യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നും ഒമാന്‍ ഭരണകൂടം രക്ഷപ്പെടുത്തിയ ഫാ.ടോം ഉഴുന്നാലിനെ വത്തിക്കനിലേക്ക് കൊണ്ടുപോയതായി റിപ്പോര്‍ട്ട്. പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് മസ്‌ക്കറ്റില്‍ നിന്ന് അദ്ദേഹത്തെ കൊണ്ടുപോയിരിക്കുന്നത്. വത്തിക്കാനിലേക്കാണോ ഡല്‍ഹിയിലേക്കാണോ കൊണ്ടുപോയതെന്ന് കൃത്യമായി വിവരമില്ല.

ഇന്നു രാവിലെയാണ് ഒമാന്‍ സുല്‍ത്താന്റെ ഇടപെടലോടെ ഫാ.ടോമിനെ മോചിപ്പിച്ചത്. മസ്‌ക്കറ്റില്‍ എത്തിച്ച ഫാ.ടോം അവിടെ നിന്നുള്ള ചിത്രവും പുറത്തുവന്നിരുന്നു. വൈദികന്റെ മോചനത്തിനായി വത്തിക്കാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഒമാന്‍ സുല്‍ത്താന്‍ ഇടപെട്ടതെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമാന്‍ ഭരണകൂടം യെമനീസ് അധികൃതരുമായി ബന്ധപ്പെട്ടാണ് മോചനം സാധ്യമായതെന്നും ഒരു സര്‍ക്കാര്‍ പ്രതിനിധി ടൈംസ് ഓഫ് ഒമാനോട് പ്രതികരിച്ചു.

2016 മാര്‍ച്ച് നാലിനാണ് ഫാ.ടോമിനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് മൂന്നു തവണ ഫാ.ടോമിന്റെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. തന്റെ ആരോഗ്യനില മോശമാണെന്നും മോചനത്തിനായി കേന്ദ്രസര്‍ക്കാരും വത്തിക്കാനും ഇടപെടണമെന്നും ഫാ.ടോം അഭ്യര്‍ത്ഥിച്ചിരുന്നു.