തിരുവനന്തപുരം വിമാനത്താവളത്തില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അരക്കിലോ തൂക്കം വരുന്ന സ്വര്‍ണക്കുഴലുകളുമായി വിമാനയാത്രക്കാരി പിടിയില്‍. തമിഴ്‌നാട് തൃശിനാപ്പള്ളി സ്വദേശിനിയായ വന്ദന(28)യെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 11.30ന് ക്വാലലംപുരില്‍ നിന്ന് എത്തിയ മലിന്‍ഡോ എയര്‍വേയ്‌സിലെ യാത്രക്കാരിയാണ് ഇവര്‍.

ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 100 ഗ്രാം വീതം തൂക്കം വരുന്ന അഞ്ചു സ്വര്‍ണക്കുഴലുകളും മാലയുടെ ലോക്കറ്റില്‍ ഒട്ടിച്ച നിലയില്‍ രണ്ട് ലോക്കറ്റുകളുമാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് 17 ലക്ഷം രൂപ വിലയുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ഇവര്‍ ആഴ്ചയില്‍ രണ്ടു തവണ മലേഷ്യയില്‍ പോയിവരുന്നത് പാസ്‌പോര്‍ട്ട് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ആദ്യം നിഷേധിച്ചു. താനൊരു വസ്ത്ര വ്യാപാരിയാണെന്നും അവിടെ നിന്നു വസ്ത്രം വാങ്ങാനാണ് ഇടയ്ക്കിടെ മലേഷ്യയില്‍ പോയി വരുന്നതെന്ന് അവര്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വനിതാ ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങിയ ശേഷം ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. റൂമില്‍ നിന്ന് ഇറങ്ങിയോടിയ ഇവരെ വീണ്ടും പിടികൂടി ആശുപത്രിയിലെത്തിച്ച് സ്വര്‍ണം പുറത്തെടുക്കുകയായിരുന്നു.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ കൃഷ്‌ണേന്ദു രാജാമിന്റു, അസി. കമ്മീഷണര്‍ സിമി, സൂപ്രണ്ടുമാരായ ബൈജു, സതീശന്‍, ബിന്ദു, പ്രമോദ്, ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവരാണ് ഇവരെ പിടികൂടി ചോദ്യംചെയ്തത്.