മലയാളികൾ ധാരാളമായി സന്ദർശിക്കുന്ന ഒരു പ്രമുഖ ടൂറിസ്റ്റു കേന്ദ്രമാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. സ്‌കൂൾ കുട്ടികൾ, ഹണിമൂൺ ദമ്പതിമാർ, ഫാമിലികൾ തുടങ്ങി ഏതു തരക്കാരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള മനോഹരമായ കുറെ സ്ഥലങ്ങളും കാഴ്ചകളും അനുഭവങ്ങളുമൊക്കെ ഊട്ടിയിൽ ഉണ്ട്.

തുറന്നു പറയാമല്ലോ, ബാച്ചിലേഴ്‌സ് അടക്കമുള്ള, നമ്മുടെ കൂട്ടത്തിൽ തന്നെയുള്ള മറ്റു പ്രായമായ ചിലരൊക്കെ ഇത്തരം ടൂറിനിടയിൽ സ്വൽപ്പം രസത്തിനായി മദ്യം സേവിക്കാറുണ്ട് എന്നത് ഒരു സത്യമാണ്. ഇതിലിപ്പോൾ പ്രത്യേകിച്ച് രഹസ്യമോ മറയോ ഒന്നുമില്ല താനും. പക്ഷെ ഊട്ടിയിൽ ചെന്നിട്ട് മദ്യപാനത്തിനുശേഷം ഒഴിഞ്ഞ കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ചാൽ ഇനി മുട്ടൻ പണിയായിരിക്കും നിങ്ങളെ തേടി വരുന്നത്.

കാരണം മറ്റൊന്നുമല്ല, ഊട്ടിയിലും പരിസരപ്രദേശങ്ങളിലും മദ്യപാനത്തിനു ശേഷം കുപ്പികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതിനിടെ പിടിക്കപ്പെട്ടാൽ അവരുടെ പക്കൽ നിന്നും 10,000 രൂപ പിഴയീടാക്കും. ഇതിനായുള്ള ഉത്തരവ് നീലഗിരി ജില്ലാ കലക്ടറായ ഇന്നസെന്റ് ദിവ്യ നൽകിയിട്ടുണ്ട്.

നീലഗിരി ജില്ലയിൽ സർക്കാർ വക 55 മദ്യഷാപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ തമിഴ്‌നാട്ടിലെ മറ്റു ജില്ലകളിലേതു പോലെ നീലഗിരിയിൽ ഇത്തരം മദ്യഷാപ്പുകളോടനുബന്ധിച്ച് ബാറുകൾ (മദ്യം കുടിക്കുവാനുള്ള ചെറിയ സെറ്റപ്പ്) ഇല്ല. ഇക്കാരണത്താൽ മദ്യഷാപ്പുകളിൽ നിന്നും ആളുകൾ മദ്യം വാങ്ങുകയും, എവിടെയെങ്കിലും മാറിയിരുന്നു കുടിച്ചശേഷം കുപ്പി പൊതുസ്ഥലങ്ങളിലും, കാടുകളിലുമൊക്കെ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിവസേന പതിനായിരക്കണക്കിനു കുപ്പികൾ ഇപ്രകാരം നീക്കം ചെയ്യേണ്ടി വരുന്നുണ്ട്. ഇങ്ങനെ കുപ്പികൾ പൊതുസ്ഥലങ്ങളിൽ എറിയുന്നത് വലിയ തോതിലുള്ള പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടവരുത്തും എന്നതിനാലാണ് അവ നിക്ഷേപിക്കുന്നവരിൽ നിന്നും ഉയർന്ന തുക പിഴയീടാക്കുവാൻ കളക്ടർ ഉത്തരവിട്ടത്.

അതുകൊണ്ട് ഊട്ടിയിലേക്കും, കോത്തഗിരിയിലേക്കും ഒക്കെ ടൂർ പോകുന്നവർ ശ്രദ്ധിക്കുക. അവിടത്തെ ടീം നമ്മൾ വിചാരിക്കുന്ന പോലെയല്ല, നല്ല സ്‌ട്രോങ് ആണ്. കുപ്പികൾ വലിച്ചെറിയുന്നതു ആരെങ്കിലും കണ്ടാൽ നല്ല പണി കിട്ടും എന്നുറപ്പാണ്. ഇനി ആരും കാണാതെ കാടുകളിലേക്കോ മറ്റോ കളയാമെന്നു വെച്ചാലും പിടിക്കപ്പെട്ടാൽ പിഴ കൊടുക്കേണ്ടി വരും.

മദ്യക്കുപ്പികൾ നിക്ഷേപിക്കുന്നതിനായുള്ള പ്രത്യേക വേസ്റ്റ് ബിന്നുകൾ പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. കുപ്പികൾ കൃത്യമായി അവയിൽ നിക്ഷേപിക്കുക. ഒരിക്കലും പിഴയെ മാത്രം പേടിച്ച് നിങ്ങൾ ഒതുങ്ങണം എന്നല്ല, നമ്മുടെ പരിസ്ഥിതിയെ മലിനമാക്കുന്ന ഒന്നിലും നമ്മൾ പങ്കാളികൾ ആകരുത് എന്ന ദൃഢനിശ്ചയമാണ് നമുക്ക് വേണ്ടത്. കാഴ്ചകൾ ആസ്വദിക്കുവാനുള്ളതാണ്. അവ കണ്ണുകൾ കൊണ്ട് ആസ്വദിക്കുക. നമ്മൾ ആസ്വദിച്ച ശേഷം അടുത്തയാൾക്കും കൂടി അത് ആസ്വദിക്കുവാനുള്ളതാണെന്ന ബോധം വേണം. പ്രകൃതി സുന്ദരിയായിത്തന്നെ നിലകൊള്ളട്ടെ. നമുക്ക് എക്കാലവും ആസ്വദിക്കാം.