കൊല്ലം: ഗൃഹനാഥന്‍ രണ്ടാംഭാര്യയേയും മകളേയും വെട്ടിക്കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ ദുരൂഹതകള്‍. കഴിഞ്ഞ ദിവസമായിരുന്നു വീടിനുള്ളില്‍ വെട്ടേറ്റു മരിച്ചനിലയില്‍ അമ്മയേയും മകളേയും തൂങ്ങി മരിച്ച നിലയില്‍ ഗൃഹനാഥനെയും കാണപ്പെട്ടത്. കൊല്ലം ജില്ലയിലെ കുണ്ടറ ആശുപത്രിമുക്കിലെ ഒരു ലോഡ്ജില്‍ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തു വരുകയായിരുന്ന ജയലക്ഷ്മി (34), മകള്‍ സെന്റ് മാര്‍ഗരറ്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി കാര്‍ത്തിക (12) എന്നിവരെയാണ് വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
ജയലക്ഷ്മിയുടെ രണ്ടാം ഭര്‍ത്താവ് മധുസൂദനന്‍ പിള്ള(52)യെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മധുസൂദനന്‍ പിള്ള കുണ്ടറ ബിഎസ്എന്‍എല്ലിലെ ടെക്‌നീഷ്യനാണ്. എന്നും രാവിലെ 8.30ന് മുമ്പ് ലോഡ്ജില്‍ ജോലിക്ക് പൊയ്‌ക്കൊണ്ടിരുന്ന ജയലക്ഷ്മി പോകുന്നത് കാണാതിരുന്നതിനാല്‍ അയല്‍ക്കാരിയും മധുസൂദനന്റെ അമ്മാവന്റെ മരുമകളുമായ സംഗീത വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്. ജയലക്ഷ്മി ഹാളിലെ തറയിലും മകള്‍ കാര്‍ത്തിക സമീപത്ത് സെറ്റിയിലുമാണ് മരിച്ച് കിടന്നത്. കൊടുവാള്‍ കൊണ്ട് വെട്ടേറ്റ അവസ്ഥയിലായിരുന്ന മൃതദേഹങ്ങള്‍. മധുസൂദനന്‍ പിള്ള കിടപ്പുമുറിയിലെ ഫാനിലാണ് തൂങ്ങി നിന്നിരുന്നത്. തൊട്ടു താഴെ രണ്ട് മദ്യക്കുപ്പികളും വിഷക്കുപ്പിയും കണ്ടെത്തി. വെട്ടിയതെന്ന് കരുതപ്പെടുന്ന കൊടുവാള്‍ വീടിനുള്ളിലെ കുളിമുറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു.kollam2

മധുസൂദനന്‍ പിള്ളയുടെ രണ്ടാം ഭാര്യയാണ് ജയലക്ഷ്മി. ആദ്യ ഭാര്യ അജിത കുമാരി (പൂമണി) നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ബുദ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. അവര്‍ ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. അതിന് ശേഷമാണ് ചവറ തെക്കുംഭാഗം പേരുവിളാകം ജംഗ്ഷന്‍, ഊളം തടത്തില്‍ ജയഭവനത്തില്‍ പരേതനായ മോഹനന്‍ പിള്ളയുടേയും ലീലയുടെയും മകളായ ജയലക്ഷ്മിയെ വിവാഹം കഴിച്ചത്.

ആദ്യ വിവാഹത്തില്‍ മധുസൂദനന്‍ പിള്ളയ്ക്ക് മക്കളില്ല. മൂന്നു വര്‍ഷത്തിന് മുമ്പ് സമുദായ ആചാരപ്രകാരമാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. എങ്കിലും ഈ വിവാഹത്തിന് ബന്ധുക്കള്‍ എതിരായിരുന്നു. ജയലക്ഷ്മിയുടെ ആദ്യ ഭര്‍ത്താവ് വിവാഹം ബന്ധം ഒഴിഞ്ഞ് പോയിരുന്നു. ആ വിവാഹത്തിലുള്ള മകളാണ് കൊല്ലപ്പെട്ട കാര്‍ത്തിക. മൃതദേഹങ്ങള്‍ കിടന്ന മുറിയുടെ ഭിത്തിയില്‍ മധുസൂദനന്‍ പിള്ളയുടേതെന്ന് കരുതപ്പെടുന്ന വാക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ ജീവന് തുല്യം സ്‌നേഹിച്ച ഭാര്യയെ മറ്റൊരാള്‍ തട്ടിയെടുത്തുവെന്ന വാക്കുകളാണ് ഭിത്തിയില്‍ രേഖപ്പെടുത്തിയിരുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജയലക്ഷ്മി ലോഡ്ജിലെ ജോലിക്ക് പോകുന്നതില്‍ മധുസൂദനന്‍ പിള്ളയ്ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. ഇത് വകവയ്ക്കാതെ ജോലി തുടര്‍ന്നു. ഇതേ ചൊല്ലി വീട്ടില്‍ നിരന്തരം കലഹമുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഇതിനിടയില്‍ ഗുണ്ടകളുമായി എത്തിയ ഒരു സംഘം മധുസൂദനന്‍പിള്ളയുടെ പേരിലുള്ള വസ്തുക്കള്‍ ജയലക്ഷ്മിയുടെ പേരിലേക്ക് എഴുതിമാറ്റിയതായും പറയപ്പെടുന്നു. രണ്ട് ദിവസം മുമ്പ് ഇവര്‍ എത്തി പുരയിടം അളന്ന് തിട്ടപ്പെടുത്തിയതായും പറയുന്നു.

വീടിന്റെ കതക് തുറന്ന് കിടന്നതും മധുസൂദനന്റെ മൃതദേഹം തൂങ്ങി നിന്നതിലും നാട്ടൂകാര്‍ക്കും ബന്ധുക്കള്‍ക്കും ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. ഫാനിലും കഴുത്തിലും ഇട്ടിരിക്കുന്ന കുരുക്കുകള്‍ സംശയം ജനിപ്പിക്കുന്നതാണ്. മദ്യപിക്കാത്ത മധുസൂദനന്റെ മുറിയില്‍ എങ്ങനെ രണ്ടു ഗ്ലാസുകളും ഉപയോഗിച്ചതിന്റെ ബാക്കി മദ്യവും എത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

സംഭവം അറിഞ്ഞ് കൊല്ലം റൂറല്‍ എസ്പി എ അശോക് കുമാര്‍, കുണ്ടറ പോലീസ് സിഐ കെ സദന്‍, സബ് ഇന്‍സ്‌പെക്ടര്‍ അനന്‍ ദേവ്, സയന്റിഫിക് അസിസ്റ്റന്റ് യേശുദാസന്‍, ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധന്‍ വി ബിജുലാല്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മധുസൂദനന്‍ പിള്ളയുടെ മൃതദേഹം ഇന്നലെ സന്ധ്യയോടെ വീട്ടുവള്ളപ്പില്‍ സംസ്‌കരിച്ചു. മറ്റ് രണ്ടുപേരുടേയും മൃതദേഹങ്ങള്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജയലക്ഷ്മിയുടെ വിദേശത്തുള്ള സഹോദരന്‍ നാട്ടിലെത്തിയതിന് ശേഷം ഇന്ന് രാവിലെ 10.30ന് തെക്കുംഭാഗത്തെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.