ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബെൽഫാസ്റ്റിൽ തിങ്കളാഴ്ച രാത്രി നടന്ന കത്തിക്കുത്ത് ആക്രമണത്തിന് പിന്നാലെ ഉത്തര അയർലൻഡിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക അക്രമസംഭവങ്ങൾ അരങ്ങേറി. വടക്കൻ ബെൽഫാസ്റ്റിലെ കിന്നാർഡ് അവന്യൂവിൽ 40 വയസ്സുള്ള ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ 30-കാരനായ സുഡാൻ സ്വദേശിക്കെതിരെ കൊലപാതകശ്രമം, പൊതുസ്ഥലത്ത് കത്തി കൈവശം വച്ചത്, വധഭീഷണി മുഴക്കിയത് എന്നീ കുറ്റങ്ങൾ ചുമത്തി. പ്രതിയെ ഇന്ന് ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ആക്രമണത്തെ തുടർന്ന് ബെൽഫാസ്റ്റ്, ലണ്ടൻഡെറി, ആൻട്രിം, ന്യൂട്ടൗണാബി, ബാംഗർ, ബാലിമീന തുടങ്ങിയ പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുകയും ചിലയിടങ്ങളിൽ അത് അക്രമാസക്തമായി മാറുകയും ചെയ്തു.

ബെൽഫാസ്റ്റിലെ ലെൻഡ്രിക് സ്ട്രീറ്റിലും ന്യൂട്ടൗൺഡ്സ് റോഡിലുമായി വീടുകൾക്കും വാഹനങ്ങൾക്കും അക്രമകാരികൾ തീയിട്ടു. മുഖംമൂടി ധരിച്ച സംഘങ്ങൾ വീടുകളുടെ വാതിലുകൾ തകർക്കാനും ജനലുകൾ അടിച്ചുതകർക്കാനും ശ്രമിച്ചതായി പ്രദേശവാസികൾ ആരോപിച്ചു. ഒരു ബസിനും നിരവധി കാറുകൾക്കും തീയിട്ടതിനെ തുടർന്ന് പൊതുഗതാഗത സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ക്രംലിൻ റോഡിലും പോർട്ടഡൗണിലും പൊലീസ് വാഹനങ്ങളും സശിപ്പിച്ചു . ബലിക്ലെയറിലെ ഒരു തുർക്കിഷ് ബാർബർ ഷോപ്പിന് നേരെയും ആക്രമണമുണ്ടായി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും പൊലീസ് സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.

അക്രമം അവസാനിപ്പിച്ച് സമാധാനപരമായ പ്രതിഷേധം നടത്തണമെന്ന് പൊലീസ്, രാഷ്ട്രീയ നേതാക്കൾ, മതനേതാക്കൾ എന്നിവർ സംയുക്തമായി അഭ്യർഥിച്ചു. കറുത്ത വർഗക്കാരായതിനാൽ ചില കുടുംബങ്ങളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കേണ്ടിവന്നതായി പാസ്റ്റർ ജാക്ക് മക്കീ പറഞ്ഞു. അതേസമയം, ഉത്തര അയർലൻഡിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ കത്തിക്കുത്ത് ആക്രമണത്തെയും തുടർന്നുണ്ടായ അക്രമങ്ങളെയും ശക്തമായി അപലപിച്ചു. 2023-ൽ ബ്രിട്ടനിലെത്തി അഭയാർഥി പദവി നേടിയ പ്രതിക്ക് 2028 വരെ രാജ്യത്ത് താമസാനുമതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊലീസിന്റെ രേഖകളിൽ ഇയാൾ മുമ്പ് സുരക്ഷാഭീഷണിയുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.











Leave a Reply