ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ സുപ്രധാന മാറ്റം വരുത്താനൊരുങ്ങി ബോറിസ് ജോൺസൻ. മെയ്‌ 17 മുതൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. പ്രധാനമായും 11 മാറ്റങ്ങളാണ് കൊണ്ടുവരാൻ പദ്ധതിയിടുന്നത്. ഇതിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്നത്തെ പത്രസമ്മേളനത്തിലൂടെ ബോറിസ് ജോൺസൻ പുറത്ത് വിടും. ലോക്ക്ഡൗണിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ ഉണ്ടായിരിക്കും. പബ്ബുകളും റെസ്റ്റോറന്റുകളും വീണ്ടും തുറക്കും, വിദേശയാത്രകൾ പുനരാരംഭിക്കും എന്നിവയോടൊപ്പം ഒരു സുപ്രധാന മാറ്റവും നിലവിൽ വരും. 15 മാസങ്ങൾക്ക് ശേഷം ആളുകൾക്ക് പരസ്പരം ആലിംഗനം ചെയ്യാൻ കഴിയും.

വ്യത്യസ്ത ബബിളുകളിൽ നിന്നുള്ള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും 2020 മാർച്ചിനുശേഷം ആദ്യമായി ആലിംഗനം ചെയ്യാൻ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്ത ബബിളുകളിൽ നിന്നുള്ള ആളുകൾക്ക് ഒരു വീട്ടിൽ കൂടിച്ചേരാൻ കഴിഞ്ഞേക്കും. അതുപോലെ രാത്രിയിൽ ഒരുമിച്ച് താമസിക്കുവാനുള്ള അനുവാദവും നൽകും. വാതിൽപ്പുറ ഇടങ്ങളിൽ മുപ്പതു ആളുകൾക്ക് വരെ ഒരുമിച്ചു കൂടാൻ സാധിച്ചേക്കും. വിദേശയാത്ര അനുവദിക്കുമെങ്കിലും ബഹുഭൂരിപക്ഷം രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന ബ്രിട്ടീഷുകാർ മടങ്ങിയെത്തുമ്പോൾ വീട്ടിലോ 1,750 പൗണ്ട് മുടക്കി ഒരു ഹോട്ടലിലോ ഒറ്റപ്പെടേണ്ടിവരും. നിലവിൽ പോർച്ചുഗലും ഇസ്രായേലും ഉൾപ്പെടെ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമേ ഗ്രീൻ ലിസ്റ്റിൽ ഉള്ളൂ. ജൂൺ, ജൂലൈ മാസങ്ങളിലേക്ക് നീങ്ങുമ്പോൾ നിയന്ത്രണങ്ങൾ വളരെ വേഗം കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

  ഐഫോൺ 12 ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കുക. മാഗ്നറ്റിക് ചാർജിംഗ് സംവിധാനമായ മാഗ് സേഫ് അപകടസാധ്യത വർധിപ്പിക്കുമെന്ന് പുതിയ പഠനം. സുപ്രധാന കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ച് ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ

മൂന്നാം ഘട്ടത്തിൽ ആരാധകർക്ക് കായിക വേദികളിലേക്ക് മടങ്ങാൻ കഴിയും. ജിമ്മുകളും സ്പാകളും തുറക്കാൻ അനുമതിയുണ്ടായിരുന്നുവെങ്കിലും അവയുടെ സോനകളും സ്റ്റീം റൂമുകളും അടച്ചിരിക്കണമെന്ന് ഉണ്ടായിരുന്നു. ഈ ഘട്ടത്തിൽ അവ തുറന്ന് പ്രവർത്തിക്കും. ഔട്ട്‌ഡോർ തിയേറ്ററുകളും സിനിമാശാലകളും വീണ്ടും തുറക്കും. മ്യൂസിയങ്ങൾ, സിനിമാശാലകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ പോലുള്ള ഇൻഡോർ വിനോദത്തിനും അനുവാദം നൽകും. വിവാഹങ്ങൾ, സ്വീകരണങ്ങൾ, ശവസംസ്കാരങ്ങൾ പോലുള്ള ചടങ്ങുകളിൽ 30 ആളുകൾക്ക് വരെ സംബന്ധിക്കാൻ സാധിക്കും. ഈ ഇളവുകളെ പറ്റിയുള്ള കൂടുതൽ വിവരങ്ങളും മാർഗനിർദേശങ്ങളും സർക്കാർ അറിയിക്കും.