ദക്ഷിണാഫ്രിക്കയില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചു. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ രാജ്യത്തെത്തിക്കുന്നത്. മുംബൈ അധോലോകത്തിലെ ഛോട്ടാ രാജന്‍ സംഘാംഗമായിരുന്ന രവി പൂജാരിക്കെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കൊലക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകളുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടലാണ് ഇതിൽ പ്രധാനം.

ഇരുന്നൂറോളം കേസുകൾ നിലവിലുണ്ടെന്നാണ് കൊച്ചിയില്‍ നടി ലീന മരിയ പോളിന്‍റെ ബ്യൂട്ടി പാര്‍ലറിലേക്ക് വെടിയുതിര്‍ത്ത് ഭീഷണിപ്പെടുത്തിയ കേസിലും പ്രതിയാണ് കണക്ക്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ സെനഗലില്‍ അറസ്റ്റിലായ രവി പൂജാരി ജാമ്യത്തിലിറങ്ങി മുങ്ങി ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.

കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. റോയും സെനഗല്‍ പൊലീസും ദക്ഷിണാഫ്രിക്കന്‍ ഏജന്‍സികളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാൾ വീണ്ടും അറസ്റ്റുചെയ്തത്. രവി പൂജാരിയെ പിന്നീട് സെനഗലില്‍ എത്തിച്ച ശേഷമാണ് ഇപ്പോൾ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത്. പാരിസ് വഴി എയര്‍ ഫ്രാന്‍സ് വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്. ബുര്‍ക്കിനഫാസോ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കൻ രാജ്യങ്ങളിൽ കഴിഞ്ഞിരുന്നത്.