സ്‌കൂളില്‍ പോകും വഴി പന്ത്രണ്ട് വയസുകാരിയെ ബൈക്കില്‍ കടത്തിക്കൊണ്ടു പോയി ലൈംഗികമായി അതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കല്‍ കുഴിക്കാട് പുത്തന്‍ വീട്ടില്‍ എം.എസ് അനസ് (23) ആണ് പിടിയിലായത്.

ഫോണിലൂടെ കുട്ടിയെ പരിചയപ്പെട്ട അനസ് ഇന്‍സ്റ്റാഗ്രാം വഴി സ്വന്തം നഗ്നചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും അയച്ചു നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ സ്‌കൂളിലേക്ക് പോകുന്ന വഴി ബൈക്കില്‍ നിര്‍ബന്ധിച്ച്‌ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.

സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടിയെ കയറ്റിക്കൊണ്ടു പോയത്. കായംകുളത്തേക്കാണ് പ്രതി കുട്ടിയെ കൊണ്ടുപോയത്, യാത്രയ്ക്കിടയില്‍ ലൈംഗിക അതിക്രമം കാട്ടി. കായംകുളം ലേക്പാലസിലെത്തിച്ച്‌ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാട്ടി മാതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വേഗത്തിലാക്കിയ അന്വേഷണത്തില്‍ ഉടനടി കുട്ടിയെ പോലീസ് കണ്ടെത്തി. കുട്ടിയുടെ മൊഴിയനുസരിച്ച്‌ യുവാവിനെ പ്രതിയാക്കി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കായംകുളം പോലീസിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്.

പ്രതി ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പോലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എസ്.ഐ. വിമല്‍ രംഗനാഥ്, എസ്.സി.പി.ഓമാരായ കെ.ബി ബിജു, ഷംനാദ്, സന്ധ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.