ലണ്ടന്‍: ആല്‍ക്കഹോളിനൊപ്പം എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ത്ത് കഴിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് പഠനം. വോഡ്ക, റെഡ്ബുള്‍ കോക്ക്ടെയില്‍, എസ്പ്രസോ മാര്‍ട്ടീനീസ്. ജാഗര്‍ബോംബ്സ് കോക്ക്ടെയില്‍ എന്നിവ ആല്‍ക്കഹോള്‍ മാത്രം കഴിക്കുന്നതിനേക്കാള്‍ ദോഷം ചെയ്യുമെന്ന് ഗവേഷകര്‍ പറയുന്നു. എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ആല്‍ക്കഹോളിന്റെ പ്രവര്‍ത്തനത്തെ മറച്ചുവെക്കുകയും കൂടുതല്‍ മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. 13 പഠനങ്ങള്‍ വിലയിരുത്തിയാണ് ഈ നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.
ആല്‍ക്കഹോളിന്റെ ഫലം മറച്ചുവെക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് സാധിക്കുന്നതിനാല്‍ കൂടുതല്‍ മദ്യം കഴിക്കുന്നത് വീഴ്ചകള്‍ക്കും അപകടങ്ങള്‍ക്കും ഇടയാക്കുമെന്ന് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വിക്ടോറിയ നടത്തിയ പഠനം വ്യക്തമാക്കുന്നു. എന്നാല്‍ ആല്‍ക്കഹോള്‍ മാത്രമാണ് കഴിക്കുന്നതെങ്കില്‍ വളരെ വേഗം ക്ഷീണിക്കുകയും അപകട സാധ്യതകള്‍ താരതമ്യേന കുറയുകയും ചെയ്യുന്നു. ജേര്‍ണല്‍ ഓഫ് സ്റ്റഡീസ് ഓണ്‍ ആല്‍ക്കഹോള്‍ ആന്‍ഡ് ഡ്രഗ്സില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.

എനര്‍ജി ഡ്രിങ്കുകളില്‍ അടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള കഫീന്‍ ഹൃദയമിടിപ്പ് കൂടുന്നതിനും ഉറക്കം കുറയുന്നതിനും മാനസിക സംഘര്‍ഷങ്ങള്‍ക്കും ദേഷ്യമുണ്ടാകാനും കാരണമാകുന്നു. എനര്‍ജി ഡ്രിങ്കുകള്‍ മദ്യത്തിന് ഒപ്പം കഴിക്കുന്നത് അപകടകരമായ രീതിയാണെന്ന് ഡ്രിങ്കെവയര്‍ എന്ന ചാരിറ്റിയും മുന്നറിയിപ്പ് നല്‍കുന്നു.