കോവിഡ് ഓട്ടം തുടങ്ങിയതു മുതല്‍ മിക്ക 108 ആംബുലന്‍സ് ഡ്രൈവര്‍മാരും കുടുംബത്തെ ഓര്‍ത്ത് വീട്ടില്‍ പോകുന്നില്ല. പോകുന്നവര്‍ കുടുംബത്തെ ബന്ധുവീട്ടിലേക്കു പറഞ്ഞു വിടുകയാണ്. അതുകൊണ്ടാണ് മഞ്ചേരിയിലെ മൂന്നു വയസ്സുകാരി ഇനിയയുടെ ആഗ്രഹം കോവിഡ് കാലത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കിടയിലെ സങ്കടക്കാഴ്ചയായത്.
പെരിന്തല്‍മണ്ണയിലെ ആംബുലന്‍സ് ജീവനക്കാരനായ വറ്റല്ലൂര്‍ പള്ളിപ്പറമ്പില്‍ സഗീര്‍ വീട്ടില്‍ പോയിട്ട് 25 ദിവസം കഴിഞ്ഞു. ഫോണ്‍ മുഖേന ആണു വീട്ടുകാരുമായി ബന്ധം. ഏക മകള്‍ ഉപ്പയെ കാണാന്‍ വാശി പിടിക്കുമ്പോള്‍ നാളെ വരുമെന്നു പറഞ്ഞു ഭാര്യ ആശ്വസിപ്പിക്കുമെന്നു സഗീര്‍ പറയുന്നു. നാളെകള്‍ ആഴ്ചകള്‍ക്കു വഴിമാറി. രോഗികളെയും കൊണ്ടു ആശുപത്രിയിലേക്കു കുതിക്കുമ്പോള്‍ കുടുംബ കാര്യങ്ങള്‍ മാറ്റിവയ്ക്കുകയാണ്.
ഇന്നലെ പുലാമന്തോള്‍ ഭാഗത്തുനിന്നു രോഗിയെ കൊണ്ടു വരുമ്പോള്‍ വീടിനു സമീപത്തുകൂടെ പോകുന്ന വിവരം ഭാര്യയെ വിളിച്ചു പറഞ്ഞു.ഉപ്പയെ കാണാന്‍ വാശി പിടിക്കുന്ന കുഞ്ഞുമോളുടെ ആഗ്രഹം വീണ്ടുമൊരു നാളേയ്ക്കു നീട്ടി വയ്ക്കാന്‍ ഉമ്മ മനസ്സിനു കഴിഞ്ഞില്ല. വീടിനു മുന്നില്‍ മകളും ഭാര്യയും കാത്തുനിന്നു. കൂടെ രോഗി ഉള്ളതിനാല്‍ വണ്ടി നിര്‍ത്താതെ ഒന്നു കൈ വീശിക്കാണിച്ചു യാത്ര തുടര്‍ന്നെന്നു സഗീര്‍ പറഞ്ഞു.
Leave a Reply