ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് കർണാടകയിലെത്തിയ 10 യാത്രികരെ കുറിച്ച് വിവരമില്ലെന്ന് ബംഗളൂരു മുൻസിപ്പൽ കോപറേഷൻ. ബംഗളൂരുവിൽ വിമാനമിറങ്ങിയ അന്താരാഷ്ട്ര യാത്രക്കാരെയാണ് കാണാതായത്. ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ വിവരമൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

രാജ്യത്ത് ആദ്യമായി കർണാടകയിലാണ് രണ്ടുപേർക്ക് കോവിഡ്-19 വകഭേദമായ ഒമിക്രോൺ (omicron)(ബി 1.1.529) സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് വിദേശി യാത്രക്കാർക്ക് കർശന നിരീക്ഷണം ഏർപ്പാടാക്കിയത്.

ബംഗളൂരുവിലെത്തിയ വിദേശികളുടെ വിലാസം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് കർണാടക ആരോഗ്യമന്ത്രിയും സ്ഥിരീകരിച്ചു. വിദേശികളെ കണ്ടെത്താൻ ആരോഗ്യപ്രവർത്തകർ ശ്രമം തുടരുകയാണെന്ന് ബിബിഎംപി കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. ട്രാക്കിങ് ഒരു തുടർ പ്രക്രിയ ആണെന്നും ഫോൺ വിളിച്ചിട്ട് പ്രതികരണമില്ലെങ്കിൽ അവരെ കണ്ടെത്താൻ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഒമിക്രോൺ സ്ഥിരീകരിച്ച 66-ഉം 46-ഉം പ്രായക്കാരായ രോഗികൾക്ക് രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പത്രസമ്മേളനത്തിൽ അറിയിച്ചിട്ടുണ്ട്. വൈറസ് വകഭേദം കണ്ടെത്തിയ നാൽപത്തിയാറുകാരൻ ബംഗളൂരു സ്വദേശിയായ ഡോക്ടറാണ്. ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടാമത്തെയാൾ ദക്ഷിണാഫ്രിക്കൻ പൗരനാണ്. ഇയാൾ കോവിഡ് ഭേദമായി വിദേശത്തേക്ക് പോയി.