കോട്ടയത്ത് പീഡനശ്രമം എതിർത്ത പതിനഞ്ചു വയസുകാരിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ഞെട്ടൽ മാറാതെ പ്രദേശവാസികൾ. പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചുമൂടിയെന്ന വിവരം ടെലിവിഷനിലൂടെയാണ് അയർക്കുന്നം സ്വദേശികൾ അറിഞ്ഞത്.ഹോളോബ്രിക്സ് കമ്പനിക്കു താഴെ കുറ്റിക്കാടുകൾ നിറഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലരും സംഭവസ്ഥലത്തേയ്ക്ക് പാഞ്ഞെത്തിയപ്പോഴേക്കും ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയിരുന്നു. സ്നേഹബന്ധങ്ങളെ കുറിച്ച് ഫെയ്സ്ബുക്കിൽ വാചാലനായ യുവാവിന്റെ ക്രൂരകൃത്യത്തിൽ നടുങ്ങിയിരിക്കുകയാണ് നാട്. സ്നേഹിച്ചവർക്കും സ്നേഹം നടിച്ചവർക്ക് നന്ദി ദിവസങ്ങൾക്കു മുൻപ് അജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ദിവസങ്ങൾക്കു മുൻപാണ് പതിനഞ്ചു വയസുകാരിയെ കോട്ടയത്തു നിന്ന് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് അന്വഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിർണായക വിവരം ലഭിച്ചു. പെൺകുട്ടിയെ സ്ഥിരമായി ഫോണിൽ വിളിച്ചിരുന്ന മണർകാട് സ്വദേശി അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞത്. അജീഷ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടു പോകുകയായിരുന്നു. ഇയാൾ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടിയെ അജീഷ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ കുഴിയിൽ തള്ളിയ ശേഷം മണ്ണിട്ട് മൂടി. പ്രതിയെ സ്ഥലതെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ മൃതദേഹം കണ്ടെത്തി.
പെൺകുട്ടിയുടെഅച്ഛന്റെ സുഹൃത്താണ് പ്രതി. വീട്ടിലെത്തിപെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചഇയാൾ കുട്ടിയ്ക്ക് സ്വന്തം മൊബൈൽ നമ്പർകൈമാറിയിരുന്നു. പ്രതിക്ക് രണ്ട്ഭാര്യമാരുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ ഒറ്റയ്ക്കാണോകൊലപാതകം നടത്തിയതെന്നും പൊലീസ്അന്വേഷിക്കുന്നുണ്ട്.
പ്രതി അജേഷിനെ പിടികൂടാൻ സഹായിച്ചത് മൊബൈൽ ഫോൺ. പെൺകുട്ടിയെ അജേഷിലേക്ക് അടുപ്പിച്ച മൊബൈൽ ഫോൺ തന്നെയാണ് അരുംകൊലയുടെ തെളിവ് പുറത്തു വിട്ടത്. പെൺകുട്ടി കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോണെടുത്ത് അജേഷിനെ വിളിച്ചെന്നും തുടർന്നു വീട്ടിൽ നിന്നിറങ്ങിപ്പോയെന്നും ബന്ധുക്കൾ മൊഴി നൽകി.
പെൺകുട്ടിയുടെ സഹോദരീ ഭർത്താവും ബന്ധുക്കളും ഇതേ സമയം വീട്ടിലുണ്ടായിരുന്നു. മൊബൈൽ ഫോൺ എടുക്കാതെയാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. തുടർന്നു ഈ ഫോണിലേക്ക് അജേഷ് തിരികെ വിളിച്ചപ്പോൾ സഹോദരീ ഭർത്താവാണ് ഫോൺ എടുത്തത്. തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. പെൺകുട്ടി ഇടയ്ക്ക് പുറത്തു പോകാറുള്ളതിനാൽ വൈകിട്ട് തിരിച്ചെത്തുമെന്നാണ് വീട്ടുകാർ കരുതിയത്. രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തിയിരുന്നു. പൊലീസിൽ പരാതി നൽകുമ്പോൾ മൊബൈൽ ഫോണിലേക്ക് അജേഷിന്റെ വിളി വന്ന വിവരവും ബന്ധുക്കൾ പറഞ്ഞു.
കോൾ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ അജേഷിന്റെ ഒട്ടേറെ കോളുകൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്കു വന്നിരുന്നതായി കണ്ടെത്തി. എസ്ഐ അനൂപ് ജോസിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ അന്വേഷണം നടത്തി അജേഷിനെ കുടുക്കാനായി.
പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നിൽ ഒരു ദിവസം അജേഷ് പിടിച്ചു നിന്നു. തുടർന്നു ക്രൂരമായ കൊലയുടെ വിവരം പറഞ്ഞ അജേഷ് കുഴിച്ചിട്ട സ്ഥലവും കാണിച്ചു കൊടുത്തു. തെളിവ് നശിപ്പിക്കാനായി സിം കാർഡ് കടിച്ചു മുറിച്ചു കളഞ്ഞിരുന്നു. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതാണ് അജേഷ്. ഈ ബന്ധത്തിൽ കുട്ടികളുണ്ട്. രണ്ടാഴ്ച മുൻപ് മറ്റൊരു സ്ത്രീയുമായി അജേഷ് പഞ്ചായത്ത് ഓഫിസിൽ വിവാഹം റജിസ്റ്റർ ചെയ്യാൻ പോയിരുന്നു. ഭാര്യയ്ക്ക് അസുഖമാണെന്നും ചികിൽസയ്ക്കു വേണ്ടി വിവാഹ സർട്ടിഫിക്കറ്റ് വേണമെന്നുമായിരുന്നു ആവശ്യം. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് നൽകിയില്ല.
ഹോളോബ്രിക്സ് നിർമാണ യൂണിറ്റിനോടു ചേർന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ അടക്കം താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു മുറിയിലാണ് ഇയാളും താമസിച്ചിരുന്നത്. തൊഴിലാളികളെല്ലാം ജോലിക്കു പോയിരുന്നതിനാൽ കൊലപാതകം ആരും അറിഞ്ഞില്ല. ഫൊറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. എഎസ്പി രീഷ്മ രമേശൻ, കോട്ടയം ഡിവൈഎസ്പി ആർ.ശ്രീകുമാർ, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എസ്.മധുസൂദനൻ, ഇൗസ്റ്റ് സിഐ ടി.ആർ.ജിജു, പാമ്പാടി സിഐ യു.ശ്രീജിത്ത്, അയർകുന്നം എസ്ഐ അനൂപ് ജോസ്, മണർകാട് എസ്ഐ ആർ.വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം. ആർഡിഒ അനിൽ ഉമ്മന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ ശരീരത്തു നിന്നു കണ്ടെടുത്ത ആഭരണങ്ങൾ പരിശോധനയ്ക്കായി പൊലീസ് ശേഖരിക്കുന്നു. ക്രൂരമായ കൊലപാതകം നടത്തിയിട്ടും സംഭവ സ്ഥലത്ത് പൊലീസ് എത്തിച്ചപ്പോൾ നിസ്സംഗ ഭാവത്തിലായിരുന്നു അജേഷ്. പൊലീസ് ജീപ്പിൽ നിന്നിറക്കി മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടാൻ ആവശ്യപ്പെട്ടു. തിട്ടയുടെ മുകളിലെത്തി മൃതദേഹം കിടക്കുന്ന സ്ഥലം ചൂണ്ടിക്കാട്ടി. തിട്ടയുടെ മുകളിൽ നിന്നു താഴേക്ക് ഇറങ്ങാൻ ബുദ്ധിമുട്ടുള്ളതിനാൽ അരികു വശം വഴി ഇറക്കി മൃതദേഹത്തിനരികിലെത്തിച്ചപ്പോഴും ഭാവഭേദങ്ങളൊന്നും അജേഷിന്റെ മുഖത്തില്ലായിരുന്നു. മൃതദേഹം കുഴിച്ചു പുറത്തെടുക്കുന്നതും അജേഷ് നോക്കി നിന്നു.
Leave a Reply