ചെലവ് ഏറിയ കൊവിഡ് പരിശോധനകൾക്ക് ഇനി വിട. കുറഞ്ഞ ചെലവിൽ കൊറോണ വൈറസ് പരിശോധന നടത്താവുന്ന സംവിധാനം ഇന്ത്യൻ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഒരു മണിക്കൂറിൽ താഴെ സമയം മാത്രമേ ഈ പരിശോധനയ്ക്ക് ആവശ്യമുള്ളൂ.

സിഎസ്‌ഐആറിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞരാണ് പുതിയ സംവിധാനം വികസിപ്പിച്ചത്. ഇതിഹാസ ചലച്ചിത്രകാരൻ സത്യജിത് റേയുടെ കഥകളിലെ ഡിറ്റക്ടീവ് കഥാപാത്രമായ ‘ഫെലൂദ’യുടെ പേരിലാണ് ഇത് അറിയപ്പെടുക.

ദേബ്‌ജ്യോദി ചക്രവർത്തിയും സൗവിക് മൗതിയും ചേർന്നാണ് രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്ന സംവിധാനം വികസിപ്പിച്ചതെന്ന് ഐജിഐബി ഡയറക്ടർ അനുരാഗ് അഗർവാൾ പറഞ്ഞു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പാണ് സിഎസ്‌ഐആർ.