ഉത്തര്‍പ്രദേശ്: ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് പെണ്‍കുട്ടിയുടെ അമ്മയും അഭിഭാഷകനുമടക്കം മൂന്ന് പേര്‍ മരിച്ചു. ബന്ധുവിനെ സന്ദര്‍ശിച്ച് വരുന്ന വഴി റാബറേലിയില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.പെണ്‍കുട്ടിയുടെ അഭിഭാഷകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ അപകട ശേഷം ഓടിരക്ഷപ്പെട്ടു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എംഎല്‍എ വീട്ടില്‍വെച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. ബിജെപി എംഎല്‍എക്കെതിരെ പീഡന പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകില്ല. തുടര്‍ന്ന് പിതാവും പെണ്‍കുട്ടിയും യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണം വന്നതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.