ഇന്ന് ലോക വനിതാ ദിനം അന്ന് തന്നെ നിസ്സഹായ ആയ ഒരമ്മയുടെ നിലവിളി മലയാളികളുടെ നെഞ്ചത്തുതറച്ചിരിക്കുന്നു. സെലിബ്രറ്റിക്കുവേണ്ടി കേരള പോലീസും തമിഴ്‌നാട് പോലീസും മത്സരിച്ച് കേസന്വേഷിച്ചപ്പോള്‍ പാലക്കാട്ട് രണ്ട് മക്കളെ നഷ്ടപ്പെട്ട ഒരമ്മയുടെ സങ്കടമാണിത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളും പീഡനത്തിനിരയായിരുന്നു. തന്റെ മകളെ ബന്ധു പീഡിപ്പിക്കുന്നതു നേരിട്ടു കണ്ടെന്നാണ് പാലക്കാട് ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹോദരിമാരുടെ അമ്മയുടെ വെളിപ്പെടുത്തല്‍. 14 വയസുള്ള മൂത്തമകളെ ബന്ധുവായ യുവാവ് പീഡിപ്പിച്ചത് ഒരുവര്‍ഷം മുമ്പാണെന്നും അമ്മ ഭാഗ്യവതി മാധ്യമങ്ങളോടു പറഞ്ഞു. ഒരിക്കല്‍ ഇതു നേരില്‍കണ്ടതിനെത്തുടര്‍ന്ന് ഇയാളെ താക്കീതു ചെയ്തിരുന്നതായും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മേയില്‍ സ്‌കൂള്‍ അവധി സമയത്തു മകള്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ ചെറിയച്ഛന്റെ മകന്‍ മധു മകളെ നിരന്തരം ഉപദ്രവിച്ചു. കാലിനു പരുക്കേറ്റു വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അച്ഛന്‍ നിരങ്ങിയെത്തിയാണു ഒരിക്കല്‍ മകളെ രക്ഷിച്ചത്. ഇവരുടെ തറവാട്ടു വീട്ടിലാണു മധു താമസിക്കുന്നത്. ബന്ധുവായതിനാല്‍ വീട്ടില്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരുന്നുവെന്നും അതു ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. ഭര്‍ത്താവിനൊപ്പം താന്‍ പണിക്കു പോകുമ്പോള്‍ മധു പലതവണ വീട്ടില്‍ വന്നിരുന്നതായും ഉപദ്രവിച്ചിരുന്നതായും മകള്‍ പറഞ്ഞിട്ടുണ്ട്. താക്കീതു ചെയ്തതിനു പുറമേ തറവാട്ടിലെ അമ്മായിയോടും വിവരം ധരിപ്പിച്ചിരുന്നു. ഇതൊക്കെ മൂത്തമകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടശേഷം പോലീസിനോടും പറഞ്ഞതാണ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ഇതുവരെ കിട്ടിയില്ല. എല്ലാം സ്‌റ്റേഷനില്‍ വന്നാല്‍ തരാമെന്നു മാത്രമാണ് പോലീസുകാര്‍ പറഞ്ഞത്. മൂത്തമ കള്‍ മരിച്ച ദിവസം മധു വീട്ടില്‍വന്നു പോയെന്നാണ് അറിഞ്ഞെന്നും അമ്മ വ്യക്തമാക്കി. അന്ന് രണ്ടുപേര്‍ മുഖം മറച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നതു കണ്ടിരുന്നതായി ശനിയാഴ്ച മരിച്ച ഇളയമകള്‍ പോലീസിനോട് പറഞ്ഞതാണ്. മധുവിനെക്കുറിച്ചും അന്വേഷണമുണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു അന്നുണ്ടായ മകളുടെ മരണത്തില്‍ പോലീസ് അല്‍പമെങ്കിലും ഇടപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയെങ്കിലും മരിക്കില്ലായിരുന്നുവെന്നാണ് നിറകണ്ണുകളോടെ അമ്മ ഓര്‍ക്കുന്നത്.