ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഈ വേനലിൽ ഊർജ്ജ ഉത്പാദനം റെക്കോർഡ് നിലവാരത്തിലെത്തുമെന്ന കണക്കുകൾ പുറത്തുവന്നു. ഈ സാഹചര്യത്തിൽ പകൽ സമയത്ത് വീടുകളോട് വൈദ്യുതി ഉപയോഗം വർധിപ്പിക്കാൻ സർക്കാർ ആഹ്വാനം ചെയ്തു . കാറ്റും സൂര്യശക്തിയും അധികമായി ലഭിക്കുന്ന സമയങ്ങളിൽ വാഷിങ് മെഷീൻ, ഡിഷ്വാഷർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കാനും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കും. ഇത്തരം സമയങ്ങളിൽ വൈദ്യുതി കമ്പനികൾ കുറഞ്ഞ നിരക്കിലോ സൗജന്യമായോ വൈദ്യുതി നൽകാൻ സാധ്യതയുണ്ട്. ഇതിലൂടെ ഗ്രിഡിൽ ഉണ്ടാകുന്ന അധിക വൈദ്യുതി ബാലൻസ് ചെയ്യുകയും ഉപഭോക്താക്കളുടെ ബില്ലുകൾ കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം.

നാഷണൽ എനർജി സിസ്റ്റം ഓപ്പറേറ്റർ (നെസോ) അധിക വൈദ്യുതി ഉള്ള സമയങ്ങളിൽ ഉപഭോഗം വർധിപ്പിക്കാൻ മാർക്കറ്റ് നോട്ടീസ് നൽകും. ഇതിലൂടെ ആവശ്യക്കാർ കുറവായപ്പോൾ കാറ്റാടി, സോളാർ പ്ലാന്റുകൾ ഓഫ് ചെയ്യാൻ നൽകേണ്ട വലിയ നഷ്ടപരിഹാര ചെലവുകൾ ഒഴിവാക്കാനാകും. ബ്രിട്ടനിൽ അടുത്തിടെ സോളാർ, വിൻഡ് വൈദ്യുതി ഉത്പാദനം റെക്കോർഡുകൾ തകർത്തെന്നതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം. ഒരേസമയം, ഈ വേനലിൽ വൈദ്യുതി ഗ്രിഡ് മുഴുവൻ സീറോ കാർബൺ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആദ്യ കാലഘട്ടമാകാനിടയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ അധിക വൈദ്യുതി ഉത്പാദനം ചില സമയങ്ങളിൽ ഗ്രിഡിന് മേൽ അധിക ഭാരം സൃഷ്ടിച്ച് തകരാറിലാകാനുള്ള സാധ്യതയും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇതിനിടെ ഗ്യാസ് വിതരണത്തിൽ വലിയ പ്രശ്നങ്ങളില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് . മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ വില ഉയർന്നിട്ടുണ്ടെങ്കിലും, ബ്രിട്ടൻ പ്രധാനമായും നോർവേയും നോർത്ത് സീയും വഴിയുള്ള ഗ്യാസ് ഉപയോഗിച്ച് ആവശ്യങ്ങൾ നിറവേറ്റുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര ഗ്യാസ് ഉത്പാദനം കുറയുന്നുണ്ടെങ്കിലും ഇറക്കുമതി വർധിപ്പിച്ച് അതു നികത്താനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നത് . 2030ഓടെ ഇലക്ട്രിക് വാഹനങ്ങൾ, ഹീറ്റ് പമ്പുകൾ തുടങ്ങിയവയുടെ ഉപയോഗം കൂടുന്നതോടെ നവീകരണ ഊർജ്ജ ഉപഭോഗവും വർധിച്ച് ഈ മേഖലയിൽ സ്ഥിരത കൈവരുമെന്നുമാണ് വിലയിരുത്തൽ.











Leave a Reply