കണ്ണൂർ: സ്പൈനൽ മസ്കുലാർ അട്രോഫിയെന്ന ജനിതക വൈകല്യത്തിന് മരുന്ന് വാങ്ങാൻ വേണ്ടി സഹായം തേടിയ കണ്ണൂർ പഴയങ്ങാടിയിലെ ഒന്നര വയസുകാരൻ മുഹമ്മദിനായി കൈകോർത്ത് കേരളം. ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ ലഭിച്ചുവെന്ന് മുഹമ്മദിന്റെ കുടുംബം അറിയിച്ചു. ഇനി ആരും പണം അയക്കേണ്ടതില്ലെന്നാണ് കുടുംബം അറിയിച്ചത്.

പതിനായിരത്തിലൊരാൾക്ക് മാത്രം വരുന്ന അപൂർവ രോഗമാണ് സ്പൈനൽ മസ്കുലാർ അട്രോഫി. രോഗം ബാധിച്ച് നടക്കാനാവാത്ത സ്ഥിതിയിലാണ് കുഞ്ഞ്. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെ കുഞ്ഞനുജൻ മുഹമ്മദിനും രോഗം സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു കുടുംബം. അപൂർവ രോഗം ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാൻ സോൾജെൻസ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാൻ 18 കോടി രൂപ ചെലവ് വരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ ഈ തുക സമാഹരിക്കാനാവാതെ ദുരിതത്തിലായിരുന്നു കുടുംബം. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വാർത്തയോട് കേരളം ഒറ്റക്കെട്ടായി പ്രതികരിച്ചു. പ്രമുഖരെല്ലാം മുഹമ്മദിന്റെ വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ഫെയ്സ് ബുക്കിലൂടേയും വാട്സാപ്പിലൂടേയും കുഞ്ഞു മുഹമ്മദിന്റെ ജീവൻ നിലനിർത്താൻ കേരളത്തിന്റെ സഹായം വേണമെന്ന വാർത്ത പ്രചരിച്ചതോടെ രണ്ട് ദിവസങ്ങൾക്കുള്ളിലാണ് 18 കോടി രൂപ ഒഴുകിയെത്തിയത്.