ലോക ബാഡ്മിന്റനിലെ സൂപ്പർ താരമായ ലിൻ ഡാനെ കീഴടക്കി മലയാളി താരം

ലോക ബാഡ്മിന്റനിലെ സൂപ്പർ താരമായ ലിൻ ഡാനെ കീഴടക്കി മലയാളി താരം
August 21 03:17 2019 Print This Article

ബേസൽ (സ്വിറ്റ്സർലൻഡ്) ∙ എച്ച്.എസ് പ്രണോയ് എന്ന മലയാളി, മൂന്നാം വട്ടവും ചൈനീസ് വൻമതിൽ ചാടിക്കടന്നിരിക്കുന്നു! ലോക ബാഡ്മിന്റനിലെ സൂപ്പർ താരമായ ചൈനീസ് താരം ലിൻ ഡാനെ കീഴടക്കി പ്രണോയ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ കടന്നു. ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ട പോരാട്ടത്തിൽ 21–11, 13–21, 21–7 ന് ആണ് പ്രണോയിയുടെ ജയം.

ലിൻ‍ ഡാനെതിരെ അഞ്ചു മത്സരങ്ങളിൽ പ്രണോയിയുടെ മൂന്നാം ജയമാണിത്. ലിൻ ഡാനെതിരെ പരസ്പര പോരാട്ടങ്ങളിൽ മുൻ‌തൂക്കമുള്ള രണ്ട് ഇന്ത്യൻ താരങ്ങളിൽ ഒരാളായി ഇതോടെ പ്രണോയ്.

പ്രണോയിയുടെ പരിശീലകനും ഓൾ ഇംഗ്ലണ്ട് ഓപ്പൺ മുൻ ചാംപ്യനുമായ പുല്ലേല ഗോപീചന്ദാണ് ആദ്യത്തെയാൾ. ലിൻ ഡാനെതിരെ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണമാണ് ഗോപീചന്ദ് ജയിച്ചത്.

ഇന്ത്യൻ താരങ്ങളിൽ ബി. സായ്പ്രണീതും ഇന്നലെ ജയിച്ചു പ്രീ–ക്വാർട്ടറിലെത്തി. ദക്ഷിണ കൊറിയയുടെ ഡോങ് ക്യീൻ ലീയെയാണ് പ്രണീത് തോൽപിച്ചത് (21–16,21–15). സമീർ വർമ സിംഗപ്പുരിന്റെ ലോ കീൻ യൂവിനോടു തോറ്റു പുറത്തായി (21–15, 15–21,10–21). വനിതാ ഡബിൾസിൽ അശ്വിനി പൊന്നപ്പ–സിക്കി റെഡ്ഡി സഖ്യം വാക്കോവർ കിട്ടി മൂന്നാം റൗണ്ടിലെത്തി.

പതിനൊന്നാം സീഡ് ലിൻ ഡാനെതിരെ ഒട്ടും പകപ്പില്ലാതെയാണ് തുടക്കം മുതൽ പ്രണോയ് കളിച്ചത്. ആദ്യ ഗെയിമിൽ 2–2 എന്ന നിലയിൽ ഒപ്പം നിന്ന ശേഷം പ്രണോയ് കുതിച്ചു കയറി. 10–5നു മുന്നിലെത്തിയ പ്രണോയ് പിന്നീട് 19–11ന് ലീഡുയർത്തി.

പതിവു പോലെ അടുത്ത ഗെയിമിൽ ലിൻ ഡാൻ തന്റെ പതിവുരൂപം പുറത്തെടുത്തു. 5–5 വരെ പ്രണോയ് ഒപ്പം നിന്നെങ്കിലും പിന്നീട് ഇന്ത്യൻ താരത്തെ പിന്നിലാക്കി ലിൻ ഡാൻ ഗെയിം നേടി. നിർണായകമായ മൂന്നാം ഗെയിം ആവേശകരമാകുമെന്നു കരുതിയെങ്കിലും ഡാനെ പ്രണോയ് നിഷ്പ്രഭനാക്കി

. 4–4നു ഒപ്പം നിന്നശേഷം പ്രണോയിയുടെ കുതിപ്പിൽ ലിൻ ഡാൻ വീണു. പ്രണോയ് പിന്നീട് 17 പോയിന്റുകൾ നേടിയപ്പോൾ ലിൻ ഡാന് നേടാനായത് മൂന്നു പോയിന്റ് മാത്രം. 21–7ന് ഗെയിമും മത്സരവും പ്രണോയ്ക്കു സ്വന്തം. ഒന്നാം സീഡ് ജപ്പാന്റെ കെന്റോ മൊമോറ്റയാണ് മൂന്നാം റൗണ്ടിൽ പ്രണോയിയുടെ എതിരാളി.

ഗോപീചന്ദിനു ശേഷം, 2014 ചൈന ഓപ്പൺ ഫൈനലിൽ ലിൻ ഡാനെ കീഴടക്കിയ കെ.ശ്രീകാന്താണ് ലിൻ ഡാനെ വീഴ്ത്തിയ ആദ്യ ഇന്ത്യൻ താരം. എന്നാൽ പ്രണോയിയാണ് അതൊരു ശീലമായെടുത്തത്. അഞ്ചു തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ജയം. 2015 ഫ്രഞ്ച് ഓപ്പണിലും 2018 ഇന്തൊനീഷ്യ ഓപ്പണിലുമാണ് പ്രണോയ് ഇതിനു മുൻപ് ലിൻ ‍ഡാനെ തോൽപിച്ചത്.

ഒളിംപിക്, ലോക ചാംപ്യൻഷിപ്പ് സ്വർണവും ഓൾ ഇംഗ്ലണ്ട് ഓപ്പണും മറ്റു സൂപ്പർ സിരീസ് കിരീടങ്ങളും പോലെ ലോക ബാഡ്മിന്റനിൽ കളിക്കാരുടെ മികവിന്റെ മാനദണ്ഡങ്ങളിൽ ഒന്നായി മറ്റൊന്നു കൂടിയുണ്ട്– ലിൻ ഡാനെ തോൽപ്പിക്കുക!

ലോക ബാഡ്മിന്റനിലെ സകല കിരീടങ്ങളും നേടിയ തന്റെ പ്രതാപകാലത്തേതു പോലെ കരുത്തനല്ല ലിൻ ഡാൻ ഇപ്പോൾ. എങ്കിലും അദ്ദേഹത്തെ തോൽപിക്കുക എന്നത് ഇപ്പോഴും ലോക ബാഡ്മിന്റനിലെ വലിയ സംഭവമാണ്. ഒരു വട്ടമല്ല, മൂന്നു വട്ടമാണ് പ്രണോയ് അതു സാധിച്ചത്.

ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർക്കുള്ളതു പോലെ പ്രഭാവമാണ് ബാഡ്‌മിന്റനിൽ ലിൻ ഡാനുള്ളത്. രണ്ട് ഒളിംപിക് സ്വർണം, അഞ്ച് ലോക ചാംപ്യൻഷിപ്പ് സ്വർണം, ആറ് ഓൾ ഇംഗ്ലണ്ട് ഓപ്പൺ, രണ്ട് ലോകകപ്പ്, അഞ്ച് ഏഷ്യൻ ഗെയിംസ്, നാല് ഏഷ്യൻ ചാംപ്യൻഷിപ്പ്..

28 വയസ്സിനുള്ളിൽ തന്നെ ലോക ബാഡ്മിന്റനിലെ ഒൻപതു കിരീടങ്ങളും നേടിയ ‘സൂപ്പർ സ്ലാം’ നേട്ടവും ലിൻ ഡാനു മാത്രം സ്വന്തം. 2017ൽ മലേഷ്യൻ ഓപ്പൺ നേടിയതോടെ അതുല്യമായ മറ്റൊരു നേട്ടവും ലിൻ ഡാനെ തേടിയെത്തി– ലോക ബാഡ്മിന്റനിലെ സകല മേജർ കിരീടങ്ങളും നേടിയ ഒരേയൊരു താരം!

2008, 2012 ലണ്ടൻ ഒളിംപിക്സുകളിൽ തന്റെ ചിരകാല വൈരിയായ മലേഷ്യയുടെ ലീ ചോങ് വെയെ കീഴടക്കി ഒളിംപിക് സ്വർണം നേടിയ കാലമായിരുന്നു ലിൻ ഡാന്റെ സുവർണകാലം. അതിനു ശേഷം ചെൻ ലോങ് അടക്കമുള്ള ചൈനീസ് താരങ്ങളും വിക്ടർ അക്സെൽസൻ, കെന്റോ മൊമോറ്റ ഉൾപ്പെടെയുള്ള ചൈനീസ് ഇതര താരങ്ങളും ലിൻ ഡാന്റെ മേൽക്കോയ്മയെ വെല്ലുവിളിച്ചു തുടങ്ങി.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles