സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും. കാസർകോട്ട് ബെവ്കോ ഔട്ട്ലറ്റുകളും അടയ്ക്കും. മറ്റു ജില്ലകളിൽ കർശന നിയന്ത്രണങ്ങളോടെ ബെവ്കോ ഔട്ട്ലറ്റുകൾ പ്രവർത്തിക്കും. കാസർകോട് ജില്ലയിൽ പൂർണ അടച്ചിടൽ . അവിടെ ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. ഭക്ഷ്യസാധനങ്ങള്‍ വീട്ടിലെത്തിക്കും. പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഭാഗിക നിയന്ത്രണം. ഈ ജില്ലകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.

കണ്ണൂര്‍ – കാസര്‍കോട് ജില്ലാ അതിര്‍ത്തി അടച്ചു. ദേശീയപാതയില്‍ മുള കൊണ്ട് ബാരിക്കേഡ് കെട്ടി. വാഹനങ്ങളെയും ജനങ്ങളെയും കടത്തിവിടുന്നില്ല. ചെറിയ റോഡുകളും അടച്ചു. കൊല്ലം കോട്ടവാസലില്‍ തമിഴ്നാട് പൊലീസ് വാഹനങ്ങള്‍ തടയുന്നു. കാല്‍നടയാത്രക്കാരെയും തടഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് ആബുലന്‍സും പാല്‍, പഴം, പച്ചക്കറി വാഹനങ്ങള്‍ മാത്രം വിടുന്നു. കൊല്ലം തിരുവനന്തപുരം ദേശീയപാതയിലും യാത്രാനിയന്ത്രണം ഏർപ്പെടുത്തി.

കോവിഡ് 19 രോഗം വ്യാപിക്കുന്നതിന്‍റെ തീവ്രത കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ നിര്‍ദേശം പാലിക്കണമെന്ന നിലപാട് കേന്ദ്രം കടുപ്പിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. കേരളം ഇക്കാര്യത്തില്‍ നിലപാട് ഉടന്‍ പ്രഖ്യാപിച്ചേക്കും. സംസ്ഥാനമൊട്ടാകെ അടയ്ക്കണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.