്ശേരി ശ്രീമംഗലത്ത് കൃഷ്ണൻകുട്ടിയുടെ കടയാണ് ഇടിഞ്ഞ് താണു പോയത്. 23 വർഷങ്ങൾക്ക് മുമ്പ് കോൺക്രീറ്റിൽ നിർമ്മിച്ച കടാണ് തകർന്നത്. ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുനലൂർ മൂവാറ്റുപുഴ ദേശീയപാതയിൽ പത്തനാപുരം അലിമുക്കിൽ ലോറിക്ക് മുകളിൽ കൂറ്റൻ മരം കടപുഴകി വീണു. ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീഴുകയായിരുന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം തകർന്ന സ്ഥിതിയാണ്. അലിമുക്ക് ജങ്ഷനിൽ സിമന്റ് ഇറക്കുന്നതിനായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി.

പത്തനാപുരം മേഖലയിൽ വലിയ രീതിയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിറവന്തൂർ മേഖലയിൽ ഏഴോളം വൈദ്യുതത്തൂണുകളാണ് തകർന്നു വീണത്. വൈദ്യുതി വിതരണം പൂർണമായും നിലക്കുന്ന സ്ഥിതിയും ഉണ്ടായി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴക്കെടുതിയാണ് റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലം തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി. അഞ്ച് സെന്റി മീറ്റർ വീതം രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. ജലനിരപ്പ് കുറഞ്ഞില്ലെങ്കിൽ 80 സെന്റി മീറ്റർ വരെ ഷട്ടറുകൾ ഉയർത്തുമെന്നാണ് വിവരം.

കനത്ത മഴയിൽ കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ വ്യാപകനാശനഷ്ടം. താമരശ്ശേരി കട്ടിപ്പാറയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. മണ്ണാത്തിയേറ്റ് മലയുടെ ഒരു ഭാഗമാകെ ഇടിഞ്ഞ് താഴോട്ട് പതിച്ചു. താഴ്വാരത്ത് പതിനേഴ് കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി മുതൽ ആരംഭിച്ച മഴ കോഴിക്കോട് ഇപ്പോഴും പെയ്തു കൊണ്ടിരിക്കുകയാണ്. വിലങ്ങാട്ട് മിന്നൽച്ചുഴലിയിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വൈദ്യുതിത്തൂണുകൾ നശിക്കുന്ന സാഹചര്യം ഉണ്ടായി. കുറ്റ്യാടി ചുരത്തിലെ ഒന്നാം വളവിൽ മരം വീണ് ഗതാഗതത്തടസ്സമുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ശോഭ എന്ന സ്ത്രീയുടെ വീട്ടിലെ കിണർ ഇടിഞ്ഞു താണു.

ഇടുക്കിയിലെ മലയോരപാതകളിൽ മണ്ണിടിച്ചിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നേര്യമംഗലം ആറാം മെയിലിൽ മരം വീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. തേക്കടി മൂന്നാർ സംസ്ഥാന പാതയിലും നെടുങ്കണ്ടം – കമ്പം അന്തർ സംസ്ഥാന പാതയിലും വ്യാപകമായി മണ്ണിടിഞ്ഞ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കല്ലാർ, കൂട്ടാർ, ബാലഗ്രാം തുടങ്ങിയിടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. ജില്ലയിൽ മഴ ശക്തമായിത്തന്നെ തുടരുന്നുണ്ട്. മലയോര മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചതുകൊണ്ട് തന്നെ തോടുകളും പുഴകളും നിറഞ്ഞ് ഒഴുകുന്നുണ്ട്. ദേവിയാർ പുഴ കരകവിഞ്ഞൊഴുകുന്നുണ്ട്. നേര്യമംഗലം കുളമാങ്കുഴി ആദിവാസി ഉന്നതിയിലേക്കുള്ള പാതയിൽ വെള്ളം കയറിയിട്ടുണ്ട്.

പീച്ചി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ എട്ട് ഇഞ്ച് വീതമാണ് നാല് ഷട്ടറുകളും തുറന്നിട്ടുള്ളത്. ഇത് ഘട്ടം ഘട്ടം ആയി വർധിപ്പിച്ച് 12 ഇഞ്ച് ആക്കി ഉയർത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇരിങ്ങാലക്കുട പടിയൂരിൽ മിന്നൽച്ചുഴലിയും റിപ്പോർട്ട് ചെയ്തു. വീടിന്റെ മേൽക്കൂര പറന്നു പോയി. മരങ്ങൾ കടപുഴകി വീണു.