ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാഞ്ചസ്റ്റർ: നായ്ക്കൾ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച യുവതിയെ രക്ഷിക്കാൻ ഓടിയെത്തിയ 11കാരന് നായയുടെ കടിയേറ്റു. ഫ്രാങ്കി എന്ന ബാലനാണ് ബുൾമാസ്റ്റിഫ് ഇനത്തിൽപ്പെട്ടതെന്ന് കരുതുന്ന നായയുടെ ആക്രമണത്തിൽ തുടയിൽ കടിയേറ്റത്. വ്യാഴാഴ്ച വൈകിട്ട് നാലോടെ മാഞ്ചസ്റ്ററിലെ ന്യൂട്ടൺ ഹീത്തിലെ സ്കോട്ട് ലൻഡ് ഹാൾ റോഡിലായിരുന്നു സംഭവം. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ആന്റിബയോട്ടിക് നൽകി. കുട്ടിയുടെ അമ്മ സാറ മക്കെന്നയാണ് സംഭവവിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവച്ചത്.

മൂന്ന് നായ്ക്കൾ അഴിച്ചുവിട്ട നിലയിൽ പാർക്കിലെത്തിയതോടെ അവിടെയുണ്ടായിരുന്ന കുട്ടികളോട് പുറത്തുപോകാൻ സമീപത്തെ യുവജനകേന്ദ്രത്തിലെ ജീവനക്കാർ നിർദേശിച്ചു. തുടർന്ന് മൂന്ന് നായ്ക്കളും മറ്റൊരു യുവതിയെയും അവരുടെ നായ്ക്കളെയും പിന്തുടരുന്നത് കണ്ട് ഫ്രാങ്കി സൈക്കിളിൽ അവിടേക്ക് ഓടിയെത്തുകയായിരുന്നു. ഇതിനിടെയാണ് ഒരു നായ കുട്ടിയുടെ തുടയിൽ കടിച്ചത്. നായ്ക്കളിൽനിന്ന് രക്ഷിക്കാനായി യുവതി കുട്ടിയെ സൈക്കിളിൽനിന്ന് മാറ്റി മരത്തിന് സമീപത്തേക്ക് കൊണ്ടുപോയി. പിന്നാലെ പൊലീസെത്തി പ്രദേശം വളഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥർ തോക്കുകളുമായാണ് എത്തിയതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

മകന്റെ ധീരമായ പ്രവൃത്തിയിൽ അഭിമാനമുണ്ടെന്ന് സാറ പറഞ്ഞു. കുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെങ്കിലും കുറച്ചുകാലത്തേക്ക് പാർക്കിലേക്ക് പോകില്ലെന്നും അവർ വ്യക്തമാക്കി. സംഭവത്തിൽ ഒരു നായയെ പിടിച്ചെടുത്തതായും മറ്റ് രണ്ടെണ്ണത്തെ നായ്ക്കൂടുകളിലേക്ക് മാറ്റിയതായും ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് അറിയിച്ചു. നായ്ക്കളുടെ ഇനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണസ്വഭാവമുള്ള മൃഗത്തെ കൈവശം വച്ചെന്ന സംശയത്തിൽ 31കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.











Leave a Reply