കൊച്ചി: കഴിഞ്ഞ ദിവസം ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ഒരു കുട്ടി മരിച്ചതിനു പിന്നാലെ മറ്റ് അഞ്ചു പേര്‍ക്കു കൂടി രോഗം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. രോഗം പടര്‍ന്നു പിടിക്കുന്നത് തടയാന്‍ അത്യന്തം ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. കൂനമ്മാവില്‍ ഡിഫ്തീരിയ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച കുട്ടിയുടെ മാതാവിനും നാലു സഹോദരങ്ങള്‍ക്കുമാണ് ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സമീപമുള്ള നൂറു വീടുകളില്‍ കൂടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
കഴിഞ്ഞ പത്തൊന്‍പതിനാണു കൂനമ്മാവ് കോട്ടുവള്ളി പഞ്ചായത്തില്‍ നാലു വയസ്സുകാരന്‍ ഡിഫ്തീരിയ ബാധയെ തുടര്‍ന്ന് മരിച്ചത്. രോഗലക്ഷണങ്ങല്‍ കണ്ടിട്ടും വിദഗ്ധ ചികില്‍സ നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നില്ല. കുട്ടിക്കും സഹോദരങ്ങള്‍ക്കും രോഗപ്രതിരോധ വാക്സിനുകള്‍ പോലും വേണ്ട രീതിയില്‍ നല്‍കിയിരുന്നില്ലെന്നും ഇതാണ് രോഗം അവരിലേക്കും പടരാന്‍ കാരണമായതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ക്ക് കൂനമ്മാവ് മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇവരെ സന്ദര്‍ശിച്ച് തുടര്‍ ചികില്‍സക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ തിരുവനന്തപുരം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധിച്ചതില്‍ നിന്നും ഇവര്‍ക്ക് ഡിഫ്ത്തീരിയ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിന് മുന്‍പ് അസം സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ മരണവും ഡിഫ്തീരിയ ബാധയെ തുടര്‍ന്നാണെന്ന് ്സ്ഥിരീകരിച്ചിരുന്നു. രോഗബാധ തടയുന്നതിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാത്തവരെയും മുടക്കം വന്നവരെയും കണ്ടെത്തി പ്രതിരോധ ചികിത്സ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കൂനമ്മാവിലെ ഈ കുടുംബത്തെ കൂടാതെ ശ്രീമൂലനഗരം, പള്ളുരുത്തി സ്വദേശികളായ കുട്ടികള്‍ക്കും ഡിഫ്ത്തീരിയ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം എട്ടായി. വളരെവേഗം പകരുന്ന രോഗമായതിനാലും സങ്കീര്‍ണതകള്‍ കൂടുതലായതിനാലും അതീവ ജാഗ്രത നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്. രോഗബാധയുള്ളവരുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വീടുകളിലെ സമാന രോഗലക്ഷണങ്ങളുള്ളവര്‍ക്കും മുന്‍കരുതലായി എറിത്രോമൈസിന്‍ ഗുളികകളും ഏഴ് വയസ്സിനു മുകളിലുള്ളവര്‍ക്ക് ടിഡി വാക്സിനും നല്‍കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കാത്തതാണ് രോഗം പടരാനുള്ള കാരണമെന്നും അധികൃതര്‍ വ്യക്തമാക്കി.
രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങാന്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഞായറാഴ്ച ജില്ലയിലെ 2230 യൂണിറ്റുകളിലും രാവിലെ എട്ടിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും വിദഗ്ധരെ ഉള്‍പ്പെടുത്തി ബോധവല്‍ക്കരണ ക്ലാസുകളടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് ഡിവൈഎഫ്ഐ തീരുമാനം.
	
		

      
      



              
              
              




            
Leave a Reply