ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡിലെ ബാറ്റില്‍ ക്യാംപില്‍ പുതുതായി സൈന്യത്തില്‍ പ്രവേശനം ലഭിച്ചു വന്ന കൗമാരക്കാരായ ട്രെയിനികളെ പീഡിപ്പിച്ചതിന് ഇന്‍സ്ട്രക്ടര്‍മാര്‍ക്കെതിരെ കേസ്. 17 പേര്‍ക്കെതിരെയാണ് മോശം പെരുമാറ്റത്തിനും ശാരീരികോപദ്രവം ഏല്‍പ്പിച്ചതിനും കേസെടുത്തത്. സ്‌കോട്ട്‌ലന്‍ഡിലെ കിര്‍ക്കുഡ്‌ബ്രൈറ്റിലെ ബാറ്റില്‍ ക്യാംപില്‍ 17 വയസുള്ള റിക്രൂട്ടുകള്‍ക്കാണ് പീഡനം നേരിടേണ്ടി വന്നത്. പരിശീലര്‍ തങ്ങളെ ഇടിക്കുകയും തൊഴിക്കുകയും ചെയ്‌തെന്നും ബൂട്ട് ഉപയോഗിച്ച് തങ്ങളുടെ തല വെള്ളത്തില്‍ ചവിട്ടിപ്പിടിച്ചെന്നും ചാണകവും ആട്ടിന്‍ കാഷ്ഠവും മുഖത്ത് പൂശുകയും വായില്‍ ഇടുകയും ചെയ്‌തെന്ന് ഇരകളാക്കപ്പെട്ട 6 പേര്‍ പരാതിപ്പെട്ടു.

ആഴ്ചകള്‍ക്കു ശേഷമാണ് ഇവര്‍ പരാതി നല്‍കിയത്. ഇതോടെ മിലിട്ടറി പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് പരിശീലകര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അന്വേഷണത്തിന് 10 ലക്ഷം പൗണ്ട് ചെലവായിട്ടുണ്ട്. കേസില്‍ ഹാരോഗേറ്റ് ആര്‍മി ഫൗണ്ടേഷന്‍ കോളേജിലെ 17 മുന്‍ പരിശീലകര്‍ കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് ആര്‍മി വക്താവ് പറഞ്ഞു. സെപ്റ്റംബര്‍ 21, 22 തിയതികളില്‍ ബുള്‍ഫോര്‍ഡ് കോര്‍ട്ട് മാര്‍ഷല്‍ സെന്ററിലാണ് കോടതി നടപടികള്‍. കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ലെന്നും വക്താവ് പറഞ്ഞു.

എന്നാല്‍ പരിശീലകര്‍ കുറ്റം നിഷേധിച്ചു. കോടതിയില്‍ ഹാജരാകുമെന്നും അവര്‍ അറിയിച്ചു. ഈ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ കമാന്‍ഡറായിരുന്ന കേണല്‍ റിച്ചാര്‍ഡ് കെംപ് പറഞ്ഞത്. ഇങ്ങനെയൊരു സംഭവം മുമ്പ് കേട്ടിട്ടേയില്ലെന്നും അദ്ദേഹം പറഞ്ഞു. പരിശീലനകാലത്ത് ഇത്തരം പീഡനങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.