തായ് പേയ്: തായ് വാനിലെ പ്രശസ്ത ഹൈക്കറും ബിക്കിനി ക്ലൈന്പര്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രശസ്തയുമായ ഗിഗി ലൂലിന് പര്‍വ്വതാരോഹണത്തിനിടെ ദാരുണാന്ത്യം. തായ് വാനിലെ യുഷാന്‍ നാഷണല്‍ പാര്‍ക്കിലെ പര്‍വ്വത നിരകളിലേക്കുളള ഏകാന്ത ട്രക്കിങ്ങിനിടെ കാല്‍തെന്നി വി‍ഴുകയായിരുന്നു. 65 അടി താ‍ഴ്ചയുളള മലയിടുക്കിലേക്ക് വീണ ഗിഗി മരണപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞെട്ടലോടെയാണ് ഗിഗിയുടെ മരണവാര്‍ത്ത സോഷ്യല്‍മീഡിയ അടക്കം സ്ഥിരീകരിച്ചത്.

താന്‍ കീ‍ഴടക്കുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം ബിക്കിനി സെല്‍ഫികള്‍ എടുത്ത് കുറിപ്പുകള്‍ ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് ഗിഗി താരമായത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഈ 36കാരിയെ പിന്തുടരുന്ന വലിയൊരു വിഭാഗം ആരാധകവൃന്ദം തന്നെയുണ്ട്. നാല് കൊല്ലത്തിനിടെ നൂറോളം മലമുനന്പുകളില്‍ കയറിയതായി ഫാഷന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗിഗി പറഞ്ഞിരുന്നു. സാഹസികത ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ബിക്കിനി സെല്‍ഫികള്‍ക്കായി ഒറ്റയ്ക്ക് പര്‍വ്വതാരോഹണം നടത്തുന്നത് എന്നായിരുന്നു ഗിഗിയുടെ അഭിപ്രായം.

Image result for gigu-wu-36-plunged-65ft-into-a-ravine- accident image

25 ദിവസത്തിനിടെയുളള ഒറ്റയ്ക്കുളള ട്രക്കിങ്ങിനിടെയാണ് ഗിഗിക്ക് അപകടം സംഭവിച്ചത്. വീ‍ഴ്ചയില്‍ കാലിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ അനങ്ങാന്‍ ക‍ഴിയാത്ത സ്ഥിതിയിലാണെന്ന് ഗിഗി ഫോണിലൂടെ രക്ഷാപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമായി. മൂന്നു തവണ ഹെലികോപ്റ്റര്‍ ശ്രമം നടത്തിയെങ്കിലും ഗിഗിയുടെ അടുത്തെത്താന്‍ ക‍ഴിഞ്ഞില്ല. ഒടുവില്‍ 28 മണിക്കൂറുകള്‍ക്ക് ശേഷമാണ് എയര്‍ ലിഫ്റ്റ് വ‍ഴി മലയിടുക്കില്‍ നിന്നും ഗിഗിയെ ഉയര്‍ത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊടുംതണുപ്പില്‍ ശരീരത്തിലെ ചൂട് ക്രമാതീതമായി നഷ്ടപ്പെടുന്ന ഹൈപോതെര്‍മിയ മൂലമാണ് ഗിഗി മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗിഗിയുടെ ഫെയ്സ്ബുക്ക് പേജില്‍ ലോകമെ്പാടുമുളള ആരാധകരുടെ അനുശോചനപ്രവാഹമാണ്.