കോട്ടയം കഞ്ഞിക്കുഴിയിൽ നടൻ ധർമജന്‍റെ ഉടമസ്ഥതയിൽ ഉള്ള ധർമൂസ് ഹബ്ബിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ ഇവിടെ നിന്നും 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. പിടിച്ചെടുത്ത പഴകിയ മീൻ നശിപ്പിച്ച ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

അതേസമയം ‘നല്ല ഭക്ഷണം നാടിന്‍റെ അവകാശം’ എന്ന കാമ്പയിന്‍റെ ഭാഗമായി ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് വൈകിട്ട് അറിയിച്ചു. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കും. ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഉപയോഗിച്ച പഴകിയ എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. പഴകിയ എണ്ണ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തും. ടി പി സി മോണിറ്ററിലൂടെ ഇത് വളരെ വേഗം കണ്ടെത്താന്‍ സാധിക്കുന്നതാണ്. വിപണിയില്‍ വില്‍ക്കുന്ന എണ്ണയില്‍ മായം കണ്ടെത്തുന്നതിനും പരിശോധനകള്‍ ശക്തമാക്കും. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകള്‍ വില്‍ക്കാനോ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കാനോ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 25 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 4290 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 331 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1417 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 412 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 429 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 5029 പരിശോനകളാണ് നടത്തിയത്. ഇതുവരെ 7229 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. 114 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 936 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 181 സാമ്പിളുകള്‍ ശേഖരിച്ചു. 11 പേര്‍ക്ക് നോട്ടീസ് നല്‍കി. ആകെ 1205 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 9 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 160 കടകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.