മലപ്പുറം തിരൂരില്‍ ചീറ്റിങ് കേസില്‍ സ്വാധീനം ചെലുത്താന്‍ ഒരു ഫോണ്‍ കോള്‍ കിട്ടി പൊലീസിന്. ‘‘ജമ്മു കശ്മീര്‍ േകഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കുപ്്വാര പൊലീസ് സൂപ്രണ്ട്. തനിക്കു വേണ്ടപ്പെട്ട ഒരാളാണ് ചീറ്റിങ് കേസിലെ പ്രതി. ഒഴിവാക്കണം’’… ഇതുകേട്ട പൊലീസ് ഉദ്യോഗസ്ഥന് സംശയം. വെറുമൊരു ചീറ്റിങ് കേസിലെ പ്രതിയ്ക്കു വേണ്ടി അങ്ങ്, ജമ്മു കശ്മീര്‍ കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിളിക്കേണ്ടതുണ്ടോ. ഐ.പി.എസുകാരന്റെ വീട് ഗുരുവായൂര്‍ മമ്മിയൂരിലാണെന്നാണ് പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥന്‍ സംശയം തീര്‍ക്കാന്‍ ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടറെ ബന്ധപ്പെട്ടു. ഇങ്ങനെയൊരു ഐ.പി.എസുകാര്‍ ഉണ്ടോയെന്ന് അറിയാന്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണം തുടങ്ങി.

മമ്മിയൂരിലെ വാടക ഫ്ളാറ്റിലായിരുന്നു ഐ.പി.എസുകാരന്‍റെ താമസം. കൂട്ടിന് അമ്മ മാത്രം. വിപിന്‍ കാര്‍ത്തിക് എന്നാണ് പേര്. അമ്മയാകട്ടെ പബ്ലിക് റിലേഷന്‍സ് ഓഫിസറായി ജോലി ചെയ്യുന്നു. ജമ്മു കശ്മീര്‍ കേഡറില്‍ ഇങ്ങനെയൊരു മലയാളി ഉദ്യോഗസ്ഥനുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു. വിപിന്‍ കാര്‍ത്തിക് എന്ന പേരില്‍ ഒരു ഉദ്യോഗസ്ഥനുമില്ല. കുപ്്വാരയില്‍ അങ്ങനെയൊരു എസ്.പിയുമില്ല. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടു. കൂടുതല്‍ അന്വേഷിച്ചു. തലശേരിക്കാരനാണ് വിപിന്‍ കാര്‍ത്തിക്. അമ്മ ശ്യാമള വേണുഗോപാല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ പ്യൂണ്‍ ആയിരുന്നു. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന്‍റെ പേരില്‍ ജോലി നഷ്ടപ്പെട്ടു. മകനാകട്ടെ ഐ.ടി. പഠനം പാതിവഴിയില്‍ നിര്‍ത്തി. പിന്നെ, ഹോട്ടല്‍ മാനേജ്മെന്‍റ് പഠിച്ചു. ഇതിനിടെയാണ്, പെട്ടെന്നു കാശുണ്ടാക്കാന്‍ ഐ.പി.എസുകാരന്‍റെ വേഷമണിഞ്ഞ് കേരളത്തില്‍ അങ്ങോളമിങ്ങോളം തട്ടിപ്പു നടത്തി.

ബാങ്കുകളില്‍ നിന്ന് വാഹന വായ്പയെടുക്കും. ഇതിനായി നല്‍കുന്നത് വന്‍തുക ബാലന്‍സുള്ള വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്. ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് കാണുന്ന ഏതു ബാങ്ക് ഉദ്യോഗസ്ഥനും എത്ര തുക വേണമെങ്കിലും കാര്‍ വായ്പ നല്‍കും. വാടക ഫ്ളാറ്റിന്‍റെ വിലാസം നല്‍കും. കാര്‍ വാങ്ങി അധികം വൈകാതെ മറിച്ചുവില്‍ക്കും. വായ്പ തിരിച്ചടച്ചതായി വ്യാജ ബാങ്ക് രേഖ നിര്‍മിക്കും. ഇതാണ് ആര്‍.ടി. ഓഫിസില്‍ നല്‍കുന്നത്. ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ് ആര്‍.ടി. ഓഫിസില്‍ നിന്ന് വാങ്ങിയാണ് കാറുകള്‍ മറിച്ചുവില്‍ക്കുന്നത്. ഗുരുവായൂരില്‍ അഞ്ചു ബാങ്കുകളില്‍ നിന്നായി പതിനൊന്നു കാറുകള്‍ വാങ്ങി. അതും രണ്ടു വര്‍ഷത്തിനിടെ. തിരിച്ചടവ് മുടക്കിയില്ല. എന്നാല്‍, വടക്കന്‍ കേരളത്തിലെ നിരവധി ബാങ്കുകളില്‍ സമാനമായ തട്ടിപ്പു നടത്തിയതിന് കേസുകളുമുണ്ട്.

രണ്ടു കാറുകള്‍ക്ക് വായ്പ നല്‍കിയ ശേഷം ബാങ്ക് മാനേജരായ സ്ത്രീയും വിപിനും അമ്മയുമായി നല്ല അടുപ്പത്തിലായി. വിപിന്‍ അര്‍ബുദ രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ചികില്‍സയ്ക്കു പണമില്ലെന്ന് വിശ്വസിപ്പിച്ചു. 97 പവനും 25 ലക്ഷം രൂപയും പലപ്പോഴായി ഇവരെ പറ്റിച്ചു കൈക്കലാക്കി. ഇതിനും പരാതിയുണ്ട്. അമ്മയും മകനും ഒന്നിച്ചായിരുന്നു തട്ടിപ്പിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നാല്‍ കൂടുതല്‍ തട്ടിപ്പുക്കഥകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.