വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നത് 21 വിമാനങ്ങൾ. 3420 പ്രവാസികളാണ് ഇന്ന് നാട്ടിലെത്തുക. ഇന്നലെ 21 വിമാനങ്ങളിലായി 4060 പ്രവാസികള്‍ കൊച്ചിയിലെത്തിയിരുന്നു. ഗള്‍ഫ് രാജ്യങ്ങൾക്ക് പുറമെ ലണ്ടൻ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
എല്ലാവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയിൽ നിന്ന് പ്രതിഷേധത്തെ തുടർന്ന് സർക്കാർ പിന്നോട്ട് പോയ പശ്ചാത്തലത്തിൽ, നാട്ടിലേക്കുള്ള പ്രവാസികളുടെ മടക്കത്തിലെ നിബന്ധനകൾ ഇന്ന് മുതൽ നിലവിൽ വരും.
യാത്രാ സമയത്തിന് 72 മണിക്കൂറിനകം ആയിരിക്കണം പരിശോധന നടത്തിയിരിക്കേണ്ടത്. ടെസ്റ്റ് റിപ്പോര്‍ട്ടിന്റെ സാധുത 72 മണിക്കൂര്‍ ആയിരിക്കും. എല്ലാ യാത്രക്കാരും കോവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വിവരം നല്‍കണം. എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്‌ക്രീനിങ്ങിന് വിധേയമാകണം. രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.
വിദേശത്ത് ടെസ്റ്റ് നടത്താത്തവര്‍ രോഗ ലക്ഷണമില്ലെങ്കില്‍ കൂടി ഇവിടെ വിമാനത്താവളത്തിലെത്തുമ്പോള്‍ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റിന് വിധേയരാകണം. ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നവര്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ജീന്‍ എക്‌സ്പ്രസ് അതുമല്ലെങ്കില്‍ ട്രൂനാറ്റ് പരിശോധനയ്ക്ക് വിധേയരാകണം. ടെസ്റ്റ് റിസല്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് പോലെ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം.
എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കൈയുറ, എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണം.
ഖത്തറില്‍ നിന്ന് വരുന്നവര്‍ ആ രാജ്യത്തിന്റെ എത്രാസ് എന്ന മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവര്‍ ആയിരിക്കണം.ഇവിടെയെത്തുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയരാകണം. യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാരണം, രാജ്യത്തിന് പുറത്തേക്ക് വിമാനമാര്‍ഗം പോകുന്ന മുഴുവന്‍ പേരേയും യുഎഇ ആന്റി ബോഡി പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ഒമാന്‍, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ്
ഷീല്‍ഡ്, കൈയുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം. അതോടൊപ്പം സാനിറ്റൈസര്‍ കൈയില്‍ കരുതുകയും വേണം. സൗദി അറേബ്യയില്‍ നിന്നും വരുന്നവര്‍ എന്‍95 മാസ്‌കും ഫെയ്‌സ് ഷീല്‍ഡും കൈയുറയും ധരിച്ചാല്‍ മാത്രം പോര അവര്‍ക്ക് പിപിഇ കിറ്റ് ധരിച്ചിരിക്കണം.
കുവൈറ്റില്‍ നിന്ന് ടെസ്റ്റ് ചെയ്യാതെ ആരെങ്കിലും വരുന്നുണ്ടെങ്കില്‍ അവര്‍ പിപിഇ കിറ്റ് ധരിച്ചിരിക്കണം. വിമാനത്താവളത്തില്‍ എത്തിയാല്‍ ഇരുരാജ്യങ്ങളിലുള്ളവരും കോവിഡ് ടെസ്റ്റിന് വിധേയരാകണം. ആരോഗ്യ വിഭാഗം അനുവദിച്ച ശേഷമേ അവര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് പോകാന്‍ പാടുള്ളൂ.
യാത്രക്കാര്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍, കൈയുറ, മാസ്‌ക്, ഇവയെല്ലാം വിമാനത്താവളത്തില്‍ വച്ചു തന്നെ സുരക്ഷിതമായി നീക്കുന്നതിനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കും. വിമാനത്താവളങ്ങളില്‍ ടെസ്റ്റിനുള്ള സൗകര്യമൊരുക്കും. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം, പകര്‍ച്ച വ്യാധി തടയല്‍ നിയമം എന്നിവ പ്രകാരം നടപടിയെടുക്കും. ഈ കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തേയും എംബസികളേയും അറിയിക്കും.
ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് സംസ്ഥാനം എന്‍ഒസി നല്‍കുന്നുണ്ട്. എന്നാല്‍ അപേക്ഷയില്‍ നിശ്ചിത വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ എംബസികള്‍ അവ നിരസിക്കുന്നുണ്ട്. അതിനാല്‍ അപേക്ഷിക്കുമ്പോള്‍ വിവരങ്ങള്‍ നല്‍കണം.
സമ്മതപത്രത്തിനുള്ള അപേക്ഷകള്‍ കുറഞ്ഞത് ഏഴുദിവസം മുമ്പ് നോര്‍ക്കയില്‍ ലഭിക്കണം. യാത്ര ഉദ്ദേശിക്കുന്ന തീയതി, വിമാനങ്ങളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനത്താവളങ്ങള്‍, വിമാനക്കൂലി ഈടാക്കിയാണോ യാത്രക്കാരെ കൊണ്ടുവരുന്നത്, അങ്ങനെയെങ്കില്‍ നിരക്ക്, യാത്ര തിരിക്കുംമുമ്പ് കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ടോ. ഇത്രയും കാര്യങ്ങളാണ് ആദ്യം അറിയിക്കേണ്ടത്. വിശദാംശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.
Leave a Reply