നീണ്ട മൂന്നുമാസത്തെ കാത്തിരിപ്പുകൾക്കൊടുവിൽ വീണ്ടും നഴ്സുമാർ യുകെയിൽ എത്തിയിരിക്കുന്നു. കേരളത്തിൽ നിന്നുള്ള 23 പേർ അടങ്ങിയ നഴ്സുമാരുടെ സംഘമാണ് ഇന്നലെ വൈകുന്നേരം യുകെയിൽ വിമാനമിറങ്ങിയത്. കോവിഡിന്റെ സാഹചര്യത്തിൽ നിർത്തി വെച്ചിരുന്ന യുകെ റിക്രൂട്ട്മെന്റുകൾ വീണ്ടും തുടങ്ങിയിരിക്കുന്നു എന്നുള്ള ആശ്വാസ വാർത്തകൾ ആണ് ഈ കോവിഡ് സാഹചര്യത്തിലും നമ്മുടെ മാലാഖമാർക്ക് അല്പം സന്തോഷത്തിന് വക നൽകുന്നത്.

കോവിഡ് ലോക്ക്ഡൗൺ കാരണം മാർച്ച്‌ 22 ന് ഇന്ത്യയിൽ നിന്നുള്ള ഫ്ലൈറ്റ് സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യുകെ റിക്രൂട്ട്മെന്റുകൾ താത്കാലികമായി നിർത്തലാക്കിയിരുന്നു. ഇത് നൂറു കണക്കിന് വിസ അടിച്ച നഴ്‌സുമാർക്കും അവരുടെ കുടുംബങ്ങൾക്കും ഒരു വിലങ്ങു തടി ആയി മാറുകയായിരുന്നു. ഇതേ തുടർന്ന് എല്ലാ നഴ്‌സുമാരുടെയും ഒരു മാസത്തിനുള്ളിൽ യുകെയിൽ എത്തുവാൻ ലഭിച്ചിരുന്ന വിസയുടെ കാലാവധി കഴിഞ്ഞത് കാര്യങ്ങൾ വീണ്ടും വഷളാക്കി. കേരളത്തിനു പുറത്തും പല വിദേശ രാജ്യങ്ങളിലും ജോലി ചെയ്തിരുന്ന പല നേഴ്‌സുമാരും യുകെയിൽ പോകുന്നതിനു മുന്നോടിയായി നാട്ടിലെത്തിയിരുന്നു എന്നാൽ കോവിഡിന്റെ സാഹചര്യത്തിൽ എന്ത് ചെയ്യണം എന്നറിയാതെ വിഷമിച്ചിരിക്കുന്നവരാണ് നല്ലൊരു ശതമാനം നഴ്സുമാരും.

കേരളത്തിലെ യുകെ വിസ ഓഫീസുകൾ ഈ ആഴ്ച തുറന്നിരുന്നെങ്കിലും കേരളത്തിലെയും ഇന്ത്യയിലെയും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും എന്നാൽ യുകെയിലെ കോവിഡ് രോഗികളുടെ എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുകെ നിയന്ത്രണം ഏർപ്പെടുത്തും എന്ന രീതിയിലുള്ള ചില പ്രചാരണങ്ങൾ നഴ്സുമാരെ വളരെയധികം ആശങ്കയിലാക്കിയിരുന്നു. യുകെ റിക്രൂട്ട്മെന്റുകൾ ഇനി എന്ന് പുനരാരംഭിക്കുവാൻ സാധിക്കുമെന്ന് അറിയാതെ ആശങ്കയിൽ നിന്നിരുന്ന സാഹചര്യത്തിലാണ് ആശ്വാസകമായ ഈ വാർത്ത വരുന്നത്.

ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഇപ്പോഴും പുനരാരംഭിച്ചിട്ടില്ലായെങ്കിലും വന്ദേ ഭാരത് ദൗത്യത്തിന്‍റെ ഭാഗമായി യുകെയിലേക്കുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളിലായിട്ടാണ് നഴ്സുമാർ യുകെയിൽ ഇന്നലെ എത്തിയത്. തിരുവനന്തപുരം, കൊച്ചി എയർപോർട്ടിൽ നിന്ന് ഡൽഹിയിലും അവിടെ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ലണ്ടൻ ഹീത്രോ എയർപോർട്ടിൽ ഇന്നലെ വൈകുന്നേരം 7 മണിയോടെ നഴ്സുമാർ വിമാനമിറങ്ങി.

ഷെഫീൽഡ് ടീച്ചിങ് ഹോസ്പിറ്റൽ , റോതെർഹാം ജനറൽ ഹോസ്പിറ്റൽ എന്നീ ഹോസ്പിറ്റലുകളിലാണ് ഈ നഴ്സുമാർ ജോലി ആരംഭിക്കുന്നത്. യുകെ ഗവൺമെന്റിൻ്റെ പുതിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് യുകെയിൽ എത്തുന്ന എല്ലാവരും പതിനാലുദിവസം ക്വാറന്‍റൈന്‍ ചെയ്യണം എന്നുള്ള കർശന നിയമം ഉള്ളതിനാൽ , അതിനു ശേഷം മാത്രം ആയിരിക്കും അവർ ജോലി ആരംഭിക്കുന്നത്. യുകെയിൽ ജോലിക്കായി കാത്തിരുന്ന ആയിരകണക്കിന് നഴ്സുമാർക്ക് ഈ കോവിഡ് കാലത്ത് പ്രതീക്ഷയേകുന്ന ഒരു വാർത്തകൂടിയാണിത്.